Monday, 28 April 2014

Theevizhungippakshi (POEM)





 തീവിഴുങ്ങിപ്പക്ഷി 





എന്തു പേരിട്ടു ഞാൻ നിന്നെ വിളിക്കും?
എങ്ങനെ നിന്നെ ഞാൻ നിർവചിക്കും?
സ്നേഹ വായ്പാലെന്റെയാലസ്യമൊക്കെയും
നീക്കിക്കളയുന്ന ശക്തി പ്രഭാമയീ!
എന്തു പേരിട്ടു ഞാൻ നിന്നെ വിളിക്കും?
എങ്ങനെ നിന്നെ ഞാൻ നിർവചിക്കും?


തീവിഴുങ്ങിപ്പക്ഷി!
ഞാനൊരു തീവിഴുങ്ങിപ്പക്ഷി!!
മൃഗരാജ ദംഷ്ട്രയിലെ
യുഛിഷ്ഠ മാംസം
അന്നമാക്കുന്നൊരു തീവിഴുങ്ങിപ്പക്ഷി!

എന്നിട്ടുമെന്നെ തഴയാതെയെപ്പൊഴും
ലാളന നല്കിയുണർത്തുന്നു നീ!
ആര് നീ,യജ്ഞാത സ്നേഹസ്വരൂപമേ
ശന്തിഭാവം പൂണ്ട കാരുണ്യ മൂർത്തേ!

Friday, 25 April 2014

 

 

സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ തടവിലാക്കിയ കഥ

ഒരിക്കൽ ബ്രഹ്മാവ്‌ സൗഹൃദ സന്ദർശനത്തിനായി കൈലാസത്തിലെത്തി.ആ സമയം ഗോപുരവാതിലിന്റെ കാവൽച്ചുമതല സുബ്രഹ്മണ്യനായിരുന്നു. 

ഗോപുര കവാടത്തിൽ സുബ്രഹ്മണ്യനെ കണ്ടെങ്കിലും കുമാരനെ മാനിക്കാതെ ബ്രഹ്മാവ്‌ അകത്തു കടക്കാൻ ശ്രമിച്ചു. പരുഷവാക്കുകൾ ചൊരിഞ്ഞ് സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ തടഞ്ഞു.

ഉള്ളിൽ ദേഷ്യം തോന്നിയെങ്കിലും അത് പുറത്തു കാട്ടാതെ താൻ ബ്രഹ്മാവാ ണെന്ന് ആഗതൻ അറിയിച്ചു. 

"അതെയോ? താങ്കൾ മഹാനായ വേദപണ്‍ഡിതനാണല്ലോ. ഋഗ്വേദത്തിലെ പ്രഥമ ശ്ലോകം ഒന്നു ചൊല്ലുക."

അൽപം ധിക്കാരത്തോടുകൂടി സുബ്രഹ്മണ്യൻ   പറഞ്ഞു.
 ബാലന്റെ  കുസൃതി ചോദ്യം കേട്ട് ബ്രഹ്മാവ് ഒന്നു പുഞ്ചിരിച്ചു. ഋഗ്വേദത്തിലെ പ്രഥമ ശ്ലോകം ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു.

"ഓം" എന്നതിന്റെ അർഥം ഒന്നു വ്യാഖ്യാനിക്കുക." ഒട്ടും കൂസാതെ തന്നെ സുബ്രഹ്മണ്യൻ പറഞ്ഞു. അതു കേട്ട് ബ്രഹ്മാവ്‌ ഒന്നു പരുങ്ങി.

"വീരബാഹൂ.... ഇദ്ദേഹത്തെ കാരാഗൃഹത്തിൽ അടയ്ക്കുക!"

കിങ്കരനെ വിളിച്ചു സുബ്രഹ്മണ്യൻ കല്പിച്ചു. വീരബാഹു സൃഷ്ടിദേവനെ തുറുങ്കിൽ അടച്ചു.

ഭൂതഗണങ്ങൾ വിവരം ശിവനെ ധരിപ്പിച്ചു.

"ആരവിടെ? നന്ദികേശനോട് ഉടൻ നമ്മെ മുഖം കാണിക്കാൻ പറയുക."

ശിവൻ ഭൂതഗണങ്ങൾക്ക് ആജ്ഞ കൊടുത്തു.

അടുത്ത നിമിഷം നന്ദികേശൻ കൈലാസനാഥന്റെ മുന്നിൽ വണങ്ങി നിന്നു.

"ബ്രഹ്മാവിനെ തടങ്കലിൽ നിന്ന് മോചിപ്പിച്ചു ക്ഷമാപണം നടത്താൻ കുമാര നോട് നാം കല്പിച്ചതായി പറയുക."

ശിവൻ ആജ്ഞാപിച്ചു.

നന്ദികേശൻ സുബ്രഹ്മണ്യകുമാരന്റെ മുന്നിൽ ചെന്നു വണങ്ങിയ ശേഷം പിത്രുകല്പന അറിയിച്ചു. പക്ഷേ കൈലാസനാഥന്റെ ഉത്തരവനുസരിക്കാൻ സുബ്രഹ്മണ്യൻ കൂട്ടാക്കിയില്ല.

