Tuesday, 28 October 2014

  1. വൃക്ഷപുത്രി മാരിഷ

    ഗോമതി നദിയിലെ കുഞ്ഞോളങ്ങൾ പുലർകാലസൂര്യരശ്മികളേറ്റു വെട്ടി ത്തിളങ്ങി. നദിക്കര ശാന്തം. കുന്ണ്ടുമഹർഷിയുദെ അധര പുടങ്ങളിൽ നിന്നും ഗായത്രീ മന്ത്രം അണ മുറിയാതൊഴുകി. പച്ചപ്പട്ടുടയാട ചുറ്റി ലാസ്യഭാവം പൂണ്ട പ്രമ്ലോചയുടെ മിഴികൾ മഹർഷിയുടെ മുഖപദ്മം ഉഴിഞ്ഞു.മഹർഷി ധ്യാനത്തിൽ നിന്നുമുണർന്നു. ഇരുവരുടെയും കണ്ണു കൾ  തമ്മിലുടക്കി. പ്രമ്ലോച വ്രീളാവതിയായി ഒരു മരത്തിനു പിന്നിൽ മറഞ്ഞു.മദനാസ്ത്രങ്ങളേറ്റു പരവശനായിത്തീർന്ന മഹർഷി അവൾക്കു നേരെ കുതിച്ചു. പ്രമ്ലോചയുടെ സ്തനകുംഭങ്ങൽ ഞെരിഞ്ഞുടഞ്ഞു. അവൾ രതിമൂർഛയിൽ ആറാടി. 

    വർഷങ്ങൾ കടന്നുപോയത് മഹർഷി അറിഞ്ഞില്ല. രാസലീലകളിൽ ആകൃ ഷ്ടനായി പ്രമ്ലൊചയുമൊത്ത് എല്ലാം മറന്ന് അദ്ദേഹം രമിച്ചു. നൂറു വർഷ ങ്ങൾ അങ്ങനെ പിന്നിട്ടു. ഒരു ദിവസം മഹർഷിയോടവൾ പറഞ്ഞു:
    ''മഹാര്ഷേ! എനിക്കു വിട കൊള്ളാൻ സമയമായിരിക്കുന്നു. എന്നെ പോകാൻ അനുവദിച്ചാലും.''
    ''ധൃതി കൂട്ടാതിരിക്കൂ.പോകാൻ വരട്ടെ. അൽപനേരം കൂടി എന്നെ ആന ന്ദിപ്പിക്കൂ " അപ്സരാമണിയുടെ പാൽക്കുടങ്ങൾ തഴുകിക്കൊണ്ടു മഹർ ഷി പറഞ്ഞു.എല്ലാം മറന്നവർ വീണ്ടും രമിച്ചു.അനേക ശതം വർഷങ്ങൾ വീണ്ടുമങ്ങനെ കടന്നുപോയി.

    ഒരു  സായം സന്ധ്യ.ആശ്രമ പരിസരം ശാന്തം.   ഉൾവിളി കേട്ടിട്ടെന്നപോലെ മഹർഷി പുറത്തേക്കിറങ്ങി. 
    ''ഈ അസമയത്തു അങ്ങെവിടെ  പോകുന്നു? ''
    സ്നേഹം വഴിഞ്ഞൊഴുകുന്ന സ്വരത്തിൽ പ്രമ്ലോച ചോദിച്ചു.
    ''സന്ധ്യാവന്ദനത്തിനുള്ള സമയം അതിക്രമിക്കുന്നു.വേഗം പൂജക്കു വേണ്ട ഒരുക്കങ്ങൾ ചെയ്യൂ.'' മഹർഷി നിര്ദ്ദേശം നല്കി.
    ''തൊള്ളായിരത്തിയെഴു വർഷവും ആറു മാസവും പൂജകളും സന്ധ്യാവന്ദനങ്ങളുമില്ലാതെ ഈ ആശ്രമം ശൂന്യമായിക്കിടന്നു. ഇന്നിപ്പോൾ വിശേഷിച്ചിങ്ങനെ ഒരു തോന്നലുണ്ടാകാൻ എന്തേ കാരണം? വരൂ പ്രഭോ! ഈയുള്ളവളെ ആനന്ദിപ്പിക്കൂ.''
    പ്രമ്ലോച വികാരവതിയായി മഹർഷിയുടെ കരം ഗ്രഹിച്ചു.
    മഹർഷിയുടെ ഭാവം മാറിയത് പെട്ടെന്നായിരുന്നു. അദ്ദേഹം അടിമുടി വിയർത്തു വിറച്ചു.
    ''ദുഷ്ടേ ! കൈ വിടൂ.എനിക്കെല്ലാം മനസ്സിലായി.   ദീർഘകാലത്തെ ശ്രമം കൊണ്ട് ഞാനാർജ്ജി ച്ചെടുത്ത       തപശക്തി കവർന്നെടുക്കാൻ വേണ്ടി ഇന്ദ്രൻ നിയോഗിച്ച സ്വർലോക വേശ്യയാണ് നീ! അല്ലെ? പോകൂ... എൻറെ കണ്‍വെട്ടത്തുനിന്നും എന്നെന്നേക്കുമായി പോകൂ. ''
    മഹർഷി അവളെ ശകാരിച്ചു.
    പ്രമ്ലോച വിരലി വിയർത്തു. അവൾ മഹർഷിയുടെ പാദങ്ങളിൽ വീണു പൊട്ടിക്കരഞ്ഞു മാപ്പിരന്നു.
    ''വഞ്ചകീ! ദുർമാർഗ്ഗചാരിണീ! ദുഷ്ടേ! പറഞ്ഞതു കേട്ടില്ലേ? എന്റെ കണ്മുന്നിൽ മേലിൽ നിന്നെ കണ്ടുപോകരുത്. പോകൂ....''

    കണ്ടുമഹർഷിയുടെ ആക്രോശം ആ സുന്ദരിയെ തളർത്തിക്കളഞ്ഞു. കണ്ണീർ വാർത്തുകൊണ്ട് അവൾ ആകാശമാർഗ്ഗം ദേവലോകത്തേക്ക് കുതിച്ചു.
    കാശ്മീരവർഷം പോലെ അവളുടെ ശരീരത്തുനിന്നും പൊടിഞ്ഞ്‌ ഒ ഴുകി യ വിയർപ്പുതുള്ളികൾ വൃക്ഷത്തലപ്പുകൾ ഒപ്പിയെടുത്തു. കുണ്‍ഡു സമ്മാനിച്ച ഗർഭം പ്രമ്ലോചയുടെ അടിവയറ്റിൽ ഇളകിമറിഞ്ഞു. ഹൃദയ മിടിപ്പുകളുടെ മിടിപ്പുകളുടെ ആവേഗത്തിൽ ആ ഗർഭം വിയർപ്പുതുള്ളി കളായി പ്രമ്ലോചയുടെ രോമകൂപങ്ങളിലൂടെ പുറത്തു ചാടി. വൃക്ഷത്തല പ്പുകൾ അതും ഒപ്പിയെടുത്തു. 

    മന്ദസ്മിതം തൂകിയെത്തിയ മന്ദാനിലൻ വൃക്ഷത്തലപ്പുകളെ തഴുകി. വിയർപ്പുതുള്ളികളായി പരിണാമം പ്രാപിച്ച പ്രമ്ലോചയുടെ ഗർഭം ഒരു പെണ്‍കിടാവായി രൂപാന്തരപ്പെട്ടു. വൃക്ഷപുത്രി എന്ന അർഥത്തിൽ ആ കിടാത്തി 'മാരിഷ' എന്ന പേരിൽ പ്രസിദ്ധി നേടി.
                                                                                 
                                                                                        (വിഷ്ണുപുരാണം  അവലംബം )

Thursday, 25 September 2014

EKALVYAN PRATHIKARIKKUNNU

ഏകലവ്യൻ പ്രതികരിക്കുന്നു.

കൂട്ടം പിരിഞ്ഞതാ മണ്ടുന്നു മാനുകൾ
ചിറകടിച്ചുയരുന്നു വാനിൽ ഖഗങ്ങൾ
കട പുഴകി മറിയുന്നു വന്മരങ്ങൾ
അമരുന്നു, ഞെരിയുന്നു, ചെറുസസ്യജാലം.
ഉൾക്കാടു  വെട്ടിത്തെളിച്ചു മദിച്ചെന്റെ
കളരിത്തറയിലേക്കെത്തുന്നു യോദ്ധാക്കൾ.
സംഹാരരുദ്രനെപ്പോലതാ മുന്നിൽ
ക്രോധാഗ്നി പാറിച്ചടുക്കുന്നു ദ്രോണർ!
''ആരാണ് നിൻ ഗുരു?
ശബ്ദലക്ഷ്യത്തിലസ്ത്രം പിഴക്കാതെ
എയ്യാൻ പഠിപ്പിച്ചതാര് നിന്നെ ?
അർഹതയില്ലാത്ത കയ്യിലിരുന്നാൽ
ധനുർവിദ്യ വിശ്വം മുടിക്കുന്നൊരഗ്നി!
നൈഷധന്മാർക്കു ശ്രുതികൾ വിലക്കിയ
ധനുർവിദ്യയെങ്ങനെ സ്വായത്തമാക്കി നീ?
ചൊല്ലൂ നിഷാദജാ ആരാണ് നിൻ ഗുരു?''
വെറുപ്പും ചൊരുക്കും കലർന്ന ചോദ്യാഗ്നി
ഗുരുജിഹ്വയിൽ കത്തിയാളിത്തെളിഞ്ഞു ...
''അനുഗ്രഹിച്ചാലും ഗുരോ, തവ ശിഷിശ്യനീഞാൻ
ശിരസ്സിൽ കരം വച്ചനുഗ്രഹിച്ചാലും ''.
ഭക്തി പുരസരം ആചാര്യപാദം
നമിച്ചപേക്ഷിച്ചു ഞാനാരണ്യ ബാലൻ .
പാദങ്ങൾ പിൻവലിച്ചാചാര്യ ദേവൻ !
മണ്ണു കുഴച്ചൊരു പ്രതിമയുണ്ടാക്കി ഞാൻ
പൂവിട്ടു പൂജിച്ചു- ധൂപം പുകച്ചു;
സാഷ്ടാംഗമാമണ്‍പ്രതിമക്കു മുന്നിൽ
കുമ്പിട്ടു പൊട്ടിക്കരഞ്ഞു നിത്യം.
വിദ്യാനിഷേധം നടത്തുന്ന ക്രൂരമാം
ജാതിനീതിയോർത്തശ്രുധാരയൊഴുക്കി...
നാൽപ്പത്തിയൊന്നു ദിവസം കഴിഞ്ഞു;
മാനസാചാര്യനെയുള്ളിൽ സ്മരിച്ചു
ഭക്തിപുരസരം വില്ലു  കുലച്ചു
അസ്ത്രങ്ങളെൻ വിരൽത്തുമ്പിൽ കളിച്ചു!
   അങ്ങയെത്തന്നെ ഗുരുവായ് ഗണിച്ചു
മാനസപൂജകളർപ്പിച്ചു നിത്യം
 അവിടുന്നു തന്നെയാണെൻ ഗുരുനാഥൻ
ശിരസ്സിൽ കരം വച്ചനുഗ്രഹിചാലും .''
ഗുരുപാദധൂളി മുകർന്നു ഞാൻ പിന്നെയും.
''ശിഷ്യനാണെങ്കിൽ നീ ദക്ഷിണ വയ്ക്കുക
വലതു   പെരുവിരലെത്രയുമുത്തമം.''
നിസ്സംഗ ഭാവേന ചൊല്ലീ ഗുരുവരൻ
ഗൂഡസ്മിതം തൂകി വാസവനന്ദനൻ
കണ്മുന്നിലിരുളിന്റെ പൈശാച നൃത്തം
സിരകൾ പിളർക്കുന്ന രക്തസമ്മർദ്ദം
മസ്തിഷ്കപാളിയിൽ വിദ്യുത്പ്രവാഹം
 ഇടനെഞ്ചിനുള്ളിൽ ഇടിനാദഘോഷം ....
ആചാര്യനെന്തിനെൻ പെരുവിരൽദക്ഷിണ ?
ഗുരുവരനെന്നെ പരീക്ഷിക്കയാവാം
ദക്ഷിണ നൽകാതുറയ്ക്കില്ല വിദ്യ
ഊന്നിപ്പറയുന്നു ധർമ്മശാസ്ത്രങ്ങളിൽ ..
ധർമ്മഞാഞ്ഞൂലുകൾ പുളയുന്ന ചൂണ്ടൽ
ആരോ വലിച്ചെറിഞ്ഞുന്നം പിഴച്ചില്ല.
ഒരു മാത്ര നാക്കിലത്തുമ്പിൽ പിടഞ്ഞു
നിണത്തുള്ളിയിറ്റിറ്റു വാർന്നെൻ പെരുവിരൽ
നിശ്ചലമായി- ഗുരു ഊറിച്ചിരിച്ചു !
ശാസ്ത്രങ്ങൾ ചൊല്ലുന്നു- ''ധർമ്മം തുണയ്ക്കും''
ഞാനിന്നു ചൊല്ലുന്നു- ''ധർമ്മം ചതിക്കും''.

കുറിപ്പ്

കാട്ടിലെ ഇഞ്ചത്തലയും നാട്ടിലെ ശൂദ്രത്തലയും തല്ലിച്ചതക്കണം.  ബുധിരാക്ഷ സീയതയുടെ ഈ കണ്ടുപിടിത്തത്തിനു സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ശതാ ബ്ദങ്ങൾ തോറും ഇത് ആവർത്തിക്കപ്പെടുന്നു .   ധർമ്മത്തിൽ പൊതിഞ്ഞ അധർമ്മം കാലത്തെ അതിജീവിച്ച് സംഹാരതാണ്‍ഡവം തുടരുന്നു.

Wednesday, 24 September 2014

അടരുകൾ

മഹാഭാരതത്തിന്റെ എടുകളിൽനിന്നുമെടുത്ത ഏതാനും അടരുകളുടെ കാവ്യാവിഷ്ക്കാരമാണ് ഈ ഭാഗത്ത് ചേർത്തിട്ടുള്ളത് . ഭാരതകഥാ സന്ദർഭങ്ങളെ ആധുനീക സമസ്യകളുമായി കൂട്ടിവയിക്കുന്നതിനാണ് കൂടുതൽ ഊന്നൽ .നൽകിയിട്ടുള്ളത്.

ASHWATDHAAMA HATHA

അശ്വത്ഥാമാ  ഹത:

അശ്വത്ഥാമാ ...
അശ്വത്ഥാമാ....
അശ്വത്ഥാമാ......
ധർമ്മാത്മജന്റെ വിലാപധ്വനി!
നേർത്തു നേർത്തുയിരറ്റ ദീനധ്വനി !!
 അസ്ത്രം തൊടുത്തു പിടിച്ച പെരുവിരൽ
ത്തുമ്പൊന്നയഞ്ഞു - ദ്രോണചിത്തം കലങ്ങി :
ആയുധം തേർത്തട്ടിൽ വച്ചു മഹാഗുരു.

 
കബന്ധങ്ങൾ തുള്ളിയുറയുന്നു മുന്നിൽ!
കൂളികളാർത്തു മദിക്കുന്നു ചുറ്റും!!
പുത്രന്റെ ശിരസ്സറ്റ ദേഹത്തു ചുണ്ടുക-
ളാഴ്ത്തുന്നു, കൊത്തി വലിക്കുന്നു കഴുകുകൾ!
കാണുന്നതൊക്കെയും ഭീകര ദൃശ്യങ്ങൾ 
കണ്ണുകൾ പൂട്ടിയടച്ചു ഭാരദ്വജൻ ...

