Monday, 3 October 2016

കോടതി വിധികൾ

ദൈവം  എന്ന പൊരുളിൽ തട്ടി ഭ്രമിക്കുന്ന കോടതി വിധികൾ

****************

     " ദൈവം"  എന്നത്  ആകാശസംബന്ധിയായൊരു   വിശേഷണപദമാണ്.     ദ്യോവിനെ സംബന്ധിക്കുന്ന  പ്രകാശമാനതയ്ക്കാണ്  ഇവിടെ  പ്രാധാന്യം.  പ്രകാശൽമതയുടെ  ആകെ തുകയാണ് "ദൈവം"  എന്ന പദം  കൊണ്ടു  വിവക്ഷിക്കുന്നത്.  ഈശ്വരൻ  അഥവാ  ഈശൻ  എന്നുള്ളത് ദൈവശബ്‌ദത്തിൻറെ  പര്യായമാണ്.  ഈശനം ചെയ്യുന്നവൻ  അഥവാ  ഭരിക്കുന്നവൻ  എന്ന  അർത്ഥത്തിലാണ്  ദൈവത്തെ  ഈശ്വരൻ എന്നു  വിളിക്കുന്നത്.  ജീവിതമൂല്യങ്ങളെ  പ്രകാശവത്തായി  നിലനിർത്തി-ക്കൊണ്ടുള്ള  ഒരു  ഭരണക്രമമാണ്  ഈ   സന്ദർഭത്തിൽ  വിവക്ഷയിൽ-പ്പെടുന്നത്.     

     പ്രകാശം  അറിവിൻ്റെയും  സകല നന്മകളുടെയും  പ്രതീകമാണ്.  ഇരുട്ട് അറിവില്ലായ്മയുടെയും സകലവിധ തിന്മകളുടെയും  പ്രതീകവും. സമാധാനപൂരിതവും  സമ്പൽസമൃദ്ധവും  ആയൊരു  ലോകക്രമത്തിൻ്റെ സൃഷ്ടി  ലക്ഷ്യമിടുന്ന  മനുഷ്യൻ  ഇപ്പറഞ്ഞ ലക്ഷ്യത്തിലേക്ക്  അവനെ നയിക്കുന്ന  ശക്തിചൈതന്യത്തിന് ഈശ്വരഭാവം നൽകി ആദരിച്ചുപോന്നു.  പ്രകാശാത്മകമായ  ചിന്താപദ്ധതികളിൽ രൂപം പൂണ്ട  കാര്യ-ക്രമങ്ങളുടെ  പരിണിതഫലമാണ്  മാനവപുരോഗതിയുടെ  സ്വച്ഛന്ദമായ പുലർച്ച. ആയതിനുവേണ്ടി  മനുഷ്യൻ നടത്തുന്ന  പ്രവർത്തനങ്ങൾക്കെല്ലാം നിയന്ത്രിതാവും  ശക്തിചൈതന്യവുമായി ഏതോ ഒരു  ആദൃശ്യശക്തിയെ ബിംബാൽമകമായി  ഭാവനചെയ്ത കവി  സങ്കല്പങ്ങളാണ്  പിൽക്കാലത്ത് ദൈവമായി  പരിണാമം  പ്രാപിച്ചുവന്നത്.  ഇടിമിന്നൽ,  കൊടുങ്കാറ്റ്, മഴ തുടങ്ങിയ  പ്രകൃതിശക്തികളെയും,  പക്ഷിമൃഗാദികളെയും,  വൃക്ഷ -ലതാദികളെയുമൊക്കെ  ദൈവകൽപന നൽകി ആദരിച്ചിരുന്ന മനുഷ്യർ അറിവിൻ്റെ  പടവുകൾ  താണ്ടി  വൈജ്ഞാനികതലങ്ങൾ  കീഴടക്കി-       യപ്പോൾ  മേൽപ്പറഞ്ഞ  ദൈവസങ്കൽപ്പങ്ങൾക്കും  കാലദേശാനുസൃത -ങ്ങളായ മാറ്റങ്ങളുണ്ടായി.  പ്രകൃതിശക്തികളുടെയും  പക്ഷിമൃഗാദിക -ളുടേയും  സ്ഥാനത്തു  വീരപുരുഷന്മാർ  ദൈവങ്ങളായി  പ്രതിഷ്ഠിക്കപ്പെട്ടു. ദശരവതാരകഥകളിലെ   വിഷ്ണുസങ്കല്പവും  സമാന്തരമായി  വികസിച്ചു- പന്തലിച്ച ശൈവസങ്കല്പവും,  ശാക്തേയസങ്കല്പവും,  ശിവശക്തി സമ്മളിതമായ  സമന്വയസിദ്ധാന്തവും, ബൗദ്ധവും,  ജൈനവും  മറ്റു പലവിധങ്ങളായ ദൈവസങ്കല്പങ്ങൾക്ക്  വിളനിലമായി  ഭവിച്ച മണ്ണാണ് ഭാരതതത്തിൻ്റെത് .വീരപുരുഷന്മാരും, സിദ്ധന്മാരും  മാത്രമല്ല  കർമ്മ- യോഗികളായ സന്യാസിമാരും  ക്രാന്തദർശികളായ  മഹർഷിമാരും  മറ്റും ദൈവങ്ങളുടെ പട്ടികയിലേക്ക് കാലാന്തരത്തിൽ  കടന്നുവരിക യുണ്ടായി. "ഗുരുസാക്ഷാൽ  പരബ്രഹ്മം" എന്ന മുദ്രാവാക്യസദൃശ്യമായ  മന്ത്രത്തിൻ്റെ പൊരുൾ  വിളിച്ചോതുന്ന  ഈ  സത്യത്തിനു നേരേ  കണ്ണടയ്ക്കുന്ന   ബുദ്ധി-രാക്ഷസീയത  വർത്തമാനകാലത്തിൻറെ  ശാപമായി  മാറിയിരിക്കുന്നു. അടുത്ത കാലത്തായി  ഭാരതീയ  കോടതികളിൽ ദൈവസംബന്ധികളായ വ്യവഹാരവിഷയങ്ങളിൽ  കൽപ്പിക്കപ്പെടുന്ന  തീർപ്പുകളിൽ  വൈജ്ഞാ-നികഗന്ധത്തിന്റെ  സ്പർശം  പോലും  ഇല്ലാതായിരിക്കുന്നു എന്ന  വസ്തുത ധിഷണാശാലികളെ  നിരാശപ്പെടുത്തുന്നു.