വിവരമറിഞ്ഞ് ശിവൻ ഗോപുരവാതുക്കൾ നേരിട്ടെഴുന്നെള്ളി  ബ്രഹ്മാവിനെ മോചിപ്പിക്കാൻ പുത്രനോട് ആജ്ഞാപിച്ചു. യാതൊരു എതിരും പറയാതെ സുബ്രഹ്മണ്യൻ അനുസരിച്ചു.

"ധിക്കാരീ, ഓംകാരത്തിന്റെ അർഥം നീ തന്നെ വ്യാഖ്യാ നിക്കുക. നിന്റെ വ്യാഖ്യാനപാടവം എനിക്കൊന്നു ബോധ്യപ്പെടട്ടെ."

കോപത്തോടു കൂടി ശിവൻ കല്പിച്ചു. 

"പിതാവേ, ഓംകാര മന്ത്രം അത്യന്തം പവിത്രമാണെന്നും അത് പരസ്യമായി വെളിപ്പെടുത്താനുള്ളതല്ലെന്നും അവിടുന്ന് മാതാവിനെ ഉപദേശിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ സ്ഥിതിക്ക് ബ്രഹ്മദേവന്റെ   മുന്നിൽ വച്ച് അങ്ങയെ ഞാനതെ ങ്ങനെ വ്യാഖ്യാനിച്ചു കേൾപ്പിക്കും? "

വിനയപുരസരം സുബ്രഹ്മണ്യൻ ചോദിച്ചു.

"നീ ഇപ്പോൾ ചോദിച്ചത് ന്യായമായ ചോദ്യം തന്നെ. ഓംകാരത്തിന്റെ അർഥം നീ എന്റെ കാതിൽ പറഞ്ഞു കേൾപ്പിക്കുക."

ശിവൻ പറഞ്ഞു.

"ഓം" എന്നത് പ്രണവമന്ത്രത്തെ കുറിക്കുന്നു. "പ്ര" എന്നതിന് "വിശേഷപ്പെട്ടത്" എന്നാണ് അർഥം. "ണവം" എന്നതിന് "നിത്നൂതനം " എന്ന് അർഥം പറയാം. ചിന്തിക്കുംതോറും പുതിയ പുതിയ ആശയങ്ങൽ രൂപം കൊള്ളുന്നത്‌ എന്നാണ് ഓംകാര മന്ത്രത്തിന്   അർഥം."

സുബ്രഹ്മണ്യൻ ശിവന്റെ കാതിൽ മന്ത്രപ്പൊരുൾ വ്യാഖ്യാനിച്ചു കേൾപ്പിച്ചു. പുത്രന്റെ വ്യാഖ്യാന പാടവത്തിൽ കൈലാസനാഥൻ അഭിമാനം കൊണ്ടു. ബ്രഹ്മദേവൻ ജാല്യതയോടുകൂടി തല ചൊറിഞ്ഞു നിന്നു.

പുനർവായന                                             

പുരാനവയനയുടെ  സാങ്കേതീക ജ്ഞാനമില്ലത്തവരെ സംബന്ധിച്ചിടത്തോളം തികച്ചും അസംബന്ധവും യുക്തിഹീനവും ദുർഗ്രാഹ്യവുമായൊരു കഥയാ ണിത്. പാരായണജ്ഞാനികളെ  സംബന്ധിച്ചാണെങ്കിൽ ആലോചനാമൃതവും   കൗതുകകരവുമായൊരു സൽക്കഥയും.

സൌഹൃദ സന്ദർശനാർഥം സംഹാരമൂർത്തിയുടെ  ഭവനത്തിൽ മുൻ‌കൂർ അനുമതിയില്ലാതെ കടന്നു ചെല്ലുന്ന സൃഷ്ടിദേവനെ   ഗോപുരകവാടത്തിൽ കാവൽക്കാരൻ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും കാരഗൃഹത്തിലടയ്ക്കുകയും ചെയ്യുന്ന നാടകീയ മുഹൂർത്തത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

കാവൽക്കാരനായി    പ്രത്യക്ഷപ്പെടുന്നത്‌   ശിവപുത്രനായ സുബ്രഹ്മണ്യനും സന്ദർശകനായി എത്തുന്നത്‌ സാക്ഷാൽ ബ്രഹ്മദേവനുമാണ്.

ലജിസ്ലേച്ചറിന്റെ   പ്രതീകമൂർത്തിയായി  ബ്രഹ്മാവിനെയും ജുഡീഷ്യറിയുടെ പ്രയോഗമൂർത്തിയായി     സുബ്രഹ്മണ്യനെയും മനസ്സിൽ പ്രതിഷ്ടിച്ചുകൊണ്ട് നമുക്കീ കഥ പുനർവായനയ്ക്കെടുക്കാം.