"സാരഥിയറിയേണ്ടതശ്വരക്ഷാവിധി 
കുതിരാലയത്തിലാണതിനുള്ള  ശിക്ഷണം.
ഗർദ്ദഭയൊനിയിലശ്വം   പിറക്കാൻ 
ഉദയം പടിഞ്ഞാറു  ദിക്കിൽ നടക്കണം .
ക്ഷത്രിയർക്കെന്നിയെ ധനുർവിദ്യ മറ്റാർക്കു
മേകുവാൻ വിധിയില്ല - നാമെന്തു ചെയ്യും ?''

ഗൂഡോക്തികൾ ചൊല്ലി നെഞ്ചു വിരിച്ചതാ 
കൂസാതെ നിൽക്കുന്നു മുന്നിൽ സൂര്യാത്മജൻ .

''ഉന്മാദമസ്തകത്തോടുപൊടിഞ്ഞൊരു
കുഞ്ചരൻ കൊമ്പു കുത്തിച്ചെരിഞ്ഞു!
ഗൂഡമായാവാർത്ത ചൊല്ലീ യുധിഷ്ഠിരൻ 
പുത്രൻ മരിച്ചെന്നു തെറ്റിദ്ധരിച്ചതാ 
കർമ്മവീര്യം ചോർന്നു നിൽക്കുന്നു ദ്രോണർ!
ഒരു ദീന പശ്ചാത്തലത്തിൽ മുഴങ്ങിയ 
വ്യക്തിനാമധ്വനിക്കിത്ര സ്വാധീനമോ?
വില്ലാളിവീരൻ നിഷാദക്കിടാത്തന്റെ
കർമ്മമർമ്മം മുറിച്ചൂറിച്ചിരിച്ചപ്പോൾ
ഉള്ളു കുളിർപ്പിച്ച ഗരളത്തിളപ്പിന്റെ
യാവേഗമെങ്ങു പോയ്‌? ഉന്മാദമെങ്ങു പോയ്‌?''

വഗായുധങ്ങളയക്കുന്നു ക്രുദ്ധനായ്
പെരുവിരൽ ഛെദിച്ചു മാനസ്സാചാര്യനു 
ദക്ഷിണ നൽകിയോനതുല പ്രഭാവൻ.

മിഴി പൂട്ടി യോഗനിദ്രയിലാഴുവാൻ 
ഏറെപ്പണിപ്പെട്ടു ദ്രോണമഹാഗുരു
കാർ മൂടി വാനമിരുണ്ടു കറുത്തു;
 പ്രചണ്‍ഡ ധൂളീക്കൊടുംകാറ്റ് വീശി;
പാഞ്ഞടുക്കുന്നതാ ധൃഷ്ടദ്യുമ്നൻ 
തീയിൽ പിറന്നവൻ, പാഞ്ചാലനന്ദനൻ !

നിമിഷാർദ്ധ നേരം - കൊടുവാളുയർന്നു;
കേട്ടൂ വിലാപം! ഘ്രുതാചീ വിലാപം!
കൊണ്ടൽമറ നീക്കിയില്ല ദിനച്ചക്ഷു 
കുരുക്ഷേത്ര ഭൂമി ശ്മശാന മൂകം.


SHAMBUKA VILAAPAM

ശംബുക വിലാപം 

ത്രേതായുഗ സന്ധ്യ- അയോധ്യാപുരിയിലെ
ഉദ്യാനഭൂമിയിൽ ചെറു തെന്നൽ പ്രവാഹം.
യമപുരകവാടത്തിലോടാമ്പൽക്കിലുക്കം !
പശ്ചാത്തലത്തിലൊരു വിപ്രന്റെ രോദനം.
ചഞ്ചലിത ബുദ്ധിയിൽ  അഗ്നിസ്ഫുലിംഗം 
രാജസിംഹാസനക്കാലിന്നിളക്കം !

 ദിക്കുകളെട്ടുമരിച്ചു  പെറുക്കി 
കിങ്കരന്മാർ -  വേദ സംരക്ഷകന്മാർ .

 ഉൾക്കാടിനുള്ളിൽ ഒരാലിൻ ചുവട്ടിൽ 
ആഗമപ്പൂമഴ പെയ്യുന്നു ശാന്തം.  
ധ്യാനനിമഗ്നനൊരുവ്യാധ പണ്ഡിതൻ 
ജ്ഞാനാമൃതത്തിൻ    ലഹരിയിലാണയാൾ 
മിഴിനട്ടു നിൽക്കുന്നു പ്രാണികുല സഞ്ചയം 
നിശ്ചേഷ്ടനാണവിടെ  മാരുതൻ പോലും.

 ഉറയിൽനിന്നൊരു വാളുയർന്നു താണു 
ഗളമറ്റ ശിരസ്സൊന്നുരുണ്ടു കാട്ടിൽ 
അഷ്ടദിക്പാലകർ ഞെട്ടിത്തരിച്ചു  
കൊണ്ടൽ മറയിലൊളിച്ചൂ ദിവാകരൻ .

മിഴി പൊത്തി വനദുർഗ്ഗ - കാടിരുണ്ടൂ 
കൂവീ സൃഗാലർ, മൂലീയുലൂകികൾ... 
പട്ടടയിൽ വച്ചൊരു വിപ്രന്റെ പ്രേതം 
മിഴി തുറന്നുച്ഛാസ കർമ്മം കഴിച്ചുപോൽ !

കുറിപ്പ് 

വാല്മീകി രാമായണത്തിൽ നിന്നുമെടുത്ത ഈ കഥാസന്ദർഭം യാഥാസ്ഥിതീക ചിന്തയുടെ ബീഭൽസ മുഖം അനാവരണം ചെയ്യുന്നു.വിദ്യയുടെ ജനകീയവൽ ക്കരനം യാഥാസ്ഥിതീക താല്പര്യങ്ങളെ ഹനിക്കുമെന്ന് മനസ്സിലാക്കിയ ബുദ്ധിരാക്ഷസന്മാർ വിദ്യയെ അവരുടെ കുത്തകയാക്കിത്തീർക്കാൻ വേണ്ടി പൈശാചികതയുടെ ഏതറ്റം വരെയും പോകാൻ തയ്യാറായി.അവശരും അശ രണന്മാരും അവരുടെ കാൽക്കീഴിൽ ഞെരിഞ്ഞമർന്നു. കാലാജ്ഞയെ ലംഘിച്ചുകൊണ്ട് അതിന്നും ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

              



Tuesday, 23 September 2014

SHARA SHAYYA

ശര ശയ്യ

അസ്ത്രം തൊടുത്തതാ മുന്നിൽ ശിഖണ്‍ഡി 
പിന്നിൽ നിഴൽ  പോലെ പാർത്ഥൻ ധനുർദ്ധരൻ
പൗരുഷം ചോർന്നു നിശ്ച്ചേഷ്ടനായ് കർത്തവ്യ 
ബോധം മറന്നു നിലക്കൊണ്ടു ഭീഷ്മർ.

പെണ്ണു ഭ്രമിപ്പിച്ചു പൂജ്യനാം താതനെ 
മണ്ണു ഭ്രമിപ്പിച്ചു ദാശപ്രമുഖനെ
ശ്രുത്യർത്ഥ വൈകല്യം പുത്രൻ ഭ്രമിച്ചു;
കാലം രചിച്ചു കഥകൾ വിചിത്രം.
ഭീഷ്മർ,മഹാരഥൻ അമ്പേറ്റു വീണു;
തീർത്തൂ ശരശയ്യ കുന്തീ തനയൻ!

മണ്ണിനു വേണ്ടി പൊരുതുന്നു സോദരർ 
ദാശപ്രമുഖന്റെ പിന്മുറക്കാർ....
തത്വങ്ങളോരോന്നുദിച്ചു തെളിഞ്ഞു 
ശരശയ്യ പൂമെത്തയാക്കി മഹാരഥൻ.

oru pinnampuram

ഒരു പിന്നാമ്പുറം.

പൂജിച്ചെടുത്തൊരു പട്ടുശീലത്തുണ്ടിൽ 
ബന്ധിച്ചു പാർത്ഥന്റെ നേത്രങ്ങളാചാര്യൻ
കാരിരുമ്പിൽത്തീർത്ത ചങ്ങലത്തുമ്പിൽ 
ഒരു ശ്വാനക്കിടാത്തന്റെ കണ്ഠം ഞെരിഞ്ഞു.
ശബ്ദവേധാസ്ത്ര പ്രയോഗപ്പരീക്ഷക്കു 
വേദിയൊരുങ്ങി- ദുന്ദുഭീ ശബ്ദം നിലച്ചു;

നിർദ്ദയം കുന്തം  ചലിപ്പിച്ചു കിങ്കരൻ
ദീനദീനം കരഞ്ഞു ശ്വാനക്കിടാത്തൻ;
ഒരു നേർത്ത സീൽക്കാരം - ശ്വാനശബ്ദം നിലച്ചു;
ജയഭേരി, ഘോഷങ്ങ, ളാർപ്പുവിളികൾ
പാർത്ഥനെ കെട്ടിപ്പുണർന്നു ഭാരദ്വജൻ.

സൂചിബാണങ്ങളൂരിയെടുത്തൊരാൾ
ചാമ്പൽ തിരുകി മുറിപ്പാടടച്ചു;
വായ്‌ പൂട്ടി, വാലാട്ടി ശ്വാനക്കിടാത്തൻ
പരീക്ഷണവേദിയിൽ   ഹർഷാരവങ്ങൾ....

കുറിപ്പ് 

ദീനന്റെ  രോദനങ്ങൾക്ക്‌ അലോരസങ്ങളുടെ ചുവയാണ്. ശക്തന്റെ മർദ്ദനങ്ങൾക്ക് ഇരട്ടിമധുരത്തിന്റെ ഇനിപ്പും.  കാലത്തിനുപോലും മായ്ചു കളയാനാവാത്ത ഈ സത്യത്തെ തത്വചിന്തയിൽ ചാലിച്ച് അവതരി പ്പിച്ചിരി ക്കുന്നു വ്യാസൻ. പാണ്ഡവ -കൗരവ കുമാരന്മാരുടെ ആയുധപരീക്ഷാരംഗ മാണ് സന്ദർഭം.

KRISHNANTE CHIRI

കൃഷ്ണൻറെ   ചിരി.

ധ്യാന നിമഗ്നനായ് വ്യാസൻ മഹാമുനി 
ഗംഗാപുളിനം പ്രകമ്പനം കൊണ്ടു ;
വീര സ്വർഗ്ഗത്തിന്റെ ചക്രവാളങ്ങളിൽ 
കേട്ടൂ പ്രതിധ്വനി - ആവഹന മന്ത്രപ്രതിധ്വനി.

കുരുക്ഷേത്രയുദ്ധം - പതിന്നാലാം ദിവസം
വൈജയന്തീശക്തി പാഞ്ഞടുക്കുന്നതാ!
ഗതാകാലചിത്രങ്ങൾ മിന്നിത്തെളിഞ്ഞു 
കണ്ണുകൾ പൂട്ടിയടച്ചൂ ഘടോത്കചൻ

''വൈജയന്തീശക്തി കർണ്ണൻ ത്യജിച്ചു;
മൃത്യു വരിച്ചവൻ - പാർത്ഥാ ജയിച്ചു നീ!
ഹിടുംബീതനയൻ നിലംപതിച്ചു;
 നിയോഗിച്ച കർമ്മം നടന്നു!
ആനന്ദ നർത്തനം  ചെയ്യുന്നു കൃഷ്ണൻ 
കുരുക്ഷേത്രഭൂമി വിറച്ചു നിൽക്കെ ...

കാതിൽ മുഴങ്ങുന്നു വീണ്ടും പ്രതിധ്വനി 
ആവഹന മന്ത്രപ്രതിധ്വനി.
ഹിടുംബീതനയൻ മിഴികൾ തുറന്നു...
ദിവ്യാശ്വബന്ധിതം രത്നരഥമൊന്നതാ 
ഭൗമയാത്രയ്ക്കൊരുങ്ങി നിൽക്കുന്നു!
ദുര്യോധനൻ കുരു മുഖ്യൻ സുശോഭിതൻ 
കൗരവ പക്ഷത്തെ ധീരയോധാക്കളും!

ചെമ്പു തകിടിൽ പൊതിഞ്ഞ രണ്ടാസനം 
ദിവ്യരഥത്തിലൊഴിഞ്ഞു  കിടക്കുന്നു!
കണ്ണു തുടച്ചതാ പെരുവിരൽത്തുമ്പിലൂ-
ടൂറുന്ന രുധിരം തുടച്ചടുക്കുന്നൊരാൾ!
ശൂന്യാസനങ്ങലിലൊന്നിനി  ബാക്കി...

താളക്രമത്തിലായാവഹന മന്ത്രണം 
അജ്ഞാതമാമൊരു ശക്തി പ്രവാഹം!
യാന്ത്രീകമായ് ഭീമ പുത്രൻ നടന്നു;
രത്നരഥത്തിന്റെ വാതിലടഞ്ഞു!

ഗംഗാപുളിനം ശാന്തം സുശോഭിതം 
വീരസ്വർഗ്ഗത്തിലെ നായകന്മാരുടെ 
പിൻനിര ചേർന്നു മറഞ്ഞൂ ഘടോത്ക്കചൻ
നിണമൂറും പെരുവിരൽ പൊത്തീയപരൻ .

 


Friday, 29 August 2014

വിദ്യാചോരണം 

ഒരു പൗരാണിക മാതൃക.

********

ദേവാസുര യുദ്ധങ്ങൾ കൊടുമ്പിരിക്കൊണ്ട കാലം.മരിച്ചവരെ പുനർജീവി പ്പിക്കാൻ ശക്തിയുള്ള മൃതസഞ്ജീവനി എന്നൊരു വിദ്യ അസുര ഗുരുവായ ശുക്രാചാര്യർക്ക് അറിയാമായിരുന്നു. യുദ്ധത്തിൽ മരിച്ചു വീഴുന്ന അസുരന്മാ രെയെല്ലാം ആ വിദ്യ പ്രയോഗിച്ച് ശുക്രാചാര്യർ ജീവിപ്പിച്ചുകൊണ്ടിരുന്നു. അതു കാരണം ദേവന്മാർ പരാജയം എറ്റുവാങ്ങിക്കൊണ്ടുമിരുന്നു.

അസുര ഗുരുവിൽ നിന്നും മൃതസഞ്ജീവനി വിദ്യ എങ്ങനെയും തട്ടിയെടുക്ക ണം. ദേവന്മാർ കൂടിയാലോചന നടത്തി. അവർ ബ്രുഹസ്പതീപുത്രനായ കചനെ വിളിച്ചുവരുത്തി പറഞ്ഞു:

''ഗുരു പുത്രാ, താങ്കൾക്കു മാത്രമേ ഞങ്ങളുടെ ദുഖത്തിനൊരു പരിഹാരമുണ്ടാ ക്കിത്തരാൻ സാധിക്കൂ. എന്തു ത്യാഗം സഹിക്കേണ്ടി വന്നാലും താങ്കൾ മൃതസഞ്ജീവനി വിദ്യ പഠിച്ചെടുക്കണം. അത് ഞങ്ങളുടെ ഗുണത്തിനു വേണ്ടി പ്രയോഗിക്കുകയും വേണം.''

ദേവന്മാരുടെ അഭ്യർത്ഥന കേട്ട് കചൻ പറഞ്ഞു:

''നിങ്ങളുടെ ദുഃഖം ഞാൻ മനസ്സിലാക്കുന്നു. അസുരലോകത്തു പോയി  അത്ര എളുപ്പത്തിലൊന്നും വിദ്യ നേടിയെടുക്കാനാവില്ല. എങ്കിലും ഞാനൊന്നു ശ്രമിച്ചു നോക്കാം.''

