Friday, 24 April 2015

Ekaantha Pathikan

1.ഏകാന്ത പഥികൻ 
2.ഞാൻ എന്നെ തിരിച്ചറിയുന്നു 
3.പരം പൊരുളിന്റെ കളിവിളയാട്ടം 
4.ഊരാളിത്തറ
5. എൻറെ ഗുരുദേവൻ
6. ഞാനൊരു പാവം ! പാവത്താൻ!
7. ഉണരുവിൻ മക്കളെ!
8. എട്ടുകാലി
9. ഓട്ടോ
10. കുഞ്ഞുകാറ്റെ
11. കവിതേ പ്രസാദിക്കൂ
12.കവിതക്കൊരു മൂക്കുത്തി
 

 

 

 പരം പൊരുളിന്റെ കളിവിളയാട്ടം 

അടർക്കളങ്ങളിൽ കുരവയാർപ്പുകൾ 
മുഴക്കി വാഴ്വിനെ പിടിച്ചു നിർത്തുവാൻ 
കൊതിച്ചു സാഹസം കഴിച്ചു ധന്യമാം 
മനുഷ്യജന്മങ്ങൾ ബലികൊടുക്കുന്നു(!)
 
നവഗ്രഹങ്ങളും, ചരാചരങ്ങളും 
പ്രപഞ്ചനാടകം, കളിക്കളമതും 
ഒതുക്കി മുഷ്ടിയിൽ ഞെരിച്ചമർത്തുവാൻ 
ശ്രമിച്ചവസാനം അടി പതറുന്നു....
 
അറിഞ്ഞുണരുന്നു തെളിഞ്ഞ മാനസം 
വഴി തെളിക്കുന്നു ഇരുളകറ്റുവാൻ 
ഉയർച്ച-താഴ്ചകൾ, വെളിവിരുളുകൾ 
ജനി-മൃതികളും, ചിരി-കരച്ചിലും 
പരം പൊരുളിന്റെ കളിവിളയാട്ടം!
 
പകലിരവുകൾ തെളിഞ്ഞു മായുന്നു....
അടർക്കളങ്ങളിൽ കുരവയാർപ്പുകൾ.....!
 
 
 
 
 
 

ഊരാളിത്തറ 

 

               1

ഊരാളിത്തറമേലൊരു തിരിയും 
താമ്പൂലപ്പൊതിയും 
ഇളനീരഞ്ചും 
പൂക്കുല മൂന്നും, പൊയ്ലക്കെട്ടും 
തളിർവെറ്റിലയും, ചെമ്പട്ടും;
കള്ളൂനിവേദ്യം, കുക്കുടബലിയും,
പിന്നൊരു വെടിയും, ദക്ഷിണയും;
ഉള്ളിൽത്തട്ടി കർക്കിടകത്തി-
ലമാവാസിക്കൊരു പ്രാർഥനയും 
മുത്തപ്പന്നിവ നേർച്ച കൊടുത്താൽ 
ഉള്ളിൽ നിനച്ചതു കട്ടായം 
നാല്പത്തൊന്നിനു മുമ്പു നടക്കും!
ഊരാളിത്തറ മാഹാത്മ്യക്കഥ കേട്ടൂ ഞാൻ.
 
ഐതീഹ്യങ്ങളരിച്ചു പെറുക്കി 
കോവിൽക്കഥകൾ തേടിത്തേടി 
സന്ധ്യക്കൊരുനാൾ മലയടിവാര-
ത്തൊരു ചെറു കുടിലിൽ ചെന്നൂ ഞാൻ....
 
ഒരു തറയുണ്ടാക്കുടിലിനു മുന്നിൽ 
ആൽമരമുണ്ടാത്തറയുടെ നടുവിൽ;
ഭക്തന്മാരുണ്ടനവധിയാളുകൾ 
നേർച്ചപ്പൊരുളുണ്ടവരുടെ കയ്യിൽ.
ഊഴം കാത്താ ഭക്തന്മാരുടെ 
നിരയിൽ സ്ഥാനമുറപ്പിച്ചൂ ഞാൻ.

ചന്ദന ധൂപസുഗന്ധം ചുറ്റിലു-
മാൽത്തറമുകളിൽ നെയ്ത്തിരി ദീപം
കൂപ്പിയ കൈകൾ, കുനിഞ്ഞ ശിരസ്സുകൾ
ഭക്തമനസ്സുകൾ മലിന വിമുക്തം.
നാവുകൾ മന്ത്രിച്ചേക സ്വരത്തിൽ
 അപ്പാ .... മലമുത്തപ്പാ......