മുൻ‌കൂർ അനുമതിയില്ലാതെ തികച്ചും അനൗദ്യോഗികമായൊരു   കൂടിക്കാഴ്ച്ച ക്കുവേണ്ടിയാണ്  ബ്രഹ്മദേവൻ ശിവസന്നിധിയിൽ എത്തിയത്. ഉന്നതസ്ഥാനങ്ങ ളിൽ ഇരിക്കുന്നവർക്കു   ചേർന്ന പെരുമാറ്റരീതിയല്ല ഇത്. സുബ്രഹ്മണ്യന്റെ  കർത്തവ്യബോധം അതിനെ നിരുൽസാഹപ്പെടുത്തി.
                           
താനേർപ്പെട്ടിരിക്കുന്ന കൃത്യനിർവഹണത്തിന്റെ   ഗൗരവം മനസ്സിലാക്കാതെ, തന്നെ അവഗണിച്ചു ശിവസന്നിധിയിൽ കടക്കാൻ ബ്രഹ്മദേവൻ നടത്തിയ ശ്രമത്തെ സുബ്രഹ്മണ്യൻ തടഞ്ഞു. അജ്ഞതയിൽ നിന്നും ഉടലെടുത്ത ധിക്കാരമായി ബ്രഹ്മാവിന്റെ പ്രവൃത്തിയെ സുബ്രഹ്മണ്യൻ വിലയിരുത്തി. 

ഋഗ്വേദത്തിലെ പ്രഥമ മന്ത്രം ഉരുവിടാൻ ബ്രഹ്മാവിനോട് ആവശ്യപ്പെട്ട സുബ്ര ഹ്മണ്യൻ മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന പ്രയോഗ തന്ത്രമാണ് നടപ്പിലാക്കി യത്.

സകലവിധ സൃഷ്ടികളുടെയും കർത്താവായ ശിവൻ വേദജ്ഞൻ കൂടിയാകാതെ  തരമില്ലല്ലോ. നിലമറന്ന് കാര്യഗൌരവമില്ലതെയാണ് അദ്ദേഹം പ്രവർത്തിച്ചത്. കളങ്കമില്ലാത്ത ജുഡീഷ്റിയുടെ പ്രതീകമെന്ന നിലയിൽ സുബ്രഹ്മണ്യൻ ഇവിടെ പ്രതികരിച്ചു.

അറിവിന്റെ സോപാനമെന്ന നിലക്കാണ് ഋഗ്വേദത്തിലെ പ്രഥമ മന്ത്രം ഇവിടെ വ്യാഖ്യാനിക്കപ്പെടെണ്ടത്.  കേവലമൊരു കാവല്ക്കരനിൽ നിന്നും അപ്രതീക്ഷി തമായി നേരിടേണ്ടി വന്ന ജ്ഞാനപരീക്ഷ്ക്കുമുന്നിൽ ബ്രഹ്മാവൊന്നു പരുങ്ങി.

തന്റെ മുന്നിൽ നില്ക്കുന്നതാരാണെന്നറിഞ്ഞുകൊണ്ടുതന്നെ   വിട്ടുവീഴ്ചയില്ലാതെ പെരുമാറുന്ന സുബ്രഹ്മണ്യൻ കറ  കളഞ്ഞ ജുഡീഷ്യറി യുടെ  പ്രയോക്താവായി ശോഭിക്കുന്നു.

                                       
കാരാഗൃഹത്തിൽ നിന്ന് ബ്രഹ്മാവിനെ മോചിപ്പിക്കാനുള്ള നിർദ്ദേശവുമായെ ത്തുന്ന   നന്ദികേശൻ ആധുനിക കോടതി സംവിധാനങ്ങളിലെ ശക്തനായൊരു അ ഭിഭാഷകന്റെ   പ്രതീകമാണ്.

സാക്ഷാൽ പരമേശ്വരൻ നേരിട്ടെഴുന്നെള്ളി ബ്രഹ്മാവിനെ മോചിപ്പിക്കുവാൻ ആജ്ഞാപിക്കുമ്പോൾ എതിർപ്പുകൂടാതെ സുബ്രഹ്മണ്യൻ അനുസരിക്കുന്നുണ്ട്.കീഴ്ക്കോടതി വിധിക്കെതിരെയുള്ള മേൽക്കൊടതിയുടെ ഇടപെടൽ ഇവിടെ പ്രതീകവൽക്കരിക്കപ്പെട്ടിരിക്കുന്നു.

ഓം കാരത്തിന്റെ അർഥവ്യാഖ്യാനം   നടത്താൻ ശിവൻ സുബ്രഹ്മണ്യനോടാവ ശ്യപ്പെടുന്നതും , സുബ്രഹ്മണ്യൻ അതിവിദഗ്ധമായി അർഥവ്യാഖ്യാനം നടത്തു ന്നതും സൂക്ഷ്മ തലങ്ങളിൽ മനസ്സിരുത്തി മനനം ചെയ്യേണ്ടതുണ്ട്.