കചൻ ദേവകാര്യം സാധിക്കാനായി അസുര ഗുരുവിന്റെ സന്നിധിയിലേക്കു പുറപ്പെട്ടു.

''ഗുരോ,  ബ്രുഹസ്പതീപുത്രനായ കചനാണ് ഞാൻ. അങ്ങ യെ ശുശ്രൂഷിച്ച് കുറേക്കാലം ഇവിടെ കഴിഞ്ഞുകൂടാനും വിദ്യാഭ്യാസം ചെയ്യാനും വേണ്ടി യാണ് ഞാൻ എത്തിയത്. എന്നെ അവിടുത്തെ ശിഷ്യനായി സ്വീകരിക്കണം.''

കചന്റെ വിനയവും പെരുമാറ്റവുമൊക്കെ ശുക്രാചാര്യനിഷ്ടപ്പെട്ടു. ദേവഗുരു വിന്റെ പുത്രനെ അദ്ദേഹം ശിഷ്യനായി അംഗീകരിച്ചു.

കാലം മുന്നോട്ടുരുണ്ടുകൊണ്ടിരുന്നു. കചന്റെ ശുശ്രൂഷകളിൽ ശുക്രാചാര്യർ സന്തുഷ്ടനായിത്തീർന്നു. ഗുരുപുത്രി ദേവയാനിക്ക് കചനിൽ അനുരാഗം ജനിച്ചു.അവളെ നിരുൽസാഹപ്പെടുത്തിയാൽ ലക്‌ഷ്യം സാധിച്ചെടുക്കാൻ പ്രയാസമാണെന്നറിയാമായിരുന്ന കചൻ  അവളോട്‌ പ്രേമം നടിച്ചു.

കചൻ ശുക്രസന്നിധിയിലെത്തിയ നാൾ മുതൽ അസുരന്മാർ അവനെ നിരീക്ഷി ക്കുന്നുണ്ടായിരുന്നു. അവന്റെ ഓരോ പ്രവൃത്തിയിലും അവർക്കു സംശയം തോന്നി.എങ്ങനെയെങ്കിലും കചനെ വക വരുത്തണമെന്ന്  അവർ   തീരുമാനിച്ചു റച്ചു.

ഒരു ദിവസം പശുക്കളെ മേയിക്കാനായി വനത്തിൽ കടന്ന കചനെ പിന്തുടർന്നെ ത്തിയ അസുരന്മാർ അവനെ കൊന്നു വെട്ടി നുറുക്കി ചെന്നായ്ക്കൾക്കിട്ടു കൊടുത്തു. വൈകുന്നേരം ഇടയനില്ലാതെ പശുക്കൾ ആശ്രമത്തിൽ തിരിച്ചെത്തി   കചന് എന്തോ ആപത്തു പിണഞ്ഞിട്ടുണ്ടെന്ന് ദേവയാനിക്കു മനസ്സിലായി. അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് പിതാവിനോടു സങ്കടം പറഞ്ഞു.

പുത്രിയുടെ ദുഃഖം കണ്ടു മനസ്സലിഞ്ഞ ശുക്രാചാര്യർ അവളെയും കൂടെകൂട്ടി വനത്തിലേക്ക് പുറപ്പെട്ടു. വനത്തിനുള്ളിൽ കടന്ന ആചാര്യൻ ശിഷ്യനെ പേരു ചൊല്ലി ഉച്ചത്തിൽ വിളിച്ചു.ചെന്നായ്ക്കളുടെ  ഉദരം പിളർന്ന് കചന്റെ അംശ ങ്ങൾ പുറത്തു വന്നു. ആചാര്യൻ മൃതസഞ്ജീവനി മന്ത്രം ചൊല്ലി അവനു പുനർജന്മം കൊടുത്തു. ദേവയാനിക്ക് സന്തോഷമായി. അവൾ പിതാവിനോടും കമിതാവിനോടുമൊപ്പം ആശ്രമത്തിൽ തിരിച്ചെത്തി.

ആ സംഭവത്തോടുകൂടി അസുരന്മാർക്ക് കചനോടുണ്ടായിരുന്ന ശത്രുത ഇരട്ടി ച്ചു. അവസരം പാർതതിരുന്നു പ്രതികാരം ചെയ്യാൻ അവർ തീരുമാനിച്ചുറച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം അവസരം ഒത്തുവന്നപ്പോൾ അവർ കചനെ അടിച്ചു കൊന്ന് അരച്ചുരുട്ടി കടലിൽ കലക്കി. തന്റെ മാനസേശ്വരനെ കാണാ തെ ദേവയാനി കുണ്‍ഠിതപ്പെട്ടു. മകളുടെ ദുഃഖം കണ്ട് ആചാര്യൻ കചനെ പേരു  ചൊല്ലി ഉച്ചത്തിൽ വിളിച്ച് മൃതസഞ്ജീവനി മന്ത്രം ഉരുക്കഴിച്ചു. അത്ഭുതമെന്നു പറഞ്ഞാൽ മതിയല്ലോ, തൊഴുകയ്യുമായി കചൻ ഗുരുവിന്റെ മുന്നിൽ വണ ങ്ങി നിന്നു.

കചനെ ആചാര്യൻ വീണ്ടും ജീവിപ്പിച്ചു എന്നറിഞ്ഞപ്പോൾ അസുരന്മാർ കൂടു തൽ ജാഗരൂകരായിത്തീർന്നു. നല്ലൊരവസരത്തിനായി അവർ കാത്തിരുന്നു.

ദിവസങ്ങൾ  കടന്നു പോയി. ഒരു ദിവസം വീണ്ടുമവർ കചനെ തല്ലിക്കൊന്നു. ഇത്തവണ അവരവന്റെ ശരീരം അരച്ചു മദ്യത്തിൽ  കലക്കി ആചാര്യനു കുടിക്കാൻ കൊടുത്തു.അങ്ങനെ കചൻ ശുക്രാചാര്യരുടെ    ഉദരത്തിൽ ചെന്നു പെട്ടു.സന്ധ്യയായിട്ടും കാമുകനെ കണാതായപ്പോൾ ദേവയാനി പിതാവിന്റെ മുന്നിൽ ചെന്നു  നിന്ന് പൊട്ടിക്കരഞ്ഞു. ആചാര്യൻ ധ്യാനദൃഷ്ടി കൊണ്ട് തന്റെ ഉദരത്തിൽ കിടക്കുന്ന കചനെ കണ്ടു. അദ്ദേഹം ചിന്താക്കുഴപ്പത്തിലായി. മന്ത്രപ്രയോഗം  നടത്തിയാൽ തന്റെ ഉദരം പിളർന്ന് കചൻ പുറത്തു വരും. അതോടെ തന്റെ കഥ കഴിയും. കചനെ ജീവിപ്പിച്ചില്ലെങ്കിൽ ദേവയാനി ഉള്ളുരുകി മരിക്കും എന്താണൊരു വഴി? ആചാര്യൻ തല പുകഞ്ഞാലോചിച്ചു.
അവസാനം അദ്ദേഹം ഒരു തീരുമാനത്തിലെത്തിച്ചേർന്നു.

''ഉണ്ണീ, കചാ,.......''

ഗുരു ശിഷ്യനെ പേരു ചൊല്ലി വിളിച്ചു.

ഉദരത്തിൽ കിടന്ന് കചൻ വിളി കേട്ടു.

''ഉണ്ണീ, ഞാൻ ചൊല്ലുന്ന മന്ത്രം ഏറ്റു ചൊല്ലി ഹൃദിസ്ഥമാക്കുക.''

ഗുരു പറഞ്ഞു:

'ശരി ഗുരോ.'
കചൻ പ്രതികരിച്ചു.ഗുരു മൃതസന്ജീവനി മന്ത്രം ഉറക്കെ ചൊല്ലി. കചൻ അത് ഏറ്റുചൊല്ലി ഹൃദിസ്ഥമാക്കി.

''ഉണ്ണീ, എന്റെ ഉദരം  പിളർ ന്നു പുറത്തു പോരുക. അതിനു ശേഷം മന്ത്രം ചൊല്ലി എന്നെ ജീവിപ്പിക്കുക.'' ഗുരു കൽപ്പിച്ചു.

ശിഷ്യൻ അനുസരിച്ചു. ശുക്രാചാര്യരുടെ ഉദരം പിളർന്ന് കചൻ പുറത്തു വന്നു. മൃതസഞ്ജീവനി മന്ത്രം ചൊല്ലി ആചാര്യനെ അവൻ ജീവിപ്പിച്ചു.

'' എന്റെ ഉദരത്തിൽ കിടക്കാൻ ഇടവന്നു ഭവിച്ചതു കാരണം അക്ഷരാർഥത്തിൽ തന്നെ നീ എന്റെ ഔരസ പുത്രനായിക്കഴിഞ്ഞു.'' ഗുരു കചന്റെ നെറുകയിൽ ചുംബിച്ച് പിതൃ വാത്സല്യം പ്രകടിപ്പിച്ചു.

മേൽപ്പറഞ്ഞ സംഭവത്തോടുകൂടി ശുക്രാചാര്യർ മദ്യപാനം ഉപേക്ഷിച്ചു. എന്നു മാത്രമല്ല ബ്രാഹ്മണർക്ക് എന്നെന്നേക്കുമായി മദ്യപാനം വിലക്കുകയും ചെയ്തു.

മൃതസഞ്ജീവനി വിദ്യ കരഗതമായത്തോടെ കചൻ ദേവലോകത്തേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചു. പ്രണയാഭ്യർത്ഥനയുമായി ദേവയാനി അവനെ അനുഗമിച്ചു.

''പ്രാണേശ്വര, അങ്ങയെ പിരിഞ്ഞ് എനിക്കൊരു ജീവിതമില്ല. അങ്ങു പോകുന്ന ദിക്കിലേക്ക് എന്നെക്കൂടി കൊണ്ടുപോകൂ.'' ദേവയാനി യാചിച്ചു പറഞ്ഞു.

'' ദേവയാനി, ഞാൻ നിന്റെ പിതാവിന്റെ ഔരസ പുത്രനാണെന്ന് നിനക്കും അറിവുള്ളതാണല്ലോ. നാം തമ്മിൽ സഹോദരീ സഹോദര ബന്ധമാണുള്ള ത്.സഹോദരിയെ വിവാഹം ചെയ്യുന്നത് സദാചാര വിരുദ്ധമാണ്.'' ഇത്രയും പറഞ്ഞ് കചൻ ദേവയാനിയെ പിൻതിരിപ്പിക്കാൻ നോക്കി.

''ദുഷ്ടാ, എന്റെ പിതാവിൽ നിന്നു നീ നേടിയെടുത്ത വിദ്യ നിനക്കുതകാതെ പോകട്ടെ.''  ദേവയാനി കചനെ ശപിച്ചു.

ദേവയാനിയുടെ ശാപവാക്കുകൾ കചനെ വല്ലാതെ വേദനിപ്പിച്ചു.

 '' വിവേക ശൂന്യേ, വികല വികാരങ്ങൽക്കടിപ്പെട്ട ചപലേ, ദേവ വർഗ്ഗത്തിൽ പ്പെട്ട ഒരാളെയും നിനക്ക് ഭർത്താവായി കിട്ടാതിരിക്കട്ടെ.''

കചൻ  പ്രതിശാപം പൊഴിച്ചു. ദേവയാനിയെ നിഷ്കരുണം ഉപേക്ഷിച്ച് അവൻ ദേവലോകത്തേക്കു പോയി. ദേവന്മാർ അവരുടെ ഗുരുപുത്രനെ ആദരവോടു കൂടി സ്വീകരിച്ചു. നടന്ന കാര്യങ്ങളെല്ലാം കചൻ അവരോടു വിശദീകരിച്ചു. മൃതസഞ്ജീവനി വിദ്യ  ദേവന്മാരെ പഠിപ്പിക്കുകയും ചെയ്തു . ദേവന്മാർ അവനെ പ്രശംസിച്ചു.

പുനർവായന

പ്രതീക വർണ്ണനകളിൽ ചാലിച്ചെടുത്തതും സാരോപദേശ പ്രധാനവും വിജ്ഞാ നപ്രദവുമായൊരു കഥയാണിത്. ഐശ്വര്യങ്ങളെച്ചൊല്ലി തമ്മിലടിച്ചു പിണങ്ങി പ്പിരിഞ്ഞ സഹോദരങ്ങൾ തമ്മിൽ നടന്ന പോരാട്ടങ്ങളുടെ കഥകളാണ് ദേവാസു ര യുദ്ധകഥകൾ.

'മന്ത്രം' എന്നതിന് ക്രിയാത്മകതയെ തൊട്ടുണർത്താൻ കെൽപ്പുള്ള പദപ്രയോഗം എന്ന അർത്ഥമുണ്ട്‌. ഏറ്റുമുട്ടലിൽ പരിക്ഷീണിതരായി മൃതപ്രായരായിത്തീരു ന്ന അസുര യോധാക്കൾക്ക് മനോധൈര്യവും കർമ്മവീര്യവും പകർന്നു കൊടു ക്കാനുള്ള വാക്ചാതുരി ശുക്രാചാര്യർക്കുണ്ടായിരുന്നു. ആ വാക്ചാതുരിയു ടെ പ്രതീക പര്യായമായി മൃതസഞ്ജീവനി മന്ത്രത്തെ വ്യാഖ്യാനിക്കാം.

 ബ്രുഹസ്പതീപുത്രനാണ് താനെന്നു സ്വയം പരിചയപ്പെടുത്തി കടന്നു ചെല്ലുന്ന കചന് ശിഷ്യത്വം കൽപിച്ചു നൽകുന്നതിൽ യാതൊരു വൈമനസ്യവും ശുക്രാ ചാര്യർ കാണിച്ചില്ല. പിതാവിന്റെ ശിഷ്യന് സഹോദര സ്ഥാനമാണ് ധർമ്മശാ സ്ത്രങ്ങൾ കൽപിച്ചു നൽകിയിട്ടുള്ളത്. ഇക്കാര്യം അറിഞ്ഞുകൊണ്ടു തന്നെ യാണ്‌ ദേവയാനിക്ക് കചനോടു തോന്നിയ പ്രണയത്തിന് ശുക്രാചാര്യർ മൗനാ നുവാദം നല്കിയത്.

'യാനം' എന്നതിന് 'യാത്ര' എന്നും 'ദേവയാനി' എന്നതിന് ദേവമാർഗത്തിൽ സഞ്ച രിക്കുന്നവൾ എന്നുമുള്ള വ്യാഖ്യാനങ്ങളിലായിരിക്കണം ഗുരു ന്യായം കണ്ടെ ത്തിയത്.

ഗുരുപുത്രിയുടെ കാമുകൻ ശത്രുപക്ഷത്തെ പ്രബലനാനെന്നു തിരിച്ചറിഞ്ഞ അസുരന്മാർ അവനെ ഇല്ലായ്മ ചെയ്യാനുള്ള തന്ത്രങ്ങൾ മെനഞ്ഞു. സ്വാഭാവിക തയിൽ കവിഞ്ഞ മറ്റൊന്നും അതിൽ കണ്ടെത്താനില്ല.