കുടിലിന്നുള്ളിൽ താളലയത്തിൽ
കേട്ടൂ ഭജനകൾ, മണിനാദങ്ങൾ ...
അങ്ങനെ നാഴിക മൂന്നു കഴിഞ്ഞൂ
കേട്ടൊരു കലപില- മേളാങ്കം .

"എന്റെ മണ്ണെന്റെ മണ്ണെന്റെ മണ്ണ്‍
എന്റെ മണ്ണെന്റെ മണ്ണെന്റെ മണ്ണ്‍
തമ്പുരാൻ കല്പിച്ചു തന്ന മണ്ണ്‍
ഒരു കൂര കെട്ടുവാൻ തന്ന മണ്ണ്‍ "

താളപ്പൊലിമയിലടിവച്ചടിവ -
ച്ചൊരു ചെറു ബാലനെഴുന്നെള്ളി ...
പട്ടുവിരിച്ചൊരു തല്പത്തിൻമേൽ
ചമ്രം പൂട്ടിയിരിപ്പായി....
നേർച്ചപ്പൊരുളുകളർപ്പിച്ചൂഴം 
കാത്തു ഭജിച്ചൂ ഭക്തന്മാർ.
ബാലൻ നൽകീ ഭസ്മപ്പൊതികൾ
വാങ്ങി വിളിച്ചൂ ഭക്തന്മാർ
അപ്പാ.... മലമുത്തപ്പാ....

നാഴിക വീണ്ടും രണ്ടു കഴിഞ്ഞൂ 
നേരം നട്ടപ്പാതിരയായ്...
അങ്ങുകിഴക്കൻ മലയിൽ നിന്നൊരു
ചുഴലിക്കാത്തറയിൽ വീശി 
ഭീതി മുഴുത്തൊരു കൂമൻ കൂവി 
ലക്‌ഷ്യം തെറ്റി നരിച്ചീർ പാറി ....
ചീവീടാർത്തു കരഞ്ഞു- പാവം 
ബാലൻ തുള്ളിയുറഞ്ഞു മറിഞ്ഞു!
 
"എന്റെ മണ്ണെന്റെ മണ്ണെന്റെ മണ്ണ്‍ 
എന്റെ മണ്ണെന്റെ മണ്ണെന്റെ  മണ്ണ്‍ 
തമ്പുരാൻ കല്പിച്ചു തന്ന മണ്ണ്‍ 
ഒരു കൂര കെട്ടുവാൻ തന്ന മണ്ണ്‍ ".
കേട്ടൊരു താളം മേളാങ്കം 
ആ തറയുടെ മുന്നിൽ ഞാൻ മാത്രം.
 
 
 

                      2

ചുഴലിക്കാറ്റിലുരുണ്ടു ചുരുണ്ടൊരു 
കരിയില പോലെ കറങ്ങിയതോർക്കുന്നൂ...
കണ്ണു തുറന്നപ്പോൾ ഞാൻ 
 കോരിച്ചൊരിയും  മഴയത്തറിയാദേശ-
ത്തൊരു ചെറു കുടിലിൽ നില്ക്കുന്നൂ! 
 
പഴമുളവേലിക്കെട്ടിലൊതുങ്ങിയ 
പുരയിടനടുവിൽ ചെറുകുടിലും 
ആ കുടിലിനു മുന്നിലോരാൽത്തറയും!
കോച്ചി ഞരങ്ങുന്നുണ്ടൊരു വൃദ്ധൻ
ഇല്ലൊരു തുണയായ് അവിടാരും.
ശ്വാസതടസം മൂർച്ഛിച്ചൂ-പടു
വൃദ്ധശരീരം ഒന്നു പിടഞ്ഞു....

"എന്റെ മണ്ണെന്റെ മണ്ണെന്റെ മണ്ണ്
എന്റെ മണ്ണെന്റെ മണ്ണെന്റെ മണ്ണ്"
കേട്ടു ഞരക്കം നേർത്ത സ്വരം
വൃദ്ധശരീരം നിശ്ചലമായ്‌...

പുലരിയണഞ്ഞു-
 നഗരമുണർന്നു,-
പഴമുളവേലിക്കെട്ടു പൊളിഞ്ഞു,
ആൽത്തറമേലൊരു കൊടിയുമുയർന്നു ....

ആഴ്ച്ചകൾ പോയതറിഞ്ഞൂ ഞാൻ
കുഴിമാടത്തറ ചുറ്റിവള-
ഞ്ഞൊരു  പന്തലുയർന്നു;
പിന്നൊരു മണ്ഡപം,
അതിലൊരു കോണിൽ
 കാര്യക്കാരും ഭണ്‍ഡാരപ്പുരയും....