വിശിഷ്ടമായതെന്തും നിത്യനൂതനങ്ങളാണെന്ന  വ്യാഖ്യാനത്തിന് കാലാതീത പ്രസക്തിയുണ്ട്.

കുറ്റമറ്റ വ്യവസ്ഥിതികളുടെ പരിപാലനത്തിനായി നിയമനിർമ്മാണച്ചുമതല വഹിക്കുന്നവരും നീതിനിർവ്വഹണച്ചുമതല വഹിക്കുന്നവരും നിക്ഷ്പക്ഷത യോടും സത്യസന്ധതയോടും കൂടി പൂരകശക്തികളായി വർത്തിക്കണമെന്നുള്ള മഹത്തായ സന്ദേശം ഈ സാങ്കൽപീക കഥയിലൂടെ വിളംബരം ചെയ്യപ്പെട്ടിരി ക്കുന്നു.

ത്രിമൂർത്തികളിൽ വിഷ്ണുവിന്റെ പ്രത്യക്ഷ സാന്നിദ്ധ്യം ഈ കഥയിൽ കടന്നു വരുന്നില്ല. എങ്കിൽപ്പോലും കാര്യനിർവഹണമേഖലയുടെ പരോക്ഷസാന്നിധ്യം നിറഞ്ഞു നില്ക്കുന്നതായി കാണാം.

ബ്രഹ്മാവ്‌ കാരാഗൃഹത്തിലടക്കപ്പെട്ടു എന്ന വിവരം ശിവന്റെ മുന്നിൽ റി പ്പോർട്ട് ചെയ്യുന്ന വീരബാഹുവും ദേവന്മാരും നന്ദികേശനുമൊക്കെ കാര്യ നിർവഹണച്ചുമതലയിൽ സജീവ സാന്നിധ്യം വിളിച്ചോതുന്നുണ്ട്.

വേദങ്ങൾ അറിവിന്റെ പരിണാമവളർച്ചയുടെ അടയാളങ്ങളാണ്. വ്യാഖ്യാന  ങ്ങൾ ബൗദ്ധീക വികാസത്തിന്റെ പ്രയാണവീഥികളും.

പുരാണങ്ങൾ നിത്യനൂതനങ്ങളായ ആശയങ്ങളുടെ ഖനികളാണ്. ഖനനവും മന നവുംഅനസ്യൂതം തുടരേണ്ട ബൗദ്ധീക പ്രക്രീയകളും. ഇപ്പറഞ്ഞ സന്ദേശങ്ങളാ ണ് ബ്രഹ്മാവിനെ തടങ്കലിലാക്കിയ സുബ്രഹ്മണ്യന്റെ കഥ വിളംബരം ചെയ്യു ന്നത്.

                        **********
                                      




Thursday, 24 April 2014

 

 

                         ഗണപതി എന്ന കാവ്യബിംബം 

     ഹിന്ദുക്കൾ ഏതൊരു നല്ല കാര്യവും തുടങ്ങുന്നതിനു മുൻപ് ഗണപതിപൂജ നടത്താറുണ്ട്‌. കാര്യങ്ങൾക്ക് വി ഘ്നങ്ങളുണ്ടാകാതി രിക്കുന്നതിനു വേണ്ടി യുള്ള മുന്കരുതലായാണ് അത് നിർവഹിക്കപ്പെടുന്നത്. 

തേങ്ങ ഉടക്കലാണ് ഗണപതിക്ക്‌ ഇഷ്ടപ്പെട്ട വഴിപാട്. അഹങ്തയാകുന്ന ചിരട്ട ഉടച്ച് അന്തക്കരണത്തെ നിർമ്മലമാക്കുക എന്ന പ്രതീകാർഥമാണ് തേങ്ങ ഉട ക്കൽ വഴിപാടിന് പിന്നിലുള്ളത്.

ഗണപതി ആര്?

     ത്രിമൂർത്തികളും മുപ്പത്തി മുക്കോടി ദൈവതങ്ങളും അടങ്ങുന്ന അതിബ്രു ഹ ത്തായൊരു ദൈവസങ്കൽപ്പമാണ് ഹിന്ദുക്കൾ വച്ചുപുലർത്തുന്നത്. മേൽപ്പറ ഞ്ഞ  ദൈവതങ്ങളിൽ പ്രഥമ ഗണനീയനാണ് ഗണപതി.

     ഹൈന്ദവ വിശ്വാസമനുസരിച്ച് ദേവഗണം പിതൃഗണം   എന്നിങ്ങനെ രണ്ടു ഗണ ങ്ങളാണ് ഉള്ളത്.ജ്ഞാനമണ്ടലതിലെക്കുള്ള ആരോഹണപഥത്തിലൂടെ സഞ്ചരി ക്കുന്നവരാണ് ദേവഗണങ്ങൾ. കർമ്മമണ്‍ഡലതിലെക്കുള്ള അവരോഹ ണ പഥത്തിലൂടെയാണ് പിത്രുഗണങ്ങളുടെ യാത്ര.