പ്രതിയോഗികളെ വിഷം കലർത്തിയ മദ്യം കൊടുത്തു ചതിച്ചു കൊല്ലുന്നതും, ജലാശയങ്ങളിൽ കെട്ടിത്താഴ്ത്തി തെളിവ് നശിപ്പിക്കുന്നതുമൊക്കെ സംഭവി ച്ചിട്ടുള്ളതും സംഭവിക്കാവുന്നതുമായ കാര്യങ്ങളാണ്. എന്നാൽ, പ്രതിയോഗി കളെ തല്ലിക്കൊന്ന് അരച്ചു കടലിൽ കലക്കുക, വറുത്തുപൊടിച്ചു മദ്യത്തിൽ 
 കലർത്തുക എന്നൊക്കെ പറയുന്നതിൽ യുക്തി അശേഷവുമില്ല. സാധാരണ ഗതിയിൽ മനുഷ്യൻ വെട്ടി നുറുക്കി എറിഞ്ഞു കൊടുക്കുന്ന മാംസക്കഷണങ്ങൾ ചെന്നായ്ക്കൾ സ്വീകരിക്കില്ല എന്ന കാരണത്താൽ അപ്പറഞ്ഞതിനും   യുക്തിയു ടെ   പിൻബലമില്ല. അസുരന്മാർക്ക് ദേവഗുരുവിന്റെ പുത്രനോടുണ്ടായിരുന്ന ശത്രുതയുടെയും അസഹിഷ്ണുതയുടെയും ആഴത്തെയാണ് അത്തരം പ്രതീക വർണ്ണനകളിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.

ദേവന്മാരും അസുരന്മാരും തമ്മിലുള്ള ശത്രുത പ്രബലമായിരുന്നെങ്കിൽത്തന്നെ യും അവരുടെ ഗുരുക്കന്മാർ ഇരുകൂട്ടരും തമ്മിലുള്ള ഐക്യം കൊതിച്ചിരുന്നു. ഈ അനുമാനത്തെ ബലപ്പെടുത്തുന്ന ഒരു ഉപകഥ ദേവീ ഭാഗവതത്തിലുണ്ട്. അതിവിടെ ഉദ്ധരിക്കുന്നു.

 മൃതസഞ്ജീവനി വിദ്യ നേടുന്നതിനായി ശുക്രാചാര്യർ കൈലാസത്തിൽ തപ സ്സു ചെയ്യുന്ന കാലം.   അസുരഗുരുവിന് തപോബലം   നേടാൻ കഴിഞ്ഞാൽ അത് ദേവന്മാർക്ക് ദോഷം ചെയ്യുമെന്നറിയാമായിരുന്ന ദേവേന്ദ്രൻ പുത്രി ജയന്തിയെ വിളിച്ച് ശുക്രാചാര്യർ നേടിയെടുക്കുന്ന വിദ്യ എന്തു തന്ത്രം പ്രയോഗിച്ചും തട്ടി യെടുക്കണമെന്ന് ഉപദേശിച്ചു.

പിതൃനിയോഗമനുസരിച്ച് ജയന്തി ശുക്രസന്നിധിയിലെത്തി അദ്ദേഹത്തിൻറെ ശുശ്രൂഷകളിൽ മുഴുകി.  ആയിരം സംവത്സരക്കാലം അങ്ങനെ കടന്നു പോയി. ശുക്രന്റെ തപസ്സിൽ പ്രീതി പൂണ്ട ശിവൻ അദ്ദേഹത്തിൻറെ മുന്നിൽ പ്രത്യക്ഷ പ്പെട്ട് മൃതസഞ്ജീവനി വിദ്യ ഉപദേശിച്ചുകൊടുത്തു. വരസിദ്ധിയിൽ   സന്തുഷ്ട നായിത്തീർന്ന  ശുക്രൻ അസുരലോകത്തേക്ക് മടങ്ങിപ്പോകാനുള്ള ഒരുക്കങ്ങൾ കൂട്ടി.ആ സമയം ജയന്തി പറഞ്ഞു:

''പ്രഭോ, ഈയുള്ളവളെ തനിച്ചാക്കി പുറപ്പെട്ടു പോകാൻ തന്നെ അങ്ങ് തീരുമാ നിച്ചുവോ? അങ്ങയെ ഭർത്താവായി ഈയുള്ളവൾ മനസാ വരിച്ചു കഴിഞ്ഞു. കുറച്ചു കാലമെങ്കിലും അങ്ങയുടെ ഭാര്യയായി കഴിയണമെന്നാണ് എന്റെ മോഹം.''

ജയന്തിയുടെ വിവാഹാഭ്യർത്ഥന കേട്ട് അസുരഗുരു ചിന്താക്കുഴപ്പത്തിലായി. ഏറെ നേരം മൗനമായി  ഇരുന്ന ശേഷം അദ്ദേഹം പറഞ്ഞു:

''ശരി. പത്തു കൊല്ലക്കാലം നമുക്ക്  അദൃശ്യ ദാമ്പത്യം പുലർത്താം. അതു കഴി ഞ്ഞാൽ ഞാൻ അസുരലോകത്തേക്കു മടങ്ങിപ്പോകും.''

തുറന്ന  മനസ്സോടെ ജയന്തി സമ്മതം മൂളി. അങ്ങനെ ശുക്രാചാര്യനും ഇന്ദ്രപു ത്രിയും തമ്മിലുള്ള രഹസ്യ ദാമ്പത്യത്തിനു തുടക്കം കുറിച്ചു. ദൂതന്മാർ വഴി കാര്യങ്ങൾ ഗ്രഹിച്ചറിഞ്ഞ ബൃഹസ്പതി ഈ തക്കം നോക്കി ശുക്രാചാര്യരുടെ വേഷത്തിൽ അസുരലോകത്തിലെത്തി. തങ്ങളുടെ ഗുരു തപസ്സു കഴിഞ്ഞു തിരി ച്ചെത്തിയതാണെന്നു തെറ്റിദ്ധരിച്ച അസുരന്മാർ അദ്ദേഹത്തെ സ്വീകരിച്ചു. അസു രന്മാരിലെ ഛിദ്രവാസനകൾ മാറ്റിയെടുക്കുക എന്നതായിരുന്നു ദേവഗുരുവി ന്റെ ലക്ഷ്യം. പത്തു കൊല്ലക്കാലം കൊണ്ട് ആ ലക്ഷ്യം സാധിച്ചെടുക്കുന്നതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.

കരാർപ്രകാരമുള്ള കാലാവധി പൂർത്തിയായപ്പോൾ ജയന്തിയുമായുള്ള ബന്ധം മതിയാക്കി ശുക്രൻ അസുരലോകത്തെത്തി. ഒരേ സമയം രണ്ടു ശുക്രന്മാ രെ കണ്ട അസുരന്മാർ അത്ഭുതപരതന്ത്രരായി പകച്ചുനിന്നു. യഥാർത്ഥ   ഗുരു വിനെ അവർ തള്ളിപ്പറഞ്ഞു.

''നിങ്ങളുടെ നന്മ മാത്രം ലക്ഷ്യം വച്ചു നിരന്തരം  പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗുരുവിനെ തള്ളിപ്പറഞ്ഞ അസുരപ്പരിഷകളെ, നിങ്ങൾ നശിച്ചു പോകട്ടെ.''

ശുക്രാചാര്യർ അസുരന്മാരെ . ശപിച്ചു.  ഇത്രയുമായപ്പോഴേക്കും ബൃഹസ്പ തി പ്രച്ഛന്നവേഷം കൈവെടിഞ്ഞ് ദേവലോകത്തേക്കു പോയി. ശുക്രാചാര്യനും അസുരലോകം ഉപേക്ഷിച്ചു.

ജയന്തി ഇന്ദ്രപുത്രിയാണെന്ന് അറിയാമായിരുന്നിട്ടും ശുക്രൻ അവളെ ശപിച്ചി ല്ല. രഹസ്യ ദാമ്പത്യത്തിനു തയ്യാറാവുകയും ചെയ്തു. ദേവന്മാരോട് അദ്ദേഹ ത്തിനുണ്ടായിരുന്ന കൂറിന്റെ പ്രതീകമായി അതിനെ കണക്കാക്കാം. സാധാര ണഗതിയിൽ അപ്സരസ്സുകളെ ഏൽപ്പിക്കാറുള്ള ദൗത്യമാണ് ജയന്തിയെ ഇന്ദ്രൻ ഏൽപ്പിച്ചത്. അസുരഗുരുവിനോട് ഇന്ദ്രനുണ്ടായിരുന്ന മാനസീകചായ്‌വിന്റെ വെളിപ്പെടുത്തലായി ഇതിനെ വ്യാഖ്യാനിക്കാം. ജയന്തി ശുക്രാചാര്യനുമായി ദാമ്പത്യം പുലർത്തിയെങ്കിലും മൃതസഞ്ജീവനി തട്ടിയെടുത്തതായി കഥയിൽ പറഞ്ഞിട്ടില്ല.ശുക്രനിൽ നിന്നുമവൾക്ക് പുത്രലാഭം ഉണ്ടായതായും ഒരിടത്തും കാണുന്നില്ല.

ശുക്രൻ ജയന്തിയുമൊത്തു കഴിഞ്ഞ കാലത്ത് അസുരന്മാരുടെ ച്ഛിദ്രവാസനകൾ അകറ്റാൻ ശ്രമിച്ച ബ്രുഹസ്പതിയും സമാനചിന്താഗതിക്കാരനായിരുന്നു. കച-ദേവയാനീ ബന്ധത്തിലൂടെ കാര്യങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുമെന്നു ള്ള പ്രതീക്ഷ അസുരഗുരു വച്ചുപുലർത്തി. കചനെ മരുമകനായിത്തന്നെ അദ്ദേ ഹം കരുതി. ഉന്മാദാവസ്ഥയിൽ ഇരുന്ന സമയത്ത് പുത്രീവൽസലനായിരുന്ന അദ്ദേഹം രഹസ്യവിദ്യ പ്രതിശ്രുത മരുമകൻ എന്ന നിലയ്ക്ക് കചനുപദേശിച്ചു കൊടുത്തു. പുത്രിയോടുള്ള അമിതവാൽസല്യവും അമിത മദ്യപാനവുമാണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്. ബ്രാഹ്മണർക്ക് മദ്യസേവ വിലക്കുക വഴി തനിക്കു പറ്റിപ്പോയ തെറ്റിനുള്ള പ്രായശ്ചിത്തമാണ് ആചാര്യൻ ചെയ്തത്.

വിദ്യ കരഗതമായതോടെ  ദേവലോകത്തേക്കു തിരിച്ചു പോകാൻ കചൻ തിടുക്കം കൂട്ടി. ഗുരുദക്ഷിണ നല്കി ഗുരുവിന്റെ അനുഗ്രഹം വാങ്ങണ  മെന്നുള്ള ആചാരക്രമം പോലും അവൻ മറന്നു.ദേവയാനിയോട് തനിക്കുണ്ടാ യിരുന്നത് കപട പ്രേമമായിരുന്നു എന്ന് വെളിപ്പെടുത്തുകയും ചെയ്തു.

കാച്ചാനും ദേവയാനിയും തമ്മിൽ നടന്ന ശാപ-പ്രതിശാപ വചസ്സുകളെ കാമുകീ-കാമുകന്മാർക്കിടയിൽ നടന്ന ശകാരവാക്കുളായി മാത്രമേ കാണേണ്ടതുള്ളൂ.

വിധിപ്രകാരമുള്ള നേട്ടങ്ങൾ മാത്രമേ നെട്ടങ്ങളാകുന്നുള്ളൂ. കാപട്യത്തിലൂടെയും  കൗശലത്തിലൂടെയുമുള്ള നേട്ടങ്ങൾ മോഷണമുതലുക ളിൽ നിന്നു ഭിന്നമല്ല. ഈ അർത്ഥത്തിൽ വിദ്യാചോരണത്തിന്റെ തെളിവാർന്ന ഒരു മാതൃക കച-ദേവയാനീ ചരിതത്തിൽ കാണാം.
  1. ********* 


Wednesday, 30 July 2014

സ്വപ്നത്തിലിന്നലെ കണ്ട കണക്കിൽ
തെറ്റുകളൊത്തിരിയുണ്ട് സഖീ
എന്ത് ഞാൻ  ചെയ്യേണ്ടൂ ചൊല്ലുക സോദരീ
ചുമ്മാതൊരുത്തരവെങ്ങനെ കല്പ്പിക്കും?

ലീവിന്റെ പട്ടിക നന്നായ് ചമക്കൂ
ഉത്തരവുണ്ടാകും നിശ്ചയം സോദരീ
വേണ്ട കലപില ഭീഷണിയും
ആണായ് പിറന്നവൻ ഈയുള്ളവൻ

ശമ്പള ബില്ല് ചമച്ചു സമർപ്പിക്കൂ
ഫണ്ടിനു വേണ്ടി അപേക്ഷ സമർപ്പിക്കൂ
പാസാക്കി നല്കിടും ഈയുള്ളവൻ
വേണ്ട കലപില ഭീഷണിയും

രാജേന്ദ്രനല്ല, ഞാൻ രാമചന്ദ്രനല്ല
എം ഷാജിയല്ല, മേനോനല്ല
നായരല്ല, ആട്യപ്പിശാചുമല്ല
ചട്ടത്തിനോപ്പം ചലിക്കുന്ന ചട്ടുകം.

Wednesday, 2 July 2014

തിത്തിരിപ്പക്ഷിയുടെ ജനന കഥ

*****

തൈത്തിരീയോപനിഷത്തിലൂടെ പ്രസിദ്ധമായ തിത്തിരിപ്പക്ഷികളുടെ ജനന ത്തെപ്പറ്റി പ്രതിപാദിക്കുന്ന രസകരമായൊരു കഥ മഹാഭാരതം ഉദ്യോഗ പർവ്വത്തിലും ദേവീ ഭാഗവതത്തിലുമായി ചിതറിക്കിടപ്പുണ്ട്. അതിവിടെ ഉദ്ധരിക്കുന്നു.

ദേവേന്ദ്രന്റെ സഹോദരന്മാരിൽ ഒരാളായിരുന്നു ത്വഷ്ടാവ്. വിഷയാധിഷ്ടിത ഭോഗസംസ്കൃതിയുടെ പ്രോക്താവായിരുന്ന ഇന്ദ്രന്റെ നടപടികളോട് ത്വഷ്ടാ വിനു യോജിപ്പുണ്ടായിരുന്നില്ല. സഹോദരനെ നേർവഴിക്കു നയിക്കാൻ കെൽപ്പുള്ള ഒരു പുത്രനുണ്ടാകാൻ വേണ്ടി അദ്ദേഹം വൃതാനുഷ്ടാനങ്ങളിൽ മുഴുകി.അതിന്റെ ഫലമായി ത്വഷ്ടാവിന് ഒരു പുത്രൻ  ജനിച്ചു. മൂന്നു തലകളുള്ള ഒരു വിചിത്ര ശിശുവായിരുന്നു അവൻ. മൂന്നു തലകലുണ്ടായിരുന്ന കാരണത്താൽ ത്രിശിരസ്സ് എന്ന പേരുകൂടി അവനു വീണു കിട്ടി. 