മാസം പോയതറിഞ്ഞൂ  ഞാൻ
കെട്ടിപ്പൊക്കിയുയർത്തിയ മതിലും
മുഖ്യകവാടം കാത്തു ഭടന്മാർ
ചുറ്റും മഫ്ടിപ്പോലീസും,
കയ്യൂക്കുള്ള ചെറുപ്പക്കാരും ....

വർഷം പോയതറിഞ്ഞൂ ഞാൻ
ഊരാളിത്തറ പട്ടണനടുവിൽ
കേൾവിപ്പെട്ടൊരു പ്രസ്ഥാനം!

ഊരാളിത്തറ മേലൊരു തിരിയും
താമ്പൂലപ്പൊതിയും;
ഇളനീരഞ്ചും, പൂക്കുല മൂന്നും,
പൊയ്ലക്കെട്ടും, തളിർവെറ്റിലയും, ചെമ്പട്ടും,
കള്ളുനിവേദ്യം, കുക്കുട ബലിയും
പിന്നൊരു വെടിയും ദക്ഷിണയും;
ഉള്ളിൽത്തട്ടി കർക്കിടകത്തി-
ലമാവാസിക്കൊരു പ്രാർത്ഥനയും
മുത്തപ്പന്നിവ നേർച്ച കൊടുത്താൽ
ഉള്ളിൽ നിനച്ചതു കട്ടായം
നാല്പത്തൊന്നിനു മുമ്പു നടക്കും!
ഊരാളിത്തറ മാഹാത്മ്യക്കഥ കേൾക്കുന്നു ....




എൻറെ  ഗുരുദേവൻ 

 
സ്നേഹനീർ വറ്റാതെയെന്നും തെളിയുന്ന 
സ്നേഹവിളക്കാണെനിക്കെന്റെ ദേവൻ 
പാളിച്ചകൾക്കെല്ലാം ഔഷധം നൽകുന്ന 
വൈദ്യനായ് കൂടെയുണ്ടെന്റെ ദേവൻ.
 
 
കൂരിരുൾ മൂടിയ ജീവിത പന്ഥാവിൽ 
എത്തീ പ്രകാശപ്പൊടിപ്പായവൻ.
പാദമിടറി കുഴഞ്ഞൊന്നു നിന്നപ്പോൾ 
കയ്യിൽത്തടഞ്ഞ വടിയാണവൻ 
ജീവിത സാഗരം നീന്തിക്കടന്നപ്പോൾ 
കിട്ടിയ കച്ചിത്തുരുമ്പാണവൻ 
 
ലക്ഷ്യം വ്യതിചലിച്ചശ്രദ്ധനായി ഞാൻ 
പൊയപ്പൊഴെല്ലാം വിലക്കിയെന്നെ 
വൻചതിക്കുണ്ടിൽ പതിച്ചുപോകാതെയെൻ 
കയ്യിൽ പിടിച്ചു നടത്തിയെന്നെ 
തെറ്റുകളെല്ലാം പൊറുത്തു മുന്നേറുവാൻ 
മാർഗ്ഗങ്ങൾ കാണിച്ചു തന്നു ദേവൻ 
 
മറ്റാരുമല്ലെന്റെ അനുഭവ പാഠങ്ങൾ 
മൂർത്തിയായ് രൂപമെടുത്ത ദേവൻ .
ആ മൂർത്തിയാണെന്റെ ആചാര്യദേവൻ 
അനുഭവം തന്നെയാണെൻ ഗുരുദേവൻ.


ഞാനൊരു പാവം! പാവത്താൻ! 

ഇല്ലൊരു കൂരയെനിക്കെന്റേതായ് 
ചുവരും ജനലും വാതിലുമുള്ള 
ഒരു കൂരയെനിക്കില്ല.....
ഞാനൊരു പാവം! പാവത്താൻ! 

പൂഴ്ത്തിയൊളിക്കാൻ ധനമില്ല;
പൂട്ടിയടയ്ക്കാൻ തഴുതില്ല;
ചോരന്മാരെ ഭയമില്ല.
ഞാനൊരു പാവം! പാവത്താൻ!

മധുരം നാവിൽ തങ്ങില്ല
കൈപ്പു , പുളിപ്പു, ചവർപ്പു-
രസങ്ങളറിഞ്ഞാൽ
 നെറ്റി ചുളിക്കില്ല
അപ്രിയങ്ങൾ കണ്ടാൽ
നാവു ചലിക്കില്ല
ചുണ്ടു പിളുത്തില്ല...
ഞാനൊരു പാവം! പാവത്താൻ!