      ഗണങ്ങളുടെ നാഥൻ എന്ന അർഥത്തിൽ "ഗണപതി "എന്നും ഗണങ്ങളെ ഈശനം ചെയ്യുന്നവൻ എന്നാ അർഥത്തിൽ "ഗണേശൻ" എന്നും ഈ ദൈവതം അറിയ പ്പെടുന്നു.

ഗണപതി ശിവൻറെ പുത്രനാണ്. ആർവ്വാചീന സംസ്കാരം നിലനിന്നിരുന്ന കാലത്ത് ആദ്ധ്യാത്മീക ജീവിതത്തിൻറെ കേന്ദ്രബിന്ദു ശിവനായിരുന്നു . അന്നത്തെ ഗുരുമുഖ്യനും ശിവാൻ തന്നെയായിരുന്നു. ആർവ്വാചീന സംസ്കാരം ത്യാഗത്തെ സമുന്നതമായ ജീവിതമൂല്യമായി കണ്ടിരുന്നു. ആര്യ സംസ്കാര ത്തിൻറെ കടന്നുവരവോടുകൂടി സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായി.ഐഹീക ജീവിതത്തെ അനർഘമായി കരുതിയ ആര്യന്മാർ ജീവിത ത്യാഗത്തെ അനു കൂലിച്ചില്ല. ഐഹീകവും പാരത്രീകവുമായ പരമ സുഖത്തെയാണവർ കാംക്ഷിച്ചത്. സുന്ദരിമാരും പതിവൃതകളുമായ  ഭാര്യമാരും സൽപുത്രൻമാ രും സേവകരും സമ്പത്തും പ്രതാപവും  പ്രശസ്തിയും  അടങ്ങുന്ന ഐശ്വര്യ പൂർണ്ണമായ  ഐഹീക ജീവിതമാണവർ  ആഗ്രഹിച്ചത്‌. പ്രകാശത്തെയും അഗ്നിയെയും ആരാധിച്ച ആര്യന്മാർ യാഗപ്രിയന്മാർ കൂടിയായിരുന്നു.

ഗണപതി വ്യാസൻറെ കേട്ടെഴുത്തുപിള്ള

 ഭാരതത്തിൻറെ പാരമ്പര്യ വിജ്ഞാനപരിപാലകനായ വ്യാസൻ  മഹാഭാരതം രചിക്കുന്ന കാലം.രചന പൂർത്തിയായപ്പോൾ അതദ്ദേഹം ഗണപതിയെ ചോല്ലി ക്കേൾപ്പിച്ചു. അത് പകർത്തിയെഴുതണമെന്ന്  ആവശ്യപ്പെടുകയും ചെയ്തു. അത് കേട്ട് ഗണപതി പറഞ്ഞു:
  
"പകർത്തിയെഴുതാൻ ഞാൻ തയ്യാറാണ്. പക്ഷേ ഒരു വ്യവസ്ഥ. ചൊല്ലിത്തരാൻ തുടങ്ങിയാൽ പിന്നെ ഗ്രന്ഥം പൂർത്തിയാകുന്നതുവരെ  ഇടവേളയുണ്ടാകാൻ  പാടില്ല."

"ശരി അങ്ങനെതന്നെ ചെയ്യാം.പക്ഷേ ഒരു വ്യവസ്ഥ എനിയ്ക്ക് അങ്ങോട്ടും വയ്ക്കാനുണ്ട്‌.അർഥം പൂര്ണമായി ഗ്രഹിക്കാതെ ഞാൻ പറയുന്ന ഒരു വരിപോലും എഴുതരുത്."

വ്യാസൻ പറഞ്ഞു.

വ്യവസ്ഥ ഇരുവരും സമ്മതിച്ചു.

വ്യാസൻ മഹാഭാരതം ചൊല്ലിക്കൊടുത്തു. ഗണപതി തൻറെ മുറിക്കൊമ്പു  കൊണ്ട് മഹാമേരുവിന്റെ ഭിത്തിയിൽ മഹാഭാരതം കുറിച്ചു. അങ്ങനെ ഗണ പതി വ്യാസൻറെ കേട്ടെഴുത്ത് പിള്ളയായി. അർവ്വാചീനരുടെ ജീവിത ത്യാഗസി ദ്ധാന്തത്തെ ആര്യന്മാരുടെ ജീവിതാസ്വാദന സിദ്ധാന്തത്തോട് സമന്വ യിപ്പിക്കുക എന്ന മഹായജ്ഞമാണ് മഹാഭാരത രചനയിലൂടെ വ്യാസൻ നിർവ ഹിച്ചത്. ഈ യജ്ഞത്തിൽ വ്യാസന് സഹായിയും ശിഷ്യനുമായി ഗണപതി സഹകരിച്ചു. മേൽപ്പറഞ്ഞ അനുരന്ജനതിന്റെ മൌലിക പ്രകാശനം ഭഗവത് ഗീതയിലൂടെ കടന്നുപോകുമ്പോൾ കാണാനാവുന്നുണ്ട്.