ജന്മനാ തന്നെ അതിബുധിമാനായിരുന്നു ആ കുമാരൻ. യൗവ്വനമായപ്പോഴേക്കും ഘോരതപസ്സുകൾ ചെയ്ത് അവൻ അതിതേജസ്വിയായിത്തീർന്നു. മൂന്നു മുഖ ങ്ങളുള്ളതിൽ ഒന്നാമത്തെ മുഖം കൊണ്ടവൻ വേദോച്ചാരണം നടത്തുമ്പോൾ രണ്ടാമത്തെ മുഖംകൊണ്ട് ലോകനിരീക്ഷണം നടത്തുമായിരുന്നു.അതെ  സമയത്തു തന്നെ മൂന്നാമത്തെ മുഖം മദ്യപാനത്തിനായി അവൻ പ്രയോജനപ്പെടുത്തി. ത്രിശിരസ്സിന്റെ തപോനിഷ്ഠകൾ കണ്ടു ഭയന്ന ഇന്ദ്രൻ അപ്സരസ്സുകളെ അയച്ച് അവന്റെ തപസ്സിനു വിഘ്നമുണ്ടാക്കാൻ നോക്കി. പക്ഷെ, ഇന്ദ്രന്റെ വേലകളൊന്നും ത്രിശിരസ്സിന്റെ മുന്നിൽ ചെലവായില്ല. അവസാനം നേരിട്ടു ചെന്ന് ത്രിശിരസ്സിനെ വധിക്കാൻ തന്നെ ഇന്ദ്രൻ തീരുമാനിച്ചു. ധ്യാനനിരതനായിരുന്നന്ന ത്രിശിരസ്സിനു നേരെ ഇന്ദ്രൻ ചക്രായുധം പ്രയോഗിച്ചു. ചക്രായുധ മേറ്റു ബോധം കെട്ടുവീണ അവന്റെ മൂന്നു ശിരസ്സുകളും ഇന്ദ്രന്റെ ആജ്ഞ പ്രകാരം ഒരു തച്ചൻ വെട്ടിമാറ്റി. തച്ചന്റെ പ്രവൃത്തിയിൽ സന്തുഷ്ടനായി ത്തീർന്ന ഇന്ദ്രൻ അന്നുതൊട്ട് യാഗങ്ങളിൽ യജിക്കപ്പെടുന്ന പശുക്കളുടെ തലയ്ക്കുള്ള അവകാശം തച്ചനു കൽപ്പിച്ചു നല്കി. തച്ചൻ മുറിച്ചു മാറ്റിയ ത്രിശിരസ്സിന്റെ വേദം ചൊല്ലുന്ന മുഖത്തുനിന്നും കപിഞ്ചലപ്പക്ഷികളും, മദ്യപാനം ചെയ്യുന്ന മുഖത്തു നിന്നും കളപിംഗപ്പക്ഷികളും, ലോകനിരീക്ഷണം നടത്തുന്ന മുഖത്തുനിന്നും തിത്തിരിപ്പക്ഷികളും പുറത്തു വന്നു.

പുനർ  വായന.

വിഷയാധിഷ്ടിത ഭോഗസംസ്കൃതിയുടെ പ്രതീകമാണ് പുരാണങ്ങളിലെ ഇന്ദ്രൻ.ആ സംസ്കൃതി തിരുത്തിക്കുറിക്കാൻ വേണ്ടി സഹോദരനായ ത്വഷ്ടാവ് നടത്തിയ പ്രതീക  പ്രവൃത്തികളും,  അതിനദ്ദേഹത്തിനു ലഭിച്ച തിരിച്ചടികളും നാടകീയമായി ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നു.

അധികാരസ്ഥാനത്ത് വിരാജിച്ച ഇന്ദ്രനിൽ  നിന്നും   അധികാരങ്ങൾ ബലപ്രയോ ഗത്തിലൂടെ പിടിച്ചെടുക്കാൻ ത്രാണിയില്ലാത്തൊരു വ്യക്തിയായിരുന്നു ത്വഷ്ടാവ്. പുത്രനിലൂടെ അതു സാധിച്ചെടുക്കാനും തന്റെ താല്പര്യങ്ങൾക്കനു സരിച്ച് അധികാരം കയ്യാളാനുമുള്ള തന്ത്രങ്ങളാണ് ത്വഷ്ടാവ് ആവിഷ്കരിച്ചത്.

വേദാധ്യയനം ലോകനിരീക്ഷണം തുടങ്ങിയ കാര്യങ്ങളിൽ വ്യാപരിച്ചിരുന്ന ത്രിശിരസ്സിന്റെ ദൗർബ്ബല്യമായിരുന്നു മദ്യപാനം.

വേദാധ്യയനത്തിലൂടെയും  ലോകനിരീക്ഷണത്തിലൂടെയും കർമ്മശേഷി വർദ്ധി പ്പിച്ചെടുത്ത് തക്കം പാർത്തിരുന്നു   പ്രവർത്തിക്കുക എന്നതായിരുന്നു ത്രിശിര സ്സിന്റെ ഉദ്ദേശ്യം. ലക്ഷ്യബോധത്തോടുകൂടിയുള്ള അവന്റെ കർമ്മങ്ങളെ യാണ് ഘോരതപസ്സ് എന്ന പ്രതീകം സൂചിപ്പിക്കുന്നത്.

വിഷയാധിഷ്ടിത ഭോഗ സംസ്കൃതിയോടുള്ള വിയോജിപ്പാണല്ലോ ത്രിശിര സ്സിനെ ഇന്ദ്രവിരോധിയാക്കിത്തീർത്തത്. അതു മനസ്സിലാക്കിയ ഇന്ദ്രൻ അവനെ ഭോഗ സംസ്കൃതിയിലേക്ക് ആകർഷിക്കാനുള്ള കൗശലങ്ങൾ പ്രയോഗിച്ചു. തന്റെ കൗശലങ്ങൾ ത്രിശിരസ്സിന്റെ മുന്നിൽ ചെലവാകാതെ വന്നപ്പോൾ ഉന്മൂലന തന്ത്രം തന്നെ ഇന്ദ്രൻ പ്രയോഗിച്ചു.

ത്രിശിരസ്സിന്റെ തല വെട്ടി മാറ്റിയ തച്ചന് യജ്യപ്പശുക്കളുടെ തലകൾ അവകാശ മായി കൽപ്പിച്ചു നൽകിയ ഇന്ദ്രന്റെ പ്രവൃത്തി മറനീക്കി വായിച്ചെ ടുക്കേ ണ്ടതുണ്ട്.

 യാഗം ഭോഗസംസ്കൃതിയുടെ ഉൽപന്നമായ വൈദീക കർമ്മങ്ങളിലൊന്നാണ്. യാഗത്തിന്റെ മറവിൽ മദ്യമാംസാദികളുടെ ഉപഭോഗവും ധനധൂർത്തുമാണ് നടന്നുകൊണ്ടിരുന്നത്‌. ഭോഗസംസ്കൃതിയെ പിന്തുണയ്ക്കുന്ന ഒരു വൈദീക വിഭാഗത്തെ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ബുദ്ധിരാക്ഷസന്മാർ ബോധപൂർവ്വം ഉണ്ടാക്കിയെടുത്ത വൈദീക വിധികളായിരുന്നു യാഗങ്ങൾ.

അറപ്പും ശങ്കയുമില്ലാതെ ത്രിശിരസ്സിന്റെ ശിരസ്സറുത്ത തച്ചനിൽ വിദഗ്ദ്ധനാ യൊരു കശാപ്പുകാരനെ ഇന്ദ്രൻ കണ്ടെത്തി.ശമ്പളം നിശ്ചയിച്ചു നൽകിയും പദവി വാഗ്ദാനം ചെയ്തും അവനെ ഇന്ദ്രൻ കൂടെ ചേർത്തു നിർത്തി. (സാധന ക്കൈമാറ്റ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് കശാപ്പു ചെയ്യപ്പെടുന്ന മൃഗങ്ങളു ടെ തല, കുടൽ, തുകൽ തുടങ്ങിയ ഭാഗങ്ങൾ കശാപ്പുകാരന്   കൂലിയിനത്തിൽ നൽകിപ്പോന്നിരുന്നു.)

വൈദീകവിധിപ്രകാരം കശാപ്പു ചെയ്യുന്ന മൃഗങ്ങളെയാണ് യാഗാഗ്നിയിൽ ഹോമിച്ചിരുന്നത്. വിധിപ്രകാരം കശാപ്പു നടത്താൻ പരശീലനം ലഭിച്ചവരും യാഗാനുകൂലികളുമായ കശാപ്പുകാരെ ഉറപ്പാക്കേണ്ടത് രാജാവെന്ന നിലയിൽ ഇന്ദ്രന്റെ കടമയായിരുന്നു. കശാപ്പുകാരുടെ നല്ലൊരു തലമുറയെ പ്രതീക തച്ചനിൽക്കൂടി വാർത്തെടുക്കാനുള്ള തന്ത്രമാണ് ഇന്ദ്രൻ പ്രയോഗിച്ചത്.

ത്രിശിരസ്സിന്റെ വെട്ടി മാറ്റിയ ശിരസ്സുകളിൽ നിന്നും കുരുവി ഇനത്തിൽപ്പെട്ട മൂന്നു തരം പക്ഷികൾ ജന്മമെടുത്തു എന്നാണ് കഥയിൽ കാണുന്നത്.  ഇതു തികച്ചും പ്രതീകാത്മക പ്രയോഗമാണ്. പക്ഷികൾ വിതക്കാറില്ല, കൊയ്യാറില്ല, നാളേക്ക് കരുതി വയ്ക്കാറുമില്ല. ഏതെങ്കിലുമൊരു ദിക്കിൽ സ്ഥിരമായി താമസിക്കണമെന്ന നിർബ്ബന്ധവും  ഭൂരിപക്ഷം പക്ഷികൾ ക്കുമില്ല. പക്ഷെ ത്രിശിരസ്സിന്റെ കാര്യം അതല്ല.

നിശ്ചിത ലക്ഷ്യത്തോടുകൂടി ത്വഷ്ടാവ് ത്രിശിരസ്സിനെ വളർത്തി. പക്ഷേ, ലക്ഷ്യ ത്തിൽ അവനെ കൊണ്ടെത്തിക്കുന്ന കാര്യത്തിൽ അദ്ദേഹം പരാജയപ്പെട്ടു. ഗുണസമ്പത്തും ലക്ഷ്യബോധവുമൊക്കെ ഉണ്ടായിരുന്നിട്ടും ത്രിശിരസ്സ് മദ്യപാന ത്തിന് അടിമയായിരുന്നു. ആ ദുർശീലം അവനെ അകാലമൃത്യുവിന്റെ കൈകളിൽ കൊണ്ടുചെന്നെത്തിച്ചു. മദ്യവർജ്ജന സന്ദേശം പ്രത്യേക ഊന്നൽ നകി കഥാകാരൻ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. അധികാര ദുഷിപ്പുകൾക്കെതിരെ പ്രവർത്തിക്കാൻ മുന്നിട്ടിറങ്ങുന്നവർ ജാഗരൂകരായിരുന്നില്ലെങ്കിൽ അധികാരികളുടെയോ, അധികാര ദാല്ലാളന്മാരുടെയോ കെണിയിൽപ്പെട്ട് അവർക്ക് അകാലമരണം പോലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന സന്ദേശവും തിളങ്ങി നിൽക്കുന്നുണ്ട് ഈ കഥയിൽ.

********

Friday, 27 June 2014

Maranam Ente Kaamuki. ( POEM )


മരണം 


മരണം!
അതിനെ
എങ്ങനെ നിർവചിക്കാം?

സംസ്കൃതത്തിലെ
രണ്ടു വാക്കുകൾ
ഞാനിവിടെ
കടം കൊള്ളുന്നു.

'മ'  = അരുത്.
'രണം'  = സമരം,യുദ്ധം, പോര്.....
'മ' + 'രണം' = മരണം.....( ? )

ജീവിത സമരത്തിൽ നിന്നുള്ള
മുക്തിയാണല്ലോ മരണം...?
എങ്കിൽ പിന്നെ
മരണത്തെ ഭയക്കേണ്ടതുണ്ടോ?

ഞാൻ
മരണത്തെ സ്നേഹിക്കുന്നു.
അവൾ
എന്റെ ഇഷ്ടകാമുകി.

Saturday, 21 June 2014

kshanikam jeevitham

ക്ഷണികം ജീവിതം

ക്ഷണികമീ ജീവിതം
നീറ്റിൽ കുമിള പോൽ....
വാഴ്വിൻ ഗതിയിവിടാരറിഞ്ഞു ( ? )

അന്ധന്മാരാനയെ വർണ്ണിച്ച പോലെ
വാഴ്വിന്റെ ചിത്രം രചിക്കുന്നു നമ്മൾ.....( ! )
ആചന്ദ്രതാരമീ അണ്‍ഡകടാഹത്തി-
ലെല്ലാം ക്ഷണികം, ക്ഷണ ഭംഗുരം ....
ക്ഷണികമാണെങ്കിലുമെല്ലാം തുടർച്ച !
പുഴ പോൽ... മാരുത സഞ്ചാരമെന്നപോൽ  ...

നിത്യമഭംഗുരം, നാശ വിഹീനം
വാഴ്വിൻ ഗതിയിവിടാരറിഞ്ഞു...  (? )
ഘോരമാം ജീവിത സാഗരത്തി-
ന്നക്കരെയെത്തുവാനുള്ള പാച്ചിൽ!
വാഴ്വിനെയങ്ങനെ കണ്ടറിഞ്ഞാൽ
ഞാനില്ല,നീയില്ല, ഞങ്ങളില്ല;
അവനി,ല്ലവ,ളില്ലവ,രുമില്ല.
വാഴ്വിതിൽ നമ്മളൊരേ തുഴക്കാർ.

കാലേച്ഛപോലുരുണ്ടീടുന്നു കാലം
കാലാനുസാരികൾ വാഴ്വിൻ ഗതികൾ .
കാലമുണക്കാത്ത നോവില്ല വാഴ്വിൽ
കാലം വിഴുങ്ങാത്ത സുഖമില്ല പാരിൽ
സുഖ ദു:ഖ ഭാവങ്ങളാപേക്ഷികം
അറിയണം നമ്മളീ അറിവിൻ കണം.


Monday, 16 June 2014

UNITY IN TRINITY ( POEM )

ത്രിത്വത്തിലെ ഏകത്വം

ഒന്നാമന്റെ ശരി 
രണ്ടാമന് 
തെറ്റായിത്തോന്നി.
രണ്ടാമന്റെ ശരി 
മൂന്നാമന് 
സ്വീകാര്യമായില്ല
ത്രിത്വത്തിലെ 
ഭിന്നതക്ക് 
ആക്കം കൂടി 

ഇത് 
മുളയിലെ നുള്ളണം 
നാലാമൻ 
ചിന്തിച്ചുറച്ചു.
ത്യാജ്യ-ഗ്രാഹ്യ-
വിവേചന ബുദ്ധി
അവനെ തുണച്ചു 

'ഓം'........
( അ +ഉ +അം )
ത്രിത്വത്തിലെ ഏകത്വം 
പ്രാണവാക്ഷരീ മന്ത്രമായി 
പിറവിയെടുത്തു.
അതിന് 
നാലാമന്റെ 
മനനതപസ്യ 
വേണ്ടി വന്നു എന്നു മാത്രം.