 കുപ്പായത്തിനു നിറമില്ല
ഉടലിന്മേലില്ലടയാളം
ഇല്ല കരുത്തന്മാരായുള്ളവർ
ബന്ധുജനങ്ങൾ വിക്രമികൾ
ഇല്ലനുയായികൾ ശിഷ്യന്മാർ
ഞാനൊരു പാവം! പാവത്താൻ!

ശത്രുതയുള്ളവരില്ലാരും
പ്രതികാരക്കൊതിയുള്ളോരും .
മുന്നിൽ വിലക്കുകളില്ല തടസ്സം
പിന്നിൽ ചാരക്കണ്ണുകളും ....
ഞാനൊരു പാവം! പാവത്താൻ!


 

ഉണരുവിൻ മക്കളേ !

ഉണരുവിൻ മക്കളേ ! ഉണരുവിൻ മക്കളേ!
പുലരിയണയുന്നുണരുവിൻ മക്കളേ !
അങ്കുലിത്തുമ്പിൽ ഉലകം നിയന്ത്രിച്ചു 
നിർത്തുന്ന മക്കളേ, കണ്ണു തുറക്കുവിൻ.
 
പകൽപ്പക്ഷിയേഴാം കടൽ കടന്നെത്തുന്ന 
ചിറകടി കേൾക്കുന്നു! കൂവുന്നു കോഴികൾ!
പൂർവ്വാംബരത്തിൽ പ്രകാശം പൊടിഞ്ഞു;
ചേക്കിറങ്ങീടുന്നു വായസങ്ങൾ!
കൂമ്പിയ പത്രം വിടർത്തിപ്പുലരിയെ 
സ്വാഗതം ചെയ്യുന്നു മാമരങ്ങൾ...
 
കമ്പിളിക്കുള്ളിൽ മയങ്ങുന്ന മക്കളേ 
കുഞ്ഞുങ്ങളേ, നിങ്ങൾ കണ്ണു തുറക്കുവിൻ.
അങ്കുലിത്തുമ്പിലുണ്ടണ്‍ഡ കടാഹം!
ഈ പുലരിയും കൂടൊന്നു കണ്ടു കൊൾവിൻ.


 

എട്ടുകാലി 

 
 
 
എട്ടുകാലുള്ളോരു നെയ്ത്തുകാരാ - നിന്നെ  
ആരു പഠിപ്പിച്ചു നെയ്ത്തുവേല?
ക്രിത്രിമ യന്ത്രങ്ങളൊന്നുമില്ല -നൂലു 
നൂത്തെടുത്താരും തരുന്നുമില്ല!
 
മാതൃകാ ചിത്രങ്ങൾ മുന്നിലില്ല - മാർഗ്ഗ 
നിർദ്ദേശം നൽകുവാനാരുമില്ല!
കയ്യാളായന്തികത്തില്ലൊരാളും - സ്വയം 
നെയ്തെടുക്കുന്നു വിചിത്രാംബരം!
 
ലോലമതിസൂക്ഷ്മ നൂലാൽ മികവുറ്റ
പട്ടാംബരം നെയ്യുമെട്ടുകാലീ 
നീയാണ് ഞങ്ങളെ നെയ്ത്തു പഠിപ്പിച്ച 
സദ്‌ഗുരു - നിഷ്കാമ കർമ്മചാരി.  


ഓട്ടോ 

മൂന്നു ചക്രങ്ങളിൽ ഊരു ചുറ്റീടുന്നു 
രാപൽ വിശ്രമം തെല്ലുമില്ലാതിവൻ.
കൂനിക്കുരുടിയ ഗാത്രം, ശിരസ്സതിൽ 
ഉന്തിച്ച നേത്രവും മുക്കോണ രൂപവും.
 
മുക്കിൽ മുടുക്കിൽ, ഊടുവഴികളിൽ,
ചെമ്മണ്‍ വിരിപ്പിട്ട ഗ്രാമീണവീഥിയിൽ,
വിസ്താരമേറിയ ദേശീയപാതയിൽ,
രാപകൽ ഭേദം, സമയക്രമങ്ങളും  
നോക്കാതെയെപ്പൊഴുമൊട്ടത്തിലാണിവൻ.
 
ദേശകാലങ്ങളിൽ ഭേദമില്ലാത്തവൻ 
ഉച്ചനീചങ്ങളാം ഭാവങ്ങളില്ലാത്തോൻ 
നൂറുനൂറായിരം പാവങ്ങൾക്കഷ്ടിക്കു 
മാർഗ്ഗം  തെളിക്കുന്ന ശകട കുലോത്തമൻ.
 