ഗണേശ മൂർത്തി 

ആനയുടെ മുഖം , മുറം പോലെയുള്ള ചെവികൾ, ചെറിയ കണ്ണുകൾ, നീണ്ട തുമ്പിക്കൈ, മുറിഞ്ഞ കൊമ്പ്, കുടവയർ, ചതുർബാഹുക്കളിൽ മോതകവും വേദങ്ങളും മഴുവും കൊളുത്തും വളയവും, വഹിച്ച് താമര ആസനത്തിലാണ് ഗണപതി ഇരിക്കുന്നത്. സഞ്ചരിക്കുന്നത് എലിയുടെ പുറത്തു കയറിയും. കിരീടധാരികൂടിയാണ് ഗണേശമൂർത്തി.

ഭാരതീയമായ ഏതൊരു മൂർത്തീസങ്കല്പതിനു പിന്നിലും ചിന്തോദ്ദീപകമായ പ്രതീകാർഥങ്ങൾ ഒളിഞ്ഞു കിടക്കുന്നുള്ളതായി കാണാം. ഗണേശ മൂർത്തിയുടെ പിന്നിൽ ഒളിഞ്ഞു കിടക്കുന്ന പ്രതീകാർഥങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊ ന്ന് പരിശോധിക്കാം.

വലിയ ചെവികൾ

ഗുരുമുഖത്തുനിന്നുംപുറപ്പെടുന്ന വിജ്ഞാനസംപത്ത് കേട്ടു പഠിക്കുക എന്ന ശിക്ഷണ സമ്പ്രദായം നിലനിന്നിരുന്ന കാലത്താണ് മഹാഭാരത രചന നടക്കുന്ന ത്.ഗണപതി അത് കേട്ടെഴുതിയതോടുകൂടി ആദ്യത്തെ ലിഖിത ഗ്രന്ഥം പുറത്തു വന്നു.

അതിഗഹനങ്ങളായ വിജ്ഞാന സംപത്തുക്കളാണ്  മഹാഭാരതത്തിലൂടെ വ്യാ സൻ പകർന്നു തരുന്നത്. ഒറ്റ ഇരിപ്പിലിരുന്ന് അതു  മുഴുവൻ കുറിച്ചെ ടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതീവ ശ്രദ്ധയും ജാഗ്രതയും അതിനാ വശ്യമാണ്. പുറം കാതു കൂർപ്പിച്ച് ശ്രദ്ധാപൂർവ്വം ശ്രവിച്ച് അകക്കാതിലേക്ക് സന്ദേശങ്ങൾ കൈമാറി മനനം നടത്തിയ ശേഷമായിരുന്നു വ്യാസന്റെ വരികൾ ഗണപതി പകർത്തിയത്. ശ്രവണ സൂക്ഷ്മതയുടെ പ്രതീകമാണ് മുറം പോലെയുള്ള വലി യ ചെവികൾ.

ചെറിയ കണ്ണുകൾ

മൂക്കിന്റെ ധർമ്മം ഘ്രാണനമാണ്. ഘ്രാണത്തിലൂടെ  ത്യാജ്യവും ഗ്രാഹ്യവും തിരിച്ചറിയാൻ കഴിയും. ഭോജ്യവും അഭോജ്യവും കണ്ടെത്താനുമാവും. ത്യാജ്യ -ഗ്രാഹ്യ വിവേചന ബുദ്ധിയുടെ ഗുരുത്വമാണ് ഗണപതിയുടെ നീണ്ട തുമ്പിക്കൈ പ്രതീകവൽക്കരിക്കുന്നത്.

മുറിക്കൊമ്പ്

ഗണപതി   മുറിക്കൊമ്പനാണ്. ഐതീഹ്യപ്രകാരം പരശുരാമനാണ് ഗണപതി യുടെ കൊമ്പു മുറിച്ചത്. ഈ ഐതീഹ്യത്തിനു പിന്നിൽ വലിയ ഒരു രഹസ്യം ഒളിഞ്ഞു കിടക്കുന്നുണ്ട്. 

ശിവൻ അബ്രാഹ്മണ്യ ദേവനാണ്.പരശുരാമൻ ബ്രാഹ്മണ്യവാദിയും. സാംസ്കാ രികമായി വിരുദ്ധ ധ്രുവങ്ങളിൽ   നിലയുറപ്പിച്ചിരുന്ന ഇരുവരും ഗുരു-ശിഷ്യ ബന്ധവും പുലർത്തിയിരുന്നു. 

അനുവാദമില്ലാതെ ശിവനെ കാണാനെത്തിയ പരശുരാമനെ ഗണപതി തടഞ്ഞു. തന്റെ വ്യക്തിത്വത്തിന്മേലുള്ള ആട്മാവിശ്വാസമാണ്   ഗണപതിയെ അതിനു പ്രേരിപ്പിച്ചത്. കൊമ്പ് വ്യക്തിത്വത്തിന്റെ സൂചികയാണ്. വ്യക്തിത്വത്തിൽ അഹന്ത പാടില്ല എന്നാണ് പരശുരാമൻ നടത്തിയ ദന്തഭംജനത്തിന്റെ ഒരർഥം. 