Sunday, 15 June 2014

LOKA PITHRU DINAM 2014 (POEM )

ലോക പിതൃ ദിനം ( 2014 )

മുന്നുര

(മദ്യപിച്ചെത്തിയ മകൻ അമ്മയുടെ മുടിക്കെട്ടിൽ കുത്തിപ്പിടിച്ചു. അച്ഛൻ മകനെ തലക്കടിച്ചു കൊന്നു.)  പത്രവാർത്ത 

ആറു  പതിറ്റാണ്ടിനു മുൻപ് 
അവൻ ബാലനായിരുന്നു.
അച്ഛന്റെ തലവട്ടം കണ്ടാൽ 
പഞ്ചപുച്ഛമടക്കി
അവൻ ഒതുങ്ങി കൂടുമായിരുന്നു.
കണക്കുമാഷിന്റെ 
കയ്യില നിന്നും 
ചൂരൽ കഷായം 
കണ്ണുമടച്ച് 
അവൻ വാങ്ങിക്കുടിച്ചിരുന്നു.
അമ്മയുടെ മുഖത്തു നോക്കി 
എതിർവാക്കുകൾ 
അവൻ പറഞ്ഞിട്ടില്ല.
നാല് പതിറ്റാണ്ടുമുമ്പ് 
അവൻ അച്ഛനായി.
മകനെ അവൻ 
അതിരറ്റു ലാളിച്ചു.
കണക്കുമാഷിന്റെ 
ചൂരൽപ്രയോഗമേറ്റ് 
കരിനീലിച്ച പാടുകൾ 
മകന്റെ തുടയിൽ കണ്ട് 
അവനിലെ അച്ഛൻ
  പൊട്ടിത്തെറിച്ചു.
അവൻ കോടതി കയറി.
''വിദ്യാർഥികളെ അധ്യാപകർ 
ദേഹോപദ്രവമേൽപ്പിച്ചു കൂടാ''
കോടതി ഉത്തരവിട്ടു.
അവൻ തുള്ളിച്ചാടി.
മകൻ വളർന്നു.....
ഒരിക്കലവൻ 
മകനെ ശാസിച്ചു.
മകൻ ഇടഞ്ഞു;
അവൻ മകന്റെ കരണത്തടിച്ചു.
മകൻ കോടതി കയറി.
''മക്കളെ രക്ഷിതാക്കൾ 
ശിക്ഷിച്ചു കൂടാ.''
കോടതി ഉത്തരവിട്ടു.
മകൻ തുള്ളിച്ചാടി.
രണ്ടു പതിറ്റാണ്ടുമുമ്പ് 
മകൻ അച്ഛനായി.
ഇന്ന് മകനു പ്രായം ഇരുപത്. 
ലോകമെമ്പാടും 
പിതൃദിനാഘോഷത്തിന്റെ
ഹർഷാരവങ്ങൾ.....
അവനും അവളും 
പൂജാമുറിയിൽ ....
മകന്റെ മകൻ 
പൂജാമുറിയിൽ ചാടിക്കയറി
അവളുടെ മുടിക്കുത്തിൽ 
കടന്നു പിടിച്ചു.
വിളക്ക് തല്ലിക്കെടുത്തി
അവളെപുറകിലേക്ക് തള്ളി 
അവൻ മദ്യപിച്ചിട്ടുണ്ടായിരുന്നു.
അവനു സമനില തെറ്റി
നിലവിളക്കെടുത്തു 
കൊച്ചുമകന്റെ തല 
അവൻ തല്ലിത്തകർത്തു.
അവൻ തല ചുറ്റി വീണു
തല ചുറ്റി അവളും 
 മീതേ പതിച്ചു.

SHARIYUM THETTUM (POEM )

ശരിയും തെറ്റും


ഇന്നത്തെ 
പല ശരികളും 
ഇന്നലെകളിലെ 
തെറ്റുകളാണ്.


ഇന്നത്തെ 
പല തെറ്റുകളും 
നാളെ ശരികളായി 
മാറിക്കൂടെന്നുമില്ല.




ശരിയും തെറ്റും 
ആപേക്ഷീകങ്ങളാണ്.
 കാല-ദേശാനുവർത്തികളാണ്.

Saturday, 14 June 2014

NJAAN MITHA BHAASHI (POEM )




ഞാൻ മിതഭാഷി 

 

ഞാൻ മിതഭാഷി
അവൾ മൃദുവാണി

ഞങ്ങൾ തർക്കിക്കാറുണ്ട്;
വാദപ്രതിവാദങ്ങൾ
നടത്താറുമുണ്ട്.
തോൽപ്പിക്കാനോ
ജയിക്കാനോ വേണ്ടിയല്ല;
അറിയാനും
അറിയിക്കാനും വേണ്ടി മാത്രം.

ഞങ്ങൾ
 ഇടയ്ക്കിടെ
പൊട്ടിത്തെറിക്കാറുണ്ട്;
അടുത്ത നിമിഷം
ഞങ്ങൾ
പൊട്ടിച്ചിരിക്കും.

പൊട്ടിച്ചിരി
നേർത്തു നേർത്ത്
മൗനമന്ദഹാസമായി
അങ്ങനെ...
അങ്ങനെ.......
ഞങ്ങളെ
ശാന്തി തീരത്തേക്ക്
കൂട്ടിക്കൊണ്ടു പോകും.
 

MADAm ( POEM )

മദം 

മനീഷികൾ 
കാല-ദേശാനുസാരികൾ.
അവരുടെ കണ്ടെത്തലുകളും.

''ഉദരനിമിത്തം 
ബഹുകൃത വേഷം.
മതങ്ങൾ 
മദങ്ങളാകുന്നത്
അങ്ങനെയാണ്.

എല്ലാ മതങ്ങളേയും 
ശരിയായി പഠിക്കുക...
പഠിപ്പിക്കുക .....
മതങ്ങൾ 
പിന്നെ 
മദങ്ങളായി 
ചുരുങ്ങില്ല.
 


MATHANGAL ( POEM )

മതങ്ങൾ 

അഭിപ്രായങ്ങൾ 
എന്നു വാച്യാർത്ഥം.
ബൗദ്ധിക മനുഷ്യന്റെ 
മനന ബുദ്ധിയിൽ
തെളിഞ്ഞ കാഴ്ച്ചപ്പാടുകൾ.

കൂട്ടിക്കിഴിച്ചും
ഗുണിച്ചും ഹരിച്ചും
ഗുളികാരൂപത്തിൽ
ഉരുട്ടിയെടുത്താൽ
മതങ്ങൾക്കുള്ളിലെ
സാരാംശങ്ങളെല്ലാം
ഒന്നു  തന്നെ.......( ? )

മതാനുസാരികൾ
മതങ്ങളെ
അന്ധന്മാർ കണ്ട
ആനയാക്കി
ചുരുക്കാൻ ശ്രമിക്കുന്നു.
വെറുതെ
തർക്കബുദ്ധികൾ
കൊമ്പു കോർക്കുന്നു .
കഷ്ടം......!
അല്ലാതെന്തു പറയാൻ....!

NJAAN (POEM)

ഞാൻ

തൊലിയിൽ പൊതിഞ്ഞ 
അസ്ഥി-മാംസ-സിരാദികൾ 
ഉരുവം പൂണ്ട ശരീരം!

സ്പന്ദനം നിലച്ചാൽ 
തണുത്തുറഞ്ഞ് 
മരച്ചു ചീയുന്ന സാധനം!

അതിനുള്ളിലെ 
ഞാനെന്ന ഭാവം!
ആ ഭാവമാണ് 
എല്ലാ വിനകൾക്കും 
.കാരണം ..........( ? )

ഞാനെന്ന ഭാവം 
'നാ'മെന്ന ബോധമായി 
പരിണമിച്ചാലോ?

ആ ബോധം 
എല്ലാ നന്മകളുടെയും 
സോപാനത്തിലേക്ക് 
 നമ്മെ 
കൈ പിടിച്ചു നടത്തും.

NJANGAL SAMTHRUPTHARAANU (POEM)

ഞങ്ങൾ സംതൃപ്തരാണ്


ഞാൻ വിശപ്പ്‌.
എന്റെ ഭാര്യ ദാഹം.
ഞങ്ങൾ സർവ്വവ്യാപികളാണ്

ഞങ്ങൾക്ക് ഭേദചിന്തകളില്ല
പിച്ചക്കാരനും കോടീശ്വരനും 
ഞങ്ങൾക്കു സമന്മാർ .

നിവേദ്യവും എച്ചിലും 
ഞങ്ങൾക്കൊരുപോലെയാണ്.
വിസർജ്യങ്ങളും 
ഞങ്ങൾക്ക് വർജ്യങ്ങളല്ല. 
സമഭാവന സമചിത്തത 
ഇവ രണ്ടും ഞങ്ങളുടെ 
മുതൽ പിടിപ്പുകളാണ്.

Friday, 13 June 2014

Njaanum Neeyum (POEM)

ഞാനും നീയും

ഉച്ഛാസ നിശ്വാസ താളക്രമത്തിൻ
ആവൃത്തി ലേശം പിഴച്ചു പോയാൽ
പിന്നില്ല ഭൗതീക ദേഹപ്പെരുമ
ഒരു പിടി ചാരമായ്ത്തീരുമെല്ലാം.

എന്നിലെ ഞാനെന്ന ഭാവത്തിനും
നിന്നിലെ നീയെന്ന ഭാവത്തിനും
  ലാവണം പിന്നില്ലതോർത്തുവേ ണം
കർമ്മങ്ങളോരോന്നു ചെയ്തു കൂട്ടാൻ.

സ്വന്തമല്ലാർക്കുമീ ഭൂവിലൊന്നും
പങ്കുണ്ടു  സർവ്വർക്കുമെല്ലാററിലും
വാഴ്വൊരു നാടകം - നമ്മൾ നടന്മാർ
കൽപ്പിച്ചു കിട്ടിയ വേഷങ്ങളാടാം.

Tuesday, 10 June 2014

DAIVADSHAKAM SHATHAABDI NIRAVIL (STUDY )





ദൈവദശകം 

ശതാബ്ദി നിറവിൽ

 

1914 -ൽ ഗുരുദേവൻ അനുഷ്ടുപ്പ് വൃത്തത്തിൽ രചിച്ച പത്തു പദ്യങ്ങൾ അടങ്ങു ന്ന ഒരു ത്ര കൃതിയാണ് ദൈവദശകം. പ്രത്യക്ഷത്തിൽ ലളിതമാണെങ്കിലും ഗഹനാർദ്ഥസ്തോസംപുഷ്ടമാണ് ഈ കൃതി.

ദൈവമേ കാത്തു കൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ 
നാവികൻനീഭവാബ്ധിക്കൊ -
രാവി വൻതോണി നിൻപദം
ട്ടെണ്നും പൊരുളൊടുങ്ങിയാൽ
നിന്നിടുംദൃക്കുപോലുള്ളം 
നിന്നിലസ്പന്ദമാകണം
 അന്നവസ്ത്രാദി മുട്ടാതെ
 തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയോന്നുതന്നെ 
ഞങ്ങൾക്കു തമ്പുരാൻ 
ആഴിയും തിരയും കാറ്റും
 ആഴവുംപോലെ ഞങ്ങ
 നീയുമെന്നുള്ളിലാകണം 
നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും 
നീയല്ലോ ദൈവമേസൃഷ്ടി-
ക്കുള്ള സാമഗ്രിയായതും 
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും 
നീയല്ലോ മായയെ നീക്കി-
സായൂജ്യം നൽകുമാര്യനും 
നീ സത്യം ജ്ഞാനമാനന്ദം
 നീ തന്നെ വർത്തമാനവും 
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ 
അകവും പുറവും തിങ്ങും
 മഹിമാവാർന്ന നിൻപദം
 പുകഴ്ത്തുന്നുഞങ്ങളങ്ങെ
ഭഗവാനേ ജയിക്കുക 
ജയിക്കുക മഹാദേവ 
ദീനാവനപരായണാ
ജയിക്കുക ചിദാനന്ദ
ദയാ സിന്ധോ ജയിക്കുക 
ആഴമേറും നിന്മാഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ 
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
ഇതാണ് ഗുരുദേവൻ രചിച്ച ദൈവ ദശകം.

ഈ കൃതിയുടെ ആത്മാവ് കണ്ടെത്താനുള്ള തീവ്രശ്രമങ്ങൾ നടന്നുകൊണ്ടിരി ക്കുന്ന ഒരു കാലഘട്ടമാണല്ലൊ ഇത്. മലയാളസാഹിത്യത്തിൽ ദൈവ ദശക ത്തിന്റെ സ്ഥാനം എവിടെ? കൃതി പഠിക്കാതെ  അത് കണ്ടെത്താനാവില്ല.
ഒരു ആസ്വാദകന്റെ ഭാഗത്തു നിന്നുകൊണ്ട് ഞാൻ കണ്ട ദൈവ ദശകം ഇവടെ കുറിക്കുന്നു

ദശകം എന്നതിന് പത്തു പദ്യങ്ങൾ അടങ്ങുന്ന കാവ്യം എന്നാണർദ്ഥം. ദൈവം സത്യമോ? അതോ മിഥ്യയോ? 

ഈശ്വരാരാധന ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ അത് ഏതു ഭാവത്തിൽ ആയിരി ക്കണം?

മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ദൈവ ദശകത്തിലൂടെ ഗുരു പറഞ്ഞിരിക്കുന്നത്.

നമുക്ക് ദൈവ ദശകത്തിലേക്കു കടക്കാം.

 ഒന്ന് 

ദൈവമേ കാത്തുകൊൾകങ്ങു 
കൈവിടാതിങ്ങു ഞങ്ങളെ 
നാവികൻ നീ ഭവാബ്ധിക്കൊ-
രാവി വൻതോണി നിൻപദം 

(ദൈവമേ,അങ്ങ് ഞങ്ങളെ കൈവിടാതെ എല്ലായ്പ്പോഴും ഇവിടെ കാത്തു രക്ഷി ക്കേണമേ.ജീവിത സമുദ്രം തരണം ചെയ്യാൻ ഞങ്ങൾക്കാശ്രയമായിരിക്കുന്ന കുറ തീർന്നൊരു ആവിക്കപ്പലായി ഭവൽപ്പാദ ങ്ങളെ ഞങ്ങൾ കാണുന്നു. ഭവാൻ അതിന്റെ കപ്പിത്താനും. )

ഇവിടെ ദൈവം സാകാരമൂർത്തിയാണ്. ആ മൂർത്തിയുടെ പാദങ്ങൾ ഒരാവി ക്കപ്പലാണ്. ഗുരുവിന്റെ കാലത്ത് ആവിക്കപ്പൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം മനസ്സിൽ വച്ചുകൊണ്ടേ  കൃതിയുടെ പഠനം തുടങ്ങാവൂ.

കപ്പൽപ്പാദനായൊരു ആരാധനാമൂർത്തിയെ ഒരു മതഗ്രന്ഥവും പരിചയപ്പെടു ത്തിത്തരുന്നില്ല. ജീവിതത്തെ സമുദ്ര തരണത്തോടുപമിച്ച ഗുരുവിന്റെ ഭാവന യിൽ വിരിഞ്ഞ അനന്യമായൊരു ദൈവസങ്കൽപ്പമാണിത്. ആ സാങ്കൽപീക ദൈവത്തോട് ഞങ്ങളെ എല്ലാവരെയും കൈവിടാതെ ഇവിടെ കാത്തു രക്ഷി ക്കേണമേ എന്നാണ് ഗുരുവിന്റെ പ്രാർത്ഥ ന.

താനും ബന്ധുക്കളും മാത്രമടങ്ങുന്ന ഒരു ചെറുസമൂഹത്തെയല്ല "ഞങ്ങൾ" എന്ന പ്രയോഗം കൊണ്ട് ഗുരു അർത്ഥമാക്കുന്നത്. സകല ചരാചരങ്ങളും ആ നിർവചനത്തിൽ പെടുന്നു.

സാഗരതരണ യജ്ഞത്തോടാണ് ജീവിതത്തെ ഗുരു ഉപമിച്ചത്. സഗരതരണം സുരക്ഷിതമാക്കാൻ മനുഷ്യൻ കപ്പൽ കണ്ടുപിടിച്ചു. കപ്പലിനെ സുരക്ഷിതമായി നയിക്കാൻ കപ്പിത്താനെയും അവൻ പരിശീലിപ്പിച്ചു. ധിഷണാശാലിയായൊരു കപ്പിത്താൻ നയിക്കുന്ന കപ്പലിലെ യാത്രക്കാർ എപ്പോഴും സുരക്ഷിതരായിരി ക്കും. ഈ ന്യായമാണ് ദൈവത്തെ ആവിക്കപ്പലിന്റെ നാവികനായി സങ്കൽപ്പി ക്കാൻ ഗുരുവിനെ പ്രേരിപ്പിച്ചത്.

മർക്കട കിശോരന്യായവും മാർജാര കിശോരന്യായവും ഇവിടെ വ്യവഛെദി ച്ചറിയേണ്ടതുണ്ട്.  അപകടം മണത്തറിഞ്ഞാലുടനെ തള്ളക്കുരങ്ങ് കുഞ്ഞിനെ മാറത്തണച്ച് സുരക്ഷിതസ്ഥാനം നോക്കി കുതിക്കും. തള്ളയുടെ കഴുത്തിൽ കെട്ടിപ്പിടിച്ച് നെഞ്ചിൽ ഒട്ടിയിരിക്കേണ്ട ഉത്തരവാദിത്വം കുഞ്ഞിനാണുള്ളത്. ഇത് മർക്കട കിശോരന്യായം.