ഇത്തിരി പോരും ഉരുളാനിവനിടം 
ഒത്തിരിപ്പേരുടെ അത്താണിയാണിവൻ 
വിശ്രമമില്ലാതെ ഓട്ടമാണെപ്പൊഴും 
ദിക്കുകൾ നാലിലുമെപ്പൊഴുമെപ്പൊഴും.
 
ഓട്ടോയെന്നോമനപ്പേരിവനിട്ടൊരു 
ഭാവനായുക്തിക്കു നേരുന്നു മംഗളം.


കുഞ്ഞു കാറ്റേ....

കുഞ്ഞിളം കാറ്റേ, കുളിരു കാറ്റേ 
മുറ്റത്തെ ചെമ്പകപ്പൂക്കൾ മുത്തി 
എന്നെത്തഴുകിയൊഴുകും കാറ്റേ 
ചോല്ലുനീയെങ്ങുനിന്നെത്തിടുന്നു?
 
കണ്ടില്ലരൂപിയാം നിന്നെയീ ഞാൻ 
കേൾക്കുന്നു പക്ഷേ നിൻ മർമ്മരങ്ങൾ!
അമ്മതൻ നെഞ്ചിലെ ചൂടു പോലെ 
സ്വാന്ത്വനമേകുന്നു നിൻറെ സ്പർശം!

കുഞ്ഞിളം കാറ്റേ, കുസൃതിക്കാറ്റേ 
കള്ളനെപ്പോലെയൊളിച്ചിടാതെ
ഈക്കൊച്ചു ബാലനെക്കൂടി നിൻറെ
തോഴനായ്‌ കൂട്ടീടു കുഞ്ഞു കാറ്റേ.
 
 
 

കവിതേ പ്രസാദിക്കൂ 

കവിതേ പ്രസാദിക്കൂ,  
വരദേ കടാക്ഷിക്കൂ;
മനസ്സിൻറെ താഴ്വാര 
ഭൂമിയിൽ വന്നു നീ കുടിയിരിയ്ക്കൂ.
വിജ്ഞാനസാഗരച്ചുഴിയിലോളിപ്പിച്ച
സത്യങ്ങളൊക്കെയും കാട്ടിത്തരൂ.
 
കവിതേ പ്രസാദിക്കൂ,
വരദേ കടാക്ഷിക്കൂ;
മനസ്സിൻറെ താഴ്വാര 
ഭൂമിയിൽ വന്നു നീ കുടിയിരിക്കൂ.
 
അജ്ഞാന തിമിരം പിടിച്ച നേത്രത്തിന്നു 
മിഴിവില്ല ചുറ്റിലും അന്ധകാരം!
ഘ്രാണേന്ദ്രിയത്തിന്നു ദുർഗന്ധമിഷ്ടം!!
ശ്രവണേന്ദ്രിയത്തിന്നപശ്രുതി പഥ്യം !!!
സ്പർശം ഗ്രഹിക്കാത്ത മരവിച്ച ചർമ്മം!!!!
സ്വാദറിയുന്നില്ല രസനേന്ദ്രിയം!!!!!

കവിതേ പ്രസാദിക്കൂ,
മനസ്സിൻറെ താഴ്വാര
ഭൂമിയിൽ  വന്നു നീ കുടിയിരിക്കൂ.

ജ്ഞാനാഗ്നി മൂടിയ ചാമ്പൽപ്പുതപ്പിനു
നേർക്കൊരു തെന്നലായ് മെല്ലെയൊഴുകൂ
 ദിവ്യപ്രകാശം പരക്കട്ടെ ചുറ്റും
സല്ക്കാവ്യപുഷ്പങ്ങൾ വിരിയട്ടെയെങ്ങും.

കവിതേ പ്രസാദിക്കൂ,
മനസ്സിൻറെ താഴ്വാര
ഭൂമിയിൽ വന്നു നീ കുടിയിരിക്കൂ.
സത്യങ്ങൾ മൂടിയ പൊൻചെപ്പിനുള്ളിലെ
കാഴ്ചകൾ കാണാൻ തുടിക്കുന്നു ചിത്തം.
 
 

കവിതയ്ക്കൊരു മൂക്കുത്തി 

കൗമാര പ്രായത്തിൽ
സന്ധ്യക്കൊരിക്കൽ ഞാൻ 
അർത്ഥം ഗ്രഹിക്കാതെ 
കേട്ടു ശീലിച്ചൊരു ശീലു മൂളി.