     ശ്രീനാരായണഗുരു  ദൈവമല്ല എന്നും ചരിത്രപ്രതിഷ്ഠിതനായ  ഒരു നവോത്‌ഥാന നായകൻ  മാത്രമാണെന്നും  തീർപ്പുകൽപിച്ചുകൊണ്ടുള്ള ഒരു കോടതിവിധിയോട്  സംവദിക്കുവാനുള്ള  തികച്ചും സദുദ്ദേശപരവും നിർദോഷകരവുമായ  ഉത്കടാഭിലാഷത്തിന്റെ  സമ്മർദ്ദത്തിൽ നിന്നുമുയർന്ന  ചേതോവികാരമാണ്  ഇത്രയും  പറയുവാൻ എന്നെ പ്രേരിപ്പിച്ചത്. "ഗു"  എന്ന  ധാതുവിൻറെ  അർത്ഥം  ഇരുട്ട്  എന്നാണ്. "രു" എന്നതിന്  രോധിക്കുക  അല്ലെങ്കിൽ ഇല്ലായ്മ  ചെയ്യുക  എന്നാണ്  അർത്ഥം. ഇരുട്ട്   അറിവില്ലായ്മയുടെ പ്രതീകമാണ്.  അറിവില്ലായ്മയെ  ഉൻമൂലനം ചെയ്ത് മനസ്സിൽ  അറിവ്  പകർന്നുകൊടുക്കുന്നവൻ  ഗുരുവാണ് .  അറിവ് ദൈവത്തിൻറെ  പ്രതീകമാണ്, അങ്ങനെ  വരുമ്പോൾ  ഗുരു ദൈവത്തെ ചൂണ്ടികാണിക്കുന്നവനാണ് .  ഒരു ഗുരുവിൻറെ  മനസ്സ്  വ്യാപരിക്കുന്ന വിജ്ഞാനമണ്ഡലത്തിൻ്റെ  വ്യാപ്തിക്കനുസരിച്ചുള്ള  ദൈവത്തെ ആയിരിക്കും  ആ  ഗുരു ചൂണ്ടിക്കാണിക്കുന്നത്.  ഉപനിഷത്തുകളിലൂടെ ശ്രദ്ധാപൂർവ്വം  സഞ്ചരിക്കുന്ന ഒരാൾക്ക്  ഇക്കാര്യം  ബോധ്യമാകും. ഭാരതീയ വിജ്ഞാനസമ്പത്തുക്കളുടെയെല്ലാം  ആത്മാവ്  ഉപനിഷത്തുക്കളിലാണെന്ന വസ്തുത  ബോധ്യമുള്ള  ഒരു  നിയമജ്ഞനും "ഗുരുസാക്ഷാൽ പരബ്രഹ്മം"  എന്ന ഔപനിഷദ  പ്രഖ്യാപനത്തെ  ചോദ്യം  ചെയ്യാനാവില്ല. ശ്രീനാരായണഗുരു    ആരാണെന്നും  എന്താണെന്നും  വിലയിരുത്തേണ്ടതും അഭിപ്രായം  പറയേണ്ടതും ധിഷണാശാലികളായ  പണ്ഡിതാഗ്രേസര -ന്മാരാണ്.  സങ്കുചിതലക്ഷ്യങ്ങൾക്കു  ചൂട്ടുപിടിക്കുന്ന  അവസ്ഥയിലേക്ക് നിയമജ്ഞനും  നീതിപീഠവും  തരംതാണുപോയാൽ  അത്  നമ്മുടെ നാടിൻറെ  അതുലപ്രഭാവപാരമ്പര്യത്തെ  ഇകഴ്ത്തിക്കാട്ടും  എന്ന  കാര്യത്തിൽ  സംശയമില്ല.  ബഹുമുഖപ്രതിഭയും,  അതുല്യപ്രഭവനും, അനിതരസാധാരണാനുമായ  ഒരു ക്രാന്തദർശിയായിരുന്ന ശ്രീനാരായണഗുരുവിനെ  വെറുമൊരു  നവോത്‌ഥാന നായകാന്റെ കുപ്പായമണിയിച്ചു  ഇകഴ്ത്തിക്കാട്ടാനുള്ള അപക്വമായ വിലയിരു-ത്തലുകൾ  കോടതികളുടെ  ഭാഗത്തുനിന്നുമുണ്ടാകുന്നത്  നിർഭാഗ്യ-കരമാണ് .