മുറിക്കൊമ്പുകൊണ്ട്    മഹാഭാരതം കേട്ടെഴുതിയ ഗണപതി പരശുരാമന്റെ നിലപാടിനെ പുല്ലുപോലെ പുഛിച്ചു തള്ളി.   അനാര്യസംസ്കാരത്തിന്റെ        പ്രചാരകനായിരിക്കെതന്നെ ആര്യസംസ്കാരത്തെ ഉൾക്കൊള്ളാൻകൂടി    തയ്യാ റായവനാണ്     ഗണപതി. അതിന്റെ പ്രതീക സൂചകമായും മുറിക്കൊമ്പിനെ വ്യാഖ്യാനിക്കാം. 

മോതകവും വേദങ്ങളും

ഇടതു കയ്യിൽ   മോതകവും വലതു കയ്യിൽ വേദങ്ങളും വഹിച്ചാണ് ഗണപതി ഇരിക്കുന്നത്. മോതകം വിശപ്പടക്കാനും വേദങ്ങൾ വിജ്ഞാനദാഹം ശമിപ്പി ക്കാനും ഉള്ളതാണ്.വിശപ്പ്‌ ഭൗതീകവും വിജ്ഞാനദാഹം ആത്മീ യവുമാണ് ഈ രണ്ടാവശ്യങ്ങളും സാധിച്ചെടുക്കേണ്ടത്തിന്റെ അനിവാര്യതയിലേക്കാണ് മോതകവും വേദങ്ങളും വിരൽ  ചൂണ്ടുന്നത്.

ഗണപതിയുടെ ഉയർത്തിപ്പിടിച്ച കൈകളിലോന്നിൽ മഴുവും കൊളുത്തുമുണ്ട്. മറുകയ്യിൽ ചരടു കൊണ്ടുണ്ടാക്കിയ ഒരു വളയവും കാണാം. അജ്ഞാനമാകു ന്ന  കാടുകളും പടലുകളും വെട്ടിത്തെളിച്ച് മനസ്സിനെ ശുദ്ധീകരിക്കാനുള്ള പ്രതീ കായുധമാണ് മഴു. ആനയെ തോട്ടികൊണ്ട് നിയന്ത്രിക്കുന്നതുപോലെ മനസ്സിനെ നിയന്ത്രിച്ചു നിർ ത്തേണ്ടതിന്റെ അനിവാര്യതയിലേക്ക് കൊളുത്ത് എന്ന പ്രതീ ക ചിഹ്നം വിരൽ ചൂണ്ടുന്നു.ഗണങ്ങൾ വഴി തെറ്റിയാൽ അവരെ പിടിച്ചുകെട്ടി നേർവഴിയിലൂടെ നയിക്കാനുള്ളതാണ് ചരടിൽ തീരത വളയം.

ഭൗതീക സംതൃപ്തി കൈവരിക്കാതെ ആത്മീയസംതൃപ്തി നേടാനാവില്ല. ഗണ പതിയുടെ കുടവയർ ഭൗതീകസംതൃപ്തിയുടെ  പ്രതീകചിഹ്നമാണ്.

ഭരണാധികാരികൾക്ക് കിരീടം ധരിക്കാൻ അവകാശമുണ്ട്‌. വിജ്ഞാനസമ്രാ ട്ടിന്റെ കിരീടമാണ് ഗണപതി ശിരസ്സിൽ അണിഞ്ഞിരിക്കുന്നത്‌. ജ്ഞാനസാ മ്രാജ്യത്തിലെ സർവ്വാധിപതിയാണ് കിരീടം വെച്ച ഗണപതി.

എലി വാഹനം 

കയ്യിൽ  മോതകം വഹിച്ച എലിയുടെ പുറത്തു കയറിയാണ് ഗണേശന്റെ സഞ്ചാരം. ഭൗതീകജീവിതത്തിന്റെ അടിസ്ഥാനം ആഹാരമാണ്. ചെറുതും വലുതുമായ എല്ലാ ജീവികൾക്കും ആഹാരം കൂടിയേ തീരൂ.എലിയുടെയും ഗണേശന്റെയും കൈകളിലെ മോതകം ആ അനിവാര്യതയുടെ പ്രതീക സൂച കമാണ്. 

ഗജസമാനനായ ഗണപതിയ്ക്ക് വാഹനം ചുണ്ടെലി! ഹാസ്യാത്മകമായ ഈ സങ്കല്പ്പത്തിന്റെ പൊരുൾ എന്താണ്? 