''ഉണ്ണീ, വികട സരസ്വതി നാവിൻറെ
തുമ്പിൽ കളിക്കുന്നു; വേണ്ട കുഞ്ഞേ,
അക്ഷരപ്പൂക്കൾ കൊണ്ടൽഭുതജാലങ്ങൾ
കാണിച്ചു പൂർവീകർ - ഓർക്കു കുഞ്ഞേ .
ഉത്തമ ശ്ലോകങ്ങൾ ചൊല്ലി പഠിക്കൂ
കവിതയ്ക്കു വിളഭൂമി ബാലചിത്തം."
മുത്തശ്ശിയൂന്നു വടിക്കമ്പു കൊണ്ടെൻറെ
മണ്ടത്തലക്കൊരു കൊട്ടു കൊട്ടി.

ചാക്രീയചാലനം കാല -
 പ്രയാണം തുടർന്നൂ ;
പഴുത്ത പത്രങ്ങൾ കൊഴിഞ്ഞു
മുകുളങ്ങൾ പൊട്ടി വിരിഞ്ഞു
പത്രികൾ വീണ്ടും തളിർത്തു
തളിർത്ത പത്രങ്ങൾ മുഴുത്തു
വീണ്ടും തളിർത്തു കൊഴിഞ്ഞു....

വറ്റി വരണ്ടും നിറഞ്ഞും കവിഞ്ഞും
വളഞ്ഞും പുളഞ്ഞും തിരശ്ചീനമായും
പുഴകളൊഴുകി- ഉരുണ്ടൂഴി മന്ദം.
ആഴി കവിഞ്ഞി,ല്ലതിർത്തികടന്നൂഴി
വെട്ടി വിഴുങ്ങിക്കളഞ്ഞുമില്ല!....

 യൗവ്വനകാലത്തൊരിക്കൽ പതിവുപോൽ
വർത്തമാനപ്പത്രത്താളിൽ നിരത്തിയ
അക്ഷരക്കൂട്ടുകൾ ചിക്കിച്ചികയവേ
ചതുരകത്തിന്നുള്ളിലൊരു വാർത്ത കണ്ടു ഞാൻ.

"കാവ്യാംഗനക്കൊരു മൂക്കുത്തി തീർക്കണം!
കാഞ്ചനത്തുണ്ടിൽ മരതകക്കല്ലൊ-
ന്നുറപ്പിച്ചു മധ്യത്തു പവിഴം പതിക്കണം !
വേദിയൊരുങ്ങുന്നനന്തപുരത്തിൽ".

വാർത്ത വായിച്ചു ഞാൻ - കണ്ണൊന്നടഞ്ഞു;
ബാല്യത്തിലേക്കു കുതിച്ചെൻറെ ചിത്തം....

പത്രം നിവർത്തിപ്പിടിച്ചൂന്നുകമ്പിൻറെ
ബന്ധം വിടർത്തി, അതാ മുത്തശ്ശി മുന്നിൽ !

"ഉണ്ണീ, ഉടൻതന്നെ വണ്ടി കയറുക
അനന്തപുരത്തേക്കു വണ്ടി കയറുക
ചങ്കിലെ അക്ഷരപ്പൂക്കൾ പറിച്ചു നീ
കാവ്യാംഗനക്കൊരു മൂക്കുത്തി തീർക്കുക
കാഞ്ചനത്തുണ്ടിൽ മരതകക്കല്ല്
നന്നായുറപ്പിച്ചു പവിഴം പതിക്കുക..."

മുത്തശ്ശി ചൊല്ലി- വണ്ടി കയറി ഞാൻ
അഞ്ചു മണിക്കൂറു നീണ്ടൊരാ യാത്രയിൽ
ക്ഷീണമറിഞ്ഞില്ല - സ്വപ്നത്തിലാഴ്ന്നുപോയ്

അന്നാദ്യമായിവൻ ഗ്രാമീണവാസി
അനന്തപുരം കണ്ടു;
മേളാങ്ക പന്തൽപ്പുരയും കണ്ടു.
ചേലിൽ ചമയിച്ചെടുത്ത കവാട-
ദ്വാരം കടക്കുവാൻ വേഗം നടന്നു ഞാൻ...

"പാസ്സു കാണട്ടെ!
സ്പോണ്‍സറാരാണറിയാതെ
ഉള്ളിൽ പ്രവേശനമില്ല!"
ദ്വാരപാലകൻ ചൊല്ലിത്തടഞ്ഞു,
പിന്നയാൾ തോളിൽ പിടിച്ചൊന്നു തള്ളി!!