    അറിവ്  ദൈവത്തിൻറെ  പ്രതീകമാണെന്ന്  അറിഞ്ഞുകൊണ്ട് ഈശ്വരസാക്ഷാൽക്കാരത്തിനായി  ശ്രമിക്കുന്നവൻറെ  മനസ്സിൽ അറിവു വടിവാർന്ന ഗുരുഭാവത്തിനും  ഈശ്വരഭാവത്തിനും  വ്യത്യാസമില്ല . "മാതാപിതാഗുരു ദൈവം"  എന്നു  കേട്ടു  പഠിച്ച  ആളുകളുടെ വിശ്വാസത്തെ തിരുത്തുവാൻ  ഒരു കോടതി വിധിക്കും കഴിയില്ല. ദൈവസംബന്ധികളായ  വ്യവഹാരങ്ങളിൽ  തീർപ്പു  കൽപിക്കുവാൻ നിയോഗിക്കപ്പെടുന്ന  നിയമജ്ഞന്മാർ  നിയമഗ്രന്ഥങ്ങളേയും  അനുഭാവ- പാഠങ്ങളേയും  ആശ്രയിക്കുന്നതോടൊപ്പം  ദൈവവിഷയങ്ങളെ  അപഗ്ര-ഥിക്കുന്ന  പ്രാമാണികഗ്രന്ഥങ്ങൾ  കൂടി പരിചയപ്പെട്ടിരിക്കുന്നത് അപക്വമായ വിധികളെ ഒഴിവാക്കുവാൻ  അവരെ  സഹായിക്കും.