നിസ്സാരനായ ചുണ്ടെലിയ്ക്ക് ഭീമാകാരനായ ഗണേശനെ ചുമക്കണമെങ്കിൽ അഭൗമശക്തി കൂടിയേ തീരൂ. ആഹാരസമ്പാദനതിനു വേണ്ടിവരുന്ന അദ്ധ്വാന ത്തിന്റെയും ലഭിക്കുന്ന പ്രതിഫലത്തിന്റെയും മൂല്യങ്ങൾ തമ്മിലുള്ള ഹാ സ്യാത്മകമായൊരു താരതമ്യമാണ്‌ മൂർത്തീസങ്കൽപ്പം നടത്തിയ കലാകാരന്റെ ഭാവനയിൽ വിരിഞ്ഞത്.

താമര ആസനം 

താമരയിതളിന്റെ ആകൃതിയിലുള്ള ആസനതിലാണ് ഗണപതി ഇരിക്കുന്നത്. ധ്യാനജന്യമായ  ആധ്യാത്മജ്ഞാനത്തിന്റെ പ്രതീകമാണ് താമര. വിജ്ഞാനനിധിയായ ഒരു ഗുരുവിനല്ലാതെ   മറ്റൊരാൾക്കും അതിൽ ഇരിക്കാൻ യോഗ്യതയില്ല. 

സാധാരണ ഭക്തന്മാർ മേല്പ്പറഞ്ഞ രഹസ്യങ്ങളൊന്നും അറിയാതെയാണ് ഗണേശ പൂജ നടത്തുന്നത്. ഗണേശസങ്കൽപത്തിന്റെ പിന്നിലുള്ള പ്രതീക രഹസ്യങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞാൽ ഗണേശ പൂജയുടെ അനിവാര്യത കൂടി അറിഞ്ഞിരിക്കാൻ അത് സഹായിക്കും. 

                                         


                                                   

  

Perillaakkavitha (POEM)

പേരില്ലാക്കവിത

 

വർണ്ണം വിവേചിച്ചറിയുന്ന ചക്ഷുസ്സെ
നീ കണ്ടതേതൊരു വർണ്ണപ്പകർച്ച?
മഞ്ഞയോ, കാവിയോ, ചെഞ്ചായപ്പെരുപ്പോ?
പച്ചയോ,നീലയോ, തൂവെണ്മയോ ?

മഞ്ഞക്കുള്ളിലെ മഞ്ഞിമ കണ്ടുവോ?
കാവി നിറപ്പൊരുളെന്തെന്നറിഞ്ഞുവോ?
ചെഞ്ചായ വർണ്ണ പ്രതീകങ്ങൾ തേടിയോ?
പച്ചക്കുള്ളിലെ പച്ചപ്പറിഞ്ഞുവോ?
നീലത്തിൽ മുങ്ങി നീലിമ കണ്ടുവോ?
തൂവെണ്മയെന്തെന്നും നീയറിഞ്ഞോ?

ലക്കും ലഗാനുമില്ലാതെ കുതിക്കുന്ന 
തിമിരം പിടിച്ച വിവേകശൂന്യേ!
ലക്‌ഷ്യം തിരിക്കുക! തപം ചെയ്തു 
പുണ്യങ്ങൾ നേടാൻ ശ്രമിക്കൂ! നിനക്ക് സ്വസ്തി.

Wednesday, 23 April 2014

Gunathraym (POEM)

 ഗുണത്രയം 



അസ്ഥിഖണ്‍ഡം വായിലുണ്ടോ
നിഴല് കണ്ടും നായ്‌  കുരയ്‌ക്കും
വിശന്നു  വക്ത്രം തുറന്ന മത്സ്യം
രക്തബന്ധം  വിസ്മരിക്കും
ദുഗ്ധചഷകംകണ്ട പൂച്ച
യ്ക്കുച്ചനേരവുമർത്ധരാത്രി

ദീപനാ ള പ്രഭയിലന്ന
ക്കൊതിമുഴുത്ത്‌
പറക്കുമീയാം പാറ്റ -
യഗ്നി ചിറകിലേറി
കരുണയറ്റ  മൃതിപ്പിശാചിൻ

വക്ത്രദ്വാരക്കുഴിയിൽ വീഴും
അനുഭവങ്ങൾ ഇളം മുറയ്ക്ക്
പകർന്നു നല്കാനില്ലോരാളും

മലയിളക്കി
പ്പെരുമരങ്ങൾ
കടപുഴക്കി
കലിമുഴുത്ത്
കുതിച്ചുപായും
തടിനിവക്കിൽ
പകച്ചുനിൽക്കാ
തിടക്കു മുങ്ങി
പൊങ്ങി വീണ്ടും
തലയുയർത്തി
കലിയടങ്ങി പുഴ തെളിയാൻ
കാത്തുനിൽക്കും  രോഷഹീനൻ
ആറ്റുവഞ്ഞിക്കില്ല നാശം

ഗുണത്രയത്തിൻ കളിവിലാസ-
പ്പെരുമ വാഴ്വിൻ പൊരുളറിയാൻ
അഞ്ചു കണ്ണും ഉള്ളടക്കി
കരുണയാർന്ന മഹേശപാദ-
സ്മരണ ചെയ്യാം തെളിയുമെല്ലാം