മേളാങ്ക പന്തലിൻ ഗോപുരത്തുമ്പിലേ-
ക്കൊരു മാത്ര നേത്രം കുതിച്ചു...
ബാഷ്പവർഷം പൊഴിഞ്ഞു.....
അനന്തപുരത്തെ അനന്തമാം രാജ-
വീഥിയെൻ മുന്നിൽ തെളിഞ്ഞൂ.

നടന്നു നടന്നു തളർന്നു ക്ഷീണിച്ചു ഞാൻ
പാതയോരത്തൊരു ആൽമരച്ചോട്ടിൽ
തെല്ലൊന്നിരുന്നു - കണ്ണടഞ്ഞു....
ഊന്നു കമ്പിന്റെ ബന്ധം വിടർത്തി
വീണ്ടുമതാ മുത്തശ്ശി മുന്നിൽ !

"ഉണ്ണീ, തുടക്കുക!
കണ്ണിലെ ബാഷ്പപ്പൊടിപ്പു തുടക്കുക!
അനന്തപുരത്തു നിൻ മുന്നിലടഞ്ഞ
വാതിൽ തുറക്കുന്ന താക്കോൽ പണിക്കാർ
ഇന്ദ്രപ്രസ്ഥത്തിലാണങ്ങോട്ടു പോവുക!"
ഉൾക്കനം ചോരാതെ മുത്തശ്ശി ചൊല്ലി;
ഇന്ദ്രപ്രസ്ഥത്തിലേക്കുള്ളോരു ചങ്ങല
വണ്ടിയിൽ തൂങ്ങിപ്പിടിച്ചു കയറി ഞാൻ.
തള്ളിപ്പുറത്തേക്കെറിയുവാൻ കോപ്പിട്ടു
അജ്ഞാതർ മുഷ്ടിക്കരുത്തുള്ള കൂട്ടർ!
സൂത്രത്തിലാ മല്ലന്മാരുടെ ദൃഷ്ടിയിൽ
നിന്നുമകന്നൊരു കോണിലൊതുങ്ങി ഞാൻ.

രാപകൽ ഭേദമില്ലാതെയുരുണ്ടുരു -
ണ്ടാവണ്ടി മൂന്നാം പകൽപ്പക്ഷി
ചേക്കേറുവാൻ തുടങ്ങുന്നതിൻ മുമ്പേ
ഇന്ദ്രപ്രസ്ഥത്തിൽ കിതച്ചു നിന്നു ....


കണ്ടൂ മഹാനഗരത്തിലെ ദൃശ്യങ്ങൾ
അണുവിലണുവായ്‌ ഒതുങ്ങിച്ചുരുങ്ങുന്ന
മർത്ത്യന്റെ ഭാവവും സ്വാർത്ഥതയും.
കണ്ടില്ല താക്കോൽപ്പണിക്കാരെയെങ്ങും!
പരതിപ്പരതിത്തളർന്ന നേത്രങ്ങളിൽ
ബാഷ്പപ്പൊടിപ്പിൻ തടാകം കവിഞ്ഞു...

പിറന്ന ഗ്രാമത്തിലേക്കാശ നശിച്ചു
മടങ്ങാനുറച്ചു  - ശപിച്ചു മുത്തശ്ശിയെ.
മുഷിഞ്ഞ വസ്ത്രങ്ങൾ നിറച്ച തോൽ സഞ്ചിയും
തൂക്കി തെരുവിലിറങ്ങി നടന്നു ഞാൻ...
മനന നേത്രങ്ങളിൽ അനുഭവങ്ങൾ
കൂളികൾ രക്തം കുടിക്കുന്ന ദൃശ്യങ്ങൾ .....

വിദ്യുത് പ്രവാഹം നിലച്ചു;
ഇന്ദ്രപ്രസ്ഥത്തിലെ രാത്രിയിരുണ്ടു !
ഇന്ദ്രനീലത്തിന്റെ ശോഭയാർന്നൽഭുത
ഗോളമൊന്നെത്തി ! പ്രകാശം പരന്നു !
പുഞ്ചിരി തൂകി , കടാക്ഷവർഷം ചുരത്തി
നിൽക്കുന്നതാ മുന്നിൽ കാവ്യാംഗന!

ചങ്കിലെ അക്ഷരപ്പൂക്കൾ പറിച്ചു ഞാൻ
മൂക്കുത്തി നിർമ്മിച്ചു - ഭക്തിപുരസരം
തൃക്കാൽക്കലർപ്പിച്ചു കൂപ്പി നിന്നു .
ഒരു കൊച്ചു തെന്നൽ പ്രവാഹമെൻ മേനി
തഴുകി, യോഴുകിക്കടന്നുപോയി....