     ശ്രീനാരായണഗുരു  അദ്വിതീയനായ  ഒരു  നവോത്‌ഥാന നായകനാ-യിരുന്നു  എന്ന  കാര്യത്തിൽ തർക്കമില്ല.  പക്ഷേ,  ശ്രീനാരായണഗുരു-വിൻറെ  വ്യക്തിവിശേഷണങ്ങളിലെ ഒരംശം മാത്രമേ  നവോത്‌ഥാന വിഷയങ്ങളിൽ  കടന്നുവരുന്നുള്ളു.  അന്ധന്മാർ  ആനയെ  വർണ്ണിക്കുന്ന പുരാണപ്രസിദ്ധമായ  കഥയെ  അനുസ്മരിപ്പിക്കുന്ന  തരത്തിൽ തികച്ചും അപക്വമായ ഒരു  കോടതിവിധി  എന്നു  മാത്രമേ  ഇതിനെപ്പറ്റി  പറയാനാകൂ.
     ക്രിസ്ത്യാനികൾക്ക് യേശു ആരാണോ, മുസ്ലീമിന് നബിതിരുമേനി ആരാണോ,  ബിദ്ധമതാനുയായികൾക്ക്  ശ്രീബുദ്ധൻ  ആരാണോ അതിനേക്കാൾ  ഒരു പടികൂടി  മുന്നിലാണ് ശ്രീനാരായണീയരെ സംബന്ധിച്ചിടത്തോളം  ശ്രീനാരായണഗുരു.  ശ്രീയേശുവിനേയോ, നബിതിരുമേനിയേയോ,  ശ്രീബുദ്ധനേയോ  ഒരു  നവോത്‌ഥാനായകൻറെ പട്ടികയിലേക്കു  മാത്രമായി  ഇളക്കിപ്രതിഷ്ഠിക്കാൻ  ഏതെങ്കിലുമൊരു കോടതി  തയാറാകുമോ?  ഈ ചോദ്യം  കോടതികളോടുള്ള  അനാദരവിൽ കുരുത്ത  ചോദ്യമല്ല,  പ്രതിഷേധത്തിൽ കുരുത്ത  ചോദ്യവുമല്ല. കോടതി- യുടെ  നിരീക്ഷണവീഴ്ചകളിൽ  മനംനൊന്തുള്ള  പൗരബോധത്തിൻറെ തിരിച്ചറിവിൽ  കുരുത്ത  സ്വയംബോധന  സ്വഭാവം മാത്രമേ  ഈ ചോദ്യത്തിനുള്ളൂ.

     ഗുരുദേവൻ്റെ  മഹത്വശകലങ്ങളെ  ഏറ്റുപിടിച്ചു  സമൂഹത്തിൻറെ  വിവിധതുറകളിലുള്ളവർ  തൻകാര്യസാദ്ധ്യത്തിനായി  ഗുരുവിനെ പ്രയോജനപ്പെടുത്താറുണ്ട്.മനുഷ്യസഹജമായ തൃഷ്ണവാസനകളിൽ കുരുത്ത അത്തരം പ്രവണതകളെ  സ്വതന്ത്രവീക്ഷണബോധമുള്ള  ശ്രീനാരായണീയർ കാര്യമായി  എടുക്കാറില്ല.  പക്ഷേ  വിശ്വവിശാലതയോടുപമിക്കാവുന്ന ശ്രീനാരായണപ്രഭാവം ഒരു നവോത്‌ഥാന  നായകൻറെ  പരിവേഷഭൂഷയിൽ  ഒതുക്കി ചിത്രീകരിക്കാൻ ഒരു  കോടതി  തുനിയുമ്പോൾ. അത് ശ്രീനാരായണമനസ്സുകളെ  വേദനിപ്പിക്കുകതന്നെ  ചെയ്യും.

    ക്ഷേത്രങ്ങളെപ്പറ്റി  ശ്രീനാരായണഗുരുവിനുണ്ടായിരുന്ന  വീക്ഷണങ്ങളും, ക്ഷേത്രസങ്കൽപ്പത്തിൽ  ശ്രീനാരായണഗുരു സാധിച്ചെടുത്ത  വിപ്ലവാല്മക -മായ  തിരുത്തലുകളും, ശ്രീനാരായണഗുരുമന്ദിരങ്ങൾ  വിളിച്ചോതുന്ന  സാംസ്കാരികവിശുദ്ധിയും  പഠിക്കാതെയും  പരാമർശിക്കതെയും      "ഗുരുമന്ദിരങ്ങളും ഗുരുക്ഷേത്രങ്ങളും  ക്ഷേത്രങ്ങളല്ല"  എന്നു  നിരീക്ഷിച്ച കോടതിയുടെ നിരീക്ഷണം  തികഞ്ഞ അപക്വത  തന്നെയാണ്.  കോടതിയുടെ  ഗുരുനിരീക്ഷണ  വ്യാപ്തി  ഇടുങ്ങിപോയതുകൊണ്ട്  ഗുരു ഇകഴ്തിപ്പെടുന്നില്ല.  കോടതിയുടെ വീക്ഷണകോണിൽ  വിശ്വഗുരു തളയ്ക്കപ്പെടുന്നുമില്ല.  ഗുരുവിൻറെ  അദ്വിതീയ  പ്രതിഭയ്ക്ക് മങ്ങലേൽപ്പിക്കുവാനും  ഈ  കോടതിവിധി  പര്യാപ്തമല്ല.

                                       ***********

 













    












No comments:

Post a Comment