       

അപകടം മണത്തറിഞ്ഞ പൂച്ച കുഞ്ഞിനെ  കടിച്ചെടുത്തുകൊണ്ടാണ് സുരക്ഷിത സങ്കേതം തേടുക.കുഞ്ഞ് അവളുടെ പിടിയിൽ സുരക്ഷിതയായിരിക്കും. ഇതാണ് മാർജാര കിശോരന്യായം. ഈ ന്യായങ്ങളിൽ മനുഷ്യനു സ്വീകാര്യം മാർജാര കിശോരന്യായമാണ്.മാതാപിതാക്കൾ കുഞ്ഞുങ്ങളെ ശ്രദ്ധയോടുകൂടി കൈപി ടിച്ചു നടത്തും.

ഇക്കാരണത്താലാണ് "എപ്രകാരമാണോ ഒരു പിതാവ് മകനെ കൈപിടിച്ചു നേർവഴിക്കു നയിക്കുന്നത്, അപ്രകാരം അല്ലയോ ലോകപിതാവേ, അങ്ങയുടെ കൈപ്പിടിയിൽ നിന്നും വിട്ടുപോകാതെ എല്ലായ്പ്പോഴും അങ്ങ് ഞങ്ങളെ കാത്തുകൊ ള്ളേണമേ." എന്ന് പ്രാർത്ഥിക്കുന്നത്.


രണ്ട്

ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്നും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം 
നിന്നിലസ്പന്ദമാകണം


( തൊട്ടെണ്ണുന്ന പൊരുളുകൾ ഒന്നൊന്നായെടുത്ത് എണ്ണിത്തിട്ടം വന്നവന്റെ മനസ്സ് എപ്രകാരമാണോ സന്ദേഹമറ്റു നിലക്കൊള്ളുന്നത്‌, അല്ലയോ ,ദൈവ മേ,അപ്രകാരം ഞങ്ങളുടെ മനസ്സ് എല്ലായ്പ്പോഴും അങ്ങയിൽ ചലനമറ്റു നില ക്കൊള്ളേണമേ.)

ദൈവം ഭക്തനെ കൈവിടാതെ കാത്തു രക്ഷിക്കണമെങ്കിൽ ദൈവത്തിനു ഭക്ത നോട്‌ വാത്സല്യം തോന്നണം. അതെങ്ങനെ സാധിച്ചെടുക്കാം? 

പഴയ കാലത്ത് ലളിതഗണിതം പഠിപ്പിച്ചിരുന്നത് കളരിയാശാന്മാരായിരുന്നു. കുന്നിക്കുരുവോ മഞ്ചാടിമണികളോ വെള്ളാരം കല്ലുകളോ കൂട്ടിവച്ചശേഷം അവയിൽ നിന്നും ഓരോന്നായി മാറ്റിവച്ച് എണ്ണാൻ പഠിപ്പിക്കുന്ന ഒരു രീതി കണക്കാശാന്മാർ അവലംബിച്ചു പോന്നിരുന്നു. കുട്ടികളുടെ മനസ്സിൽ ഗണിതം ഉറപ്പിച്ചെടുക്കുകയായിരുന്നു ലക്‌ഷ്യം.

ആശാനോടുള്ള  ഭയഭക്തി ബഹുമാനങ്ങളും വിശ്വാസവുമാണ് കുട്ടിമനസ്സിൽ ഗണിതം ഉറപ്പിച്ചു കൊടുക്കുന്ന അദൃശ്യ ശക്തിവിശേഷങ്ങൾ. എപ്രകാരമാ ണോ ശിഷ്യമനസ്സ് ഗുരുവിൽ വിശ്വാസമർപ്പിച്ചു സന്ദേഹമറ്റു നിലക്കൊള്ളു ന്നത്‌, അപ്രകാരം ഭക്തന്റെ മനസ്സ് ദൈവത്തിൽ സദാസമയവും ചലനമറ്റു നില ക്കൊള്ളണം. ദൈവത്തോട് വ്യാജ ഭക്തി പാടില്ലെന്നു സാരം.

ഇന്ദ്രിയ ഗ്രാഹ്യങ്ങളായ എല്ലാ തത്ത്വങ്ങളും തൊട്ടെണ്ണുന്ന പൊരുളുകളാണ്. പൊരുൾ എന്നതിന് ദ്രവ്യം എന്നാണ് അർത്ഥം. പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറി യാൻ സാധിക്കുന്ന തത്ത്വങ്ങളെല്ലാം ഗുരുക്കന്മാർ നമുക്ക് മനസ്സിലാക്കിത്തരും. പഞ്ചേന്ദ്രിയങ്ങൾക്ക് അപ്രാപ്യങ്ങളായ പൊരുളുകൾ അവനവൻ തന്നെ മനനം ചെയ്തു കണ്ടെത്തിക്കൊള്ളണം. അതിനു ദൈവാനുഗ്രഹം കൂടിയേ തീരൂ. നിർവ്യാജ ഭക്തന്മാർക്കുമാത്രമേ ദൈവത്തിന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടായിരിക്കുകയുള്ളൂ.

ഇന്ദ്രിയഗ്രാഹ്യങ്ങളായ പൊരുളുകളെല്ലാം മനസ്സിലുറപ്പിച്ച ഒരാളുടെ മനസ്സ് എപ്രകാരമാണോ സന്ദേഹമറ്റു നിലക്കൊള്ളുന്നത്, അപ്രകാരം ഞങ്ങ ളുടെ മനസ്സിൽ എല്ലായ്പ്പോഴും നിർവ്യാജ ഭക്തി നിറഞ്ഞു നിൽക്കാൻ അല്ലയോ ദൈവമേ, ഞങ്ങളെ അനുഗ്രഹി ക്കേണമേ. 

മൂന്ന്    

അന്നവസ്ത്രാദി മുട്ടാതെ 
തന്നു രക്ഷിച്ചു ഞങ്ങളെ 
ധന്യരാക്കുന്ന നീയൊന്നു 
തന്നെ ഞങ്ങൾക്കു തമ്പുരാൻ.

ആഹാരം, വസ്ത്രം, പാർപ്പിടം,  തുടങ്ങി ഞങ്ങൾക്കാവശ്യമുള്ളതെല്ലാം തന്നു ഞങ്ങളെ ധന്യരാക്കിക്കൊണ്ടിരിക്കുന്ന അല്ലയോ ദൈവമേ, നീ മാത്രമാണ് ഞങ്ങളുടെ തമ്പുരാൻ. 

'ഞങ്ങൾക്ക് അന്നന്നത്തെ അപ്പം തരേണമേ' എന്ന ബൈബിൾ പ്രാർത്ഥനയോട് ഏറെ സാദൃശ്യമുള്ള വരികളാണിത്. അർത്ഥതലങ്ങൾ വ്യത്യസ്തമാണെന്നു മാത്രം.ദൈവം ഞങ്ങൾക്കു വേണ്ടതെല്ലാം തന്നുകൊണ്ടിരിക്കുന്നു. തുടർന്നും തന്നുകൊണ്ടേയിരിക്കും.  അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല.  അതുകൊ ണ്ടുതന്നെ ഞങ്ങൾ   ധന്യരാണ്. ദൈവമേ, ഞങ്ങളെ ഇപ്രകാരം  ധന്യരാക്കിക്കൊ ണ്ടിരിക്കുന്നതിൽ ഞങ്ങൾക്കങ്ങയോടു നന്ദിയും സ്നേഹവുമുണ്ട്. അവിടുന്ന ല്ലാതെ ഞങ്ങൾക്ക് വേറെ തമ്പ്രാക്കന്മാരില്ല.

ഈ കൃതിയുടെ രചന നടക്കുന്ന കാലത്ത് ജാതിവ്യവസ്ഥ ഉച്ചസ്ഥായിയിൽ നില നിന്നിരുന്നു. സവർണ്ണമേലാളന്മാർ തമ്പുരാൻ, പോറ്റി, തുടങ്ങിയ സംബോധന കൾ അടിയാളന്മാരിൽ അടിച്ചേൽപ്പിച്ചിരുന്നു. അതിനെതിരെ ഗുരുവിന്റെ മനസ്സിലുണ്ടായിരുന്ന അമർഷമാണ്‌ ഈ വരികൾ എഴുതാൻ ആദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് സഹോദരനയ്യപ്പൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.  അതെന്തുമാകട്ടെ,
ചൂഷണത്തിനും അധിനിവേശത്തിനും എതിരെയുള്ള അമർഷം ഉൾച്ചേർന്നു കിടക്കുന്നുണ്ടെങ്കിലും അവ മർമ്മരങ്ങൾ മാത്രമാണ്. സാഹിത്യമൂല്യമുള്ള കാവ്യത്തിന്റെ തിളക്കം ഈ വരികൾക്കുണ്ട്.

നാല്


ആഴിയും തിരയും കാറ്റും 
ആഴവും പോലെ ഞങ്ങളും 
മായയും നിൻ മഹിമയും 
നീയുമെന്നുള്ളിലാകണം 

അല്ലയോ ദൈവമേ, ആഴി, തിര, കാറ്റ്, ആഴം എന്നിവ യഥാക്രമം ഞങ്ങൾ , മായ, നിന്റെ മഹിമ, നീ എന്നിവയോട് സമാനങ്ങളാണെന്ന് ഞങ്ങളുടെ മനസ്സിൽ ബോ ധ്യപ്പെടുത്തി തരേണമേ. 

സാഗരതരണ യജ്ഞമാണ് ജീവിതം. സാഗരം തരണം ചെയ്യുന്നതിന് സാഗരത്തെ ശരിയാംവണ്ണം അറിഞ്ഞിരിക്കേണ്ടതുണ്ട്. 

തിര, കാറ്റ്, ആഴം ഇവ മൂന്നും ചേരുമ്പോഴാണ് ജലാശയത്തിന് ആഴി എന്ന പദ വി കൈവന്നുചേരുന്നത്.  ഐ ഇരമ്പലും തിരമാലകളും കടലിന്റെ പ്രത്യേക തകളാണ്. ആഴവും കാറ്റുമാണ് സമുദ്രജലത്തിൽ തിരയിളക്കമുണ്ടാക്കുന്നത്. ഒരു ലഘു പരീക്ഷണത്തിലൂടെ നമുക്കത് കണ്ടെത്താനാകും.

തിരയിളക്കമുള്ള സമുദ്രത്തിൽ നിന്നു കുറെ ജലം ഒരു കുപ്പിയിൽ  ശേഖരിച്ചു നിരീക്ഷിക്കുക. ആ ജലത്തിന് ഒരിക്കലും തിരയിളക്കം സംഭവിക്കുകയില്ല. കുപ്പിക്കു പകരം കുട്ടകമോ, വീപ്പയോ, സംഭരണിയായി മാറ്റി മാറ്റി നിരീക്ഷ ണം തുടരുക. അവയിലും തിരയിളക്കം ഉണ്ടാവില്ല.

എന്താണിതിൽ നിന്നു വ്യക്തമാകുന്നത്? ആഴവും കാറ്റുമില്ലെങ്കിൽ സമുദ്ര ത്തിൽ   തിരയിളക്കം സംഭവിക്കുകയില്ല. ആഴി എന്ന പേരിൽത്തന്നെ ആഴത്തി ന്റെ   പ്രസക്തി അന്തർലീനമായി കിടക്കുന്നുണ്ടല്ലോ.

സാഗരതരണം നടത്തുന്നത് ഭക്തന്മാരും അവരെ നയിക്കുന്നത് കപ്പൽപ്പാദനും നാവികനും കൂടിയായ ദൈവവുമാണ്. ഭക്തന്മാരായ ഞങ്ങളും, മായയും, ദൈവമഹിമയും, ദൈവവും ഒരുമിച്ചാണ് സാഗരതരണ യജ്ഞത്തിൽ പങ്കാളികളാകുന്നത്.


മായ                         

മായ എന്താണെന്നു മനസ്സിലാക്കാതെ ഈ പ്രാർത്ഥനയുടെ അർത്ഥം മനസ്സിലാ ക്കാൻ പ്രയാസമാണ്.

'ന സതി, ന അസതി, ന സദസ്തി '

( അത് ഉള്ളതല്ല; അത് ഇല്ലാത്തതല്ല; അത് ഉള്ളതിൽ ഇല്ലാത്തതുമല്ല. വാക്കു കൾക്ക് അതിനെ നിർവചിക്കാൻ പ്രയാസമാണ്. )

എന്നാണ് സർവ്വസാരോപനിഷത് മായയെ നിർവചിച്ചിരിക്കുന്നത്.


മായ മാത്രമിദം സർവ്വം 
അദ്വൈദം പരമാർത്ഥത:

( ഇവിടെ കാണുന്നതെല്ലാം മായയാണ്. പരമാർത്ഥമായിട്ടുള്ളത് അദ്വൈതം മാത്രം.)

എന്നാണ് ഗൗഡപാദരുടെ അഭിപ്രായം.

മായ എന്താണെന്ന് ചില ഉദാഹരണങ്ങൾ നിരത്തി ഗുരുക്കന്മാർ നമ്മെ പഠിപ്പി ച്ചിട്ടുണ്ട്.

തെളിഞ്ഞ ജലാശയത്തിന്റെ കരയിലുള്ള മാവിൻകൊമ്പിലെ പഴങ്ങൾ ആ ജലാ ശയത്തിൽ പ്രതിബിംബിച്ചു നില്ക്കും. യഥാർത്ഥ മാമ്പഴവും പ്രതിബിംബിത മാ മ്പഴവും തമ്മിൽ കാഴ്ച്ചയിൽ യാതൊരു വ്യത്യാസവുമില്ല. മാവിൻ കൊമ്പി ലെ മാമ്പഴം പറിച്ചെടുത്ത് നമുക്കു രുചിച്ചു നോക്കാം. പക്ഷേ, പ്രതിബിംബിത മാമ്പ ഴം പറിച്ചെടുക്കാനോ, രുചിച്ചു നോക്കാനോ ഒരിക്കലും സാധ്യമല്ല. മാവിൻ കൊമ്പിലെ മാമ്പഴം സത്യം. ജലാശയത്തിലെ പ്രതിബിംബിത മാമ്പഴം മായ.


അനുഭൂതിം വിനാ മൂഢൊ 
വൃഥാ ബ്രഹ്മണി മോദതേ 
പ്രതിബിംബിത ശാഖാഗ്ര-
ഫലാസ്വാദന മോദവത് 

എന്ന് മൈത്രേയോപനിഷത്തിൽ പറഞ്ഞിട്ടുള്ള ഉദാഹരണമാണ് മുകളിൽ ഉദ്ധ രിച്ചത്.


"സദാസ്പന്ദം സർവ്വം സർവ്വർത്ര "
( സത്താണ് എല്ലാറ്റിനും എവിടെയും ആശ്രയം )

എന്ന് ഗീതാ ഭാഷ്യത്തിലും


സർവ്വം ച നാമരൂപാദി
 വികാരജാതം 
സദാദ്മനാ ഏവ സത്യം 
സ്വതസ്തു അനൃതം

എന്ന് ഛന്ദൊക്യോപനിഷത് ഭാഷ്യത്തിലും ശങ്കരാചാര്യർ മായയെ നിർവചി ച്ചിട്ടുണ്ട്.

ലളിതമായ മറ്റു ചില ഉദാഹരണങ്ങൾ കൂടി നിരത്താം.

മരിച്ചു പോയ ബന്ധുക്കളെ സ്വപ്നത്തിൽ നാം കാണാറുണ്ട്‌; അവരുമായി സംവദിക്കാറുമുണ്ട്. പക്ഷേ, സ്വപ്നാനുഭവങ്ങൾക്ക് ജാഗ്രത്തിൽ പ്രസക്തി യില്ല.സ്വപ്നം മായയായിരുന്നു. ജാഗ്രത് അനുഭവങ്ങളാണ് സത്യം.