ഇന്ദ്രനീലാഭ പരത്തിയാ ഗോളം
മെല്ലേയുയർന്നു ! മുന്നോട്ടു പറന്നു...
ഞാനുമറിയാതുയർന്നു  പറന്നു!
അത്ഭുത ലോകത്തിലൂടൊരു യാത്ര
അറിവിന്റെ ലോകത്തിലൂടൊരു യാത്ര
അനന്തപുരത്തിൽ അടച്ചിട്ട വാതിൽ
മലർക്കെത്തുറന്നു ! ഞാൻ നമിച്ചു നിന്നു .

+

 

 
 

 

 

Thursday, 23 April 2015

ഞാൻ എന്നെ തിരിച്ചറിയുന്നു ........?

"ആരാണ് നീ?"
ആരോ ചോദിച്ചു.
നിലക്കണ്ണാടിയുടെ മുന്നിൽ 
ഞാൻ ചെന്നു നിന്നു.
 
"അത്  നീയല്ല."
ആരോ പറഞ്ഞു.
ഞാൻ കണ്ണുകൾ പൂട്ടി.
അന്ധകാരം എന്നെ വലയം ചെയ്തു.
ഞാൻ കണ്ണുകൾ തുറന്നു 
ലോകം എനിക്കു മുന്നിൽ പ്രകാശിതമായി.
 
"നീ പ്രകാശമാകുന്നു.
നീ സ്നേഹമാകുന്നു.
നീ അറിവാകുന്നു.
ഇരുളും വെളിച്ചവും 
നന്മയും തിന്മയും 
സമന്വയിച്ചാൽ   
അത് നീയാകുന്നു.
ലോകത്തിന്റെ സ്വത്വം
നിന്നിൽ എനിക്കു കാണാം."
ആരോ പറഞ്ഞു.
 
എന്റെ ചലനങ്ങളിൽ സ്നേഹഭാവങ്ങൾ ദൃശ്യമാണോ?
എന്റെ  പ്രവൃത്തികളിൽ അറിവിന്റെ  പ്രകാശമുണ്ടോ?
നന്മയുടെ വെളിച്ചവും, തിന്മയുടെ ഇരുട്ടും 
എന്നിൽ ആകാരം പൂണ്ടു നില്ക്കുന്നുവോ?
ചോദ്യങ്ങൾ പുറത്തേക്കു വരുന്നില്ല;
അവ തൊള്ളക്കുഴിയിൽ ഉടക്കി നിൽക്കുന്നു.
നിലക്കണ്ണാടിയും എവിടെയോ അപ്രത്യക്ഷമായി.
 
 
 

EKAANTHA PTHIKAN

എകാന്തപഥികൻ 

 
പഥികൻ 
ഞാനൊരേകാന്ത പഥികൻ 
വേറിട്ട വഴികളിൽ 
അവധൂതനാണ് ഞാൻ,
ആരോരുമറിയാത്തൊരജ്ഞാത പഥികൻ.
 
സത്യങ്ങൾ തേടിയാണീയെന്റെ യാത്ര 
മിധ്യകൾക്കിടയിലൂടാണെന്റെ യാത്ര.
മുൻപിൻപിടംവലം, ചുറ്റിലുമജ്ഞാതർ
കരുതിക്കുഴിച്ച  ചതിക്കുഴികൾ 
അവയിലൊളിപ്പിച്ച പാഷാണമുള്ളുകൾ .....
 
ഗ്രാമങ്ങൾ താണ്ടി, നഗരങ്ങൾ താണ്ടി 
ഈ യാത്ര തുടരുന്നു കാലങ്ങളായ് 
സത്യങ്ങൾ തേടിയാണീയെന്റെ യാത്ര 
മിധ്യകൾക്കിടയിലൂടാണെന്റെ യാത്ര.
ജാതി-മത-വർഗ്ഗീയ വിഷവായുവാണെന്റെ 
നാടിന്റെയാകാശക്കീഴിലെല്ലാം.
സങ്കുചിത രാഷ്ട്രീയ തെയ്യങ്ങളാടുന്ന 
കാഴ്ച്ചകൾ കണ്ടു മരവിച്ചു ചിത്തം.
 
കാതങ്ങൾ താണ്ടി ഞാൻ, ഈ നീണ്ട യാത്രയിൽ 
കണ്ടതിന്നോളം നിഴൽ വിഗ്രഹങ്ങൾ.
കണ്ടില്ല സത്യസ്വരൂപന്റെ രൂപം 
കണ്ടില്ല സത്യ പ്രകാശപ്പൊടിപ്പും.