ജലം നിറച്ച മണ്‍കൂജയുടെ കാര്യമെടുക്കാം. കളിമണ്ണ്‍ കുഴച്ചു പാകപ്പെടുത്തി കുശവൻ നിർമ്മിച്ചെടുക്കുന്ന കൂജ കൂജയായിരിക്കുമ്പോൾ കൂജ തന്നെ. എന്നാൽ അതിനെ തല്ലിയുടച്ച്‌ അരച്ചുരുട്ടിയാൽ വീണ്ടുമത് കളിമണ്‍ പശയാ  യിത്തീരും. അങ്ങനെ വരുമ്പോൾ നാം കണ്ട കൂജ മായയയിരുന്നുവോ? അതിൽ നിന്ന് നാം കുടിച്ച ജലം ഉണ്മയായിരുന്നില്ലേ?

കൂജയിൽ നാം കണ്ട ജലം അതിനു മുമ്പ് എന്തായിരുന്നു? അന്തരീക്ഷ വായുവി ലെ കാർബണ്‍ ഡയോക്സൈഡും ഓക്സിജനും ആയിരുന്നു എന്ന് നമുക്ക റിയാം. അങ്ങനെ വരുമ്പോൾ ഇവിടെയുളളതെല്ലാം അവസ്ഥാഭേദങ്ങളുടെയും രൂപഭേദങ്ങളുടെയും സംഘാതങ്ങളാണെന്നു വരുന്നു.മായയെ മനസ്സിലാക്കാൻ ഇങ്ങനെ മനന നിരീക്ഷണങ്ങൾ തുടരാവുന്നതാണ്.    

ആഴിയും തിരയും കാറ്റും ഒന്നുചേർന്നു വർത്തിക്കുമ്പോൾ എപ്രകാരമാണോ സമുദ്രഭാവം യാഥാർധ്യമായിത്തീരുന്നത്, അപ്രകാരം ഞങ്ങളും, മായയും, നിന്റെ മഹിമയും, നീയും ഒന്നായിരിക്കുമ്പോൾ ഭക്തിഭാവത്തിന് അർത്ഥതലം വന്നു ചേരുന്നു. നാനാത്വത്തിലെ ഏകത്വം ഗുരു ഇവിടെ അവതരിപ്പിച്ചിരി ക്കുന്നു.


അഞ്ച്


നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടി ജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയാടതും.

( അല്ലയോ ദൈവമേ, ഇവിടെയുള്ള സൃഷ്ടികർമ്മങ്ങളും, സൃഷ്ടിക്കപ്പെട്ട വസ്തുക്കളും, സൃഷ്ടിക്കുവേണ്ടി ഉപയോഗിക്കപ്പെടുന്ന സാമഗ്രികളും സൃഷ്ടികർത്താവും നീതന്നെയാകുന്നു.)

ഇല്ലാത്ത ഒന്നിനെ സൃഷ്ടിക്കാനോ ഉള്ള എന്തിനെയെങ്കിലും നശിപ്പിക്കുവാനോ ആരാലും സാദ്ധ്യമല്ല. തത്വചിന്തകർ മാത്രമല്ല, ശാസ്ത്ര ജ്ഞന്മാരും ഇക്കാര്യം സമ്മതിക്കുന്നുണ്ട്.

ചെറിയ ഒരുദാഹരണത്തിലൂടെ ഇക്കാര്യം വിശദീകരിക്കാം.

പുരാതനർ കാട് വെട്ടി നാട്ടിൻപുറങ്ങൾ സൃഷ്ടിച്ചു. കാലക്രമത്തിൽ നാട്ടിൻപുറ ങ്ങളെ അവർ പട്ടണങ്ങളും നഗരങ്ങളുമാക്കി മാറ്റിയെടുത്തു. മാറ്റങ്ങൾ ഓരോന്നായി വന്നുചേർന്നു. ഈ മാറ്റങ്ങളൊക്കെ വാസ്തവത്തിൽ സൃഷ്ടികളാണോ?
കാട് വെട്ടി ഗ്രാമങ്ങളുണ്ടാക്കിയപ്പോൾ ആ പ്രദേശങ്ങൾക്ക് കാടിന്റെ രൂപഭാവങ്ങൾ വന്നുചേർന്നു. ആ ഗ്രാമം കുറേക്കാലം ആൾപ്പാർപ്പില്ലാതെ കിടക്കുന്നതായി സങ്കൽപ്പിക്കുക. അപ്പോൾ എന്തു സംഭവിക്കും? ആ ഗ്രാമം വീണ്ടും വനഭൂമിയായിത്തീരും.

ഇവിടെ ആരാണ് വനം സൃഷ്ടിച്ചത്? ആരും സൃഷ്ടിച്ചതല്ല; സ്വയമേവ സംഭവിച്ചു പോയതാണ്.

ഇനി മറ്റൊരു ഉദാഹരണം നോക്കാം.

കുന്നുകൾ ഇടിച്ചു നിരത്തിയും ചതുപ്പുനിലങ്ങൾ നികത്തിയുയർത്തിയും മലകൾ തുരന്നു തുരങ്കങ്ങളുണ്ടാക്കിയും നാം റെയിൽ പാളങ്ങലുണ്ടാക്കുന്നു.കോണ്ക്രീറ്റ് ബീമുകളിൽ സമാന്തരമായി ഘടിപ്പിച്ച ഉരുക്കുപാളികളെ കരിങ്കൽ തുണ്ടുകളിട്ടു ബലപ്പെടുത്തിയെടുക്കുമ്പോൾ റെയിൽ പാളമായി. ഈ പാളംതയ്യാറാക്കുന്നതിനു മുമ്പ് ഉരുക്കുപാളികൾ ഖനികളിലെ ഇരുമ്പൈരായിരുന്നു. കരിങ്കൽത്തുണ്ടുകൾ പാറ ക്കെട്ടുകളാ യിരുന്നു. കോണ്‍ക്രീറ്റ്പാളികളും, നട്ടുകളും, ബോൾട്ടുകളുമെല്ലാം അസംസ്കൃത രൂപത്തിലുള്ള സാമഗ്രികളായിരുന്നു. അദൃശ്യമായ ഏതോ ശക്തിവിശേഷത്തിന്റെ പ്രേരണയാൽ മനുഷ്യൻ അവന്റെ സൗകര്യാർത്ഥമ  വയ്ക്കെല്ലാം രൂപമാറ്റം ഉണ്ടാക്കിയെടുത്തു.

റോഡുകളും റെയിൽപാതകളും ഉണ്ടാക്കാനായി പൊട്ടിച്ചെടുത്ത പാറക്കെട്ടുകൾ നശിച്ചുപോയി എന്ന് നാം പറയും. അത് ശരിയാണോ? ഒരിക്കലുമല്ല. അവയ്ക്ക് റോഡുകളുടെയും, പാലങ്ങളുടെയും, റെയിൽപാള ങ്ങളുടെയുമൊക്കെ രൂപഭേദങ്ങൾ വന്നു ചേർന്നു. വെട്ടി നശിപ്പിക്കപ്പെട്ട മരങ്ങൾ സൗധക്കെട്ടുകളുടെ ജനാലകളും, കട്ടിളപ്പടികളും, കതകുകളും, ഫർണി ച്ചറുകളുമൊക്കെയായി രൂപാന്തരപ്പെടുന്നു. ഖനനം ചെയ്തെടുക്കപ്പെടുന്ന അയിരുകൾ യന്ത്രസാമഗ്രികളായും, പാത്രങ്ങളായും, ആഭരണങ്ങളായും, മറ്റു പലതുമായും രൂപാന്തരപ്പെടുന്നു. ഇങ്ങനെ നോക്കിയാൽ, സൃഷ്ടികളെന്നു നാം കരുതിപ്പോരുന്നതൊന്നും സൃഷ്ടികളല്ല എന്ന് തോന്നിപ്പോകും. ഇക്കാര്യം താൻ രചിച്ച ഗദ്യ പ്രാർതഥനയിൽ വിശദീകരിച്ചിട്ടുണ്ട്.

"നമ്മുടെ കണ്ണ് കൊണ്ടു കാണുന്നതൊന്നും നിത്യമല്ല. ശരീരവും നീർക്കുമിള പോലെ നിലയറ്റതാകുന്നു. എല്ലാം സ്വപ്നതുല്ല്യം എന്നല്ലാതെ ഒന്നും പറയാനില്ല.നാം ശരീരമല്ല, അറിവാകുന്നു. ശരീരം ഉണ്ടാകുന്നതിനു മുൻപും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെ ഇല്ലാതെ പോയാലും അറിവായ നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടേ ഇരിക്കും. ഇപ്രകാരം ഉപദേ ശിക്കപ്പെടുന്ന  തിരുവാക്കുകളെയും, ഈ തിരുവാക്കുകളുടെ ഉപദേഷ്ടാവായ പരമാത്മാവിനെയും ഞങ്ങൾ ഊണിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പ്പോഴും ചിന്തിക്കുമാറാകേണമേ."


ആറ്

നീയല്ലോ മായയും മായാ-
വിയും മായാ വിനോദനും 
നീയല്ലോ മായയെ നീക്കി 
സ്സായൂജ്യം നല്കുമാര്യനും.

അല്ലയോ ദൈവമേ, നീ മായയാണെന്ന് ഞങ്ങൾ അറിയുന്നു. മായകളുണ്ടാക്കി ഞങ്ങളെ അതിനുള്ളിൽ തള്ളിയിട്ടു വിനോദിക്കുകയും, ഞങ്ങൾ വശം കെട്ടു കഴിയുമ്പോൾ മായാവലയം നീക്കി ഞങ്ങൾക്ക്‌ മോക്ഷം തരികയും ചെയ്യുന്ന മായാവിയായ നീ ശ്രേഷ്ടന്മാരിൽ ശ്രേഷ്ടനാണെന്നും ഞങ്ങൾക്കറിയാം.

മായയെപ്പറ്റി നാലാമതു പദ്യത്തിൽ വിശദീകരിച്ചിട്ടുണ്ട്. അതിവിടെ ആവർത്തിക്കുന്നില്ല.


ഏഴ്



നീ സത്യം ജ്ഞാനമാനന്ദം 
നീ തന്നെ വർത്തമാനവും 
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ.



അല്ലയോ ദൈവമേ, നീ സത്യമാകുന്നു, നീ ജ്ഞാനമാകുന്നു, നീ ആനന്ദമാകുന്നു, ഭൂതവും ഭാവിയും വർത്തമാനവും ( കാലത്രയം) നീ തന്നെയാകുന്നു. ചിന്തിച്ചു നോക്കിയാൽ, ഞങ്ങൾ ഉരുവിടുന്ന വാക്കുകൾ പോലും നീയാകുന്നു.

സച്ചിതാനന്ദം ( സത്+ചിത്+ആനന്ദം ) എന്ന ഭാരതീയ  സങ്കൽപ്പത്തിന് അടിവരയിടുന്നുണ്ട് ഗുരുവിന്റെ ഈ വരികൾ.

ജ്ഞാനദൃഷ്ടിയിൽ സത്യം തെളിഞ്ഞു ശോഭിക്കുമ്പോഴുള്ള ആനന്ദാനുഭൂതിയെയാണ് സച്ചിതാനന്ദം എന്നു വിശേഷിപ്പിക്കുന്നത്.

മായാമുക്തി നേടിയെടുക്കാൻ സത്യാസത്യ വിവേചന ബുദ്ധി കൂടിയേ തീരൂ.സത്യാസത്യ വിവേചനബുദ്ധി തന്നെയാണ് ജ്ഞാനം. സ്വാനുഭവം, പൂർവ്വജ്ഞാനം, യുക്തി തുടങ്ങിയവയാണ് ജ്ഞാനാർജ്ജനത്തിനുള്ള പ്രമാണങ്ങൾ.ഭൂതകാല സംഭവങ്ങളെ വർത്തമാനകാല സംഭവങ്ങളുമായി ചേർത്തുവച്ചു പരീക്ഷണ- നിരീക്ഷണങ്ങൾ നടത്തിയാൽ ഭാവി എന്തായിരിക്കുമെന്ന് ഏറെക്കുറെ ഊഹിച്ചെടുക്കാം. ഇതിനെയാണ് ത്രികാലജ്ഞാനം എന്നു പറയുന്നത്. മനനബുധി കണ്ടെത്തിയ കാര്യങ്ങൾ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ ദൈവകൃപ കൂടിയേ തീരൂ. ഇവിടെ ദൈവം ശബ്ദബ്രഹ്മമായി പരിണമിക്കുന്നു."ഓതും മൊഴിയുമോർക്കിൽ നീ" എന്ന പ്രയോഗം ശ്രദ്ധാപൂർവ്വമാണ് ഗുരു നടത്തിയത്.

എട്ട്

അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻപദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങെ
ഭഗവാനെ ജയിക്കുക.
അകത്തും പുറത്തും ഒരുപോലെ തിങ്ങിനിറഞ്ഞു നിൽക്കുന്ന മഹിമയോടുകൂടിയ നിന്റെ പദം ഞങ്ങൾ പുകഴ്ത്തുന്നു; ഭഗവാനെ, ജയിച്ചാലും.

ബഹിർമുഖനായ ഒരാൾക്ക് മേൽപ്പറഞ്ഞ തത്വങ്ങൾ പൂർണ്ണമായി ഗ്രഹിക്കാനാവില്ല.അകക്കണ്ണ് തുറന്നു നോക്കിയാലെ ജ്ഞാനം സന്ദേഹമറ്റു മനസ്സിൽ ഉറച്ചു കിട്ടൂ. അത്മവിലാസം എന്നാ കൃതിയിൽ ഗുരു പറയുന്നു: ''ഓ!  ഇതൊക്കെയും ഒരു ഘടീയന്ത്രം  പോലെ ആദ്യന്തമില്ലതെ കറങ്ങുന്നു.വിസ്മയം!നാം നമ്മുടെ  കാണുന്നു.( ? കാണുന്നില്ല ).   ദൈവം   നമ്മെ കാണുന്നു.നാം നമ്മുടെ ശ്രുതിയെ ശ്രവിക്കുന്നു. ( ? ശ്രവിക്കുന്നില്ല ). നമ്മെ ദൈവം ശ്രവിക്കുന്നു. നാം നമ്മുടെ ത്വക്കിനെ സ്പർശിക്കുന്നു. ( ? സ്പർശി ക്കുന്നില്ല) നമ്മെ ദൈവം സ്പർശിക്കുന്നു. നാം നമ്മുടെ നാവിനെ രസിക്കുന്നു. ( ? രസിക്കുന്നില്ല ). നമ്മെ ദൈവം രസിക്കുന്നു. നാം നമ്മുടെ മൂക്കിനെ മണക്കുന്നു. (? മണക്കുന്നില്ല). ദൈവം നമ്മെ മണക്കുന്നു. നാം വാക്കിനെ തള്ളി വിടുന്നു. നമ്മെ വാക്ക് തള്ളിവിടുന്നില്ല; ദൈവം തള്ളിവിടുന്നു. നാം കൈയെ ആദാനം ചെയ്യിക്കുന്നു.നമ്മെ കൈ ആദാനം ചെയ്യിക്കുന്നില്ല. ദൈവം ആദാനം ചെയ്യിക്കുന്നു.നാം കാലിനെ നടത്തുന്നു. നമ്മെ കാലു നടത്തുന്നില്ല; ദൈവം നടത്തുന്നു. നാം ദൈവത്തെ നടത്തുന്നില്ല.നാം ഗുദത്തെ വിസർജ്ജനം ചെയ്യിക്കുന്നു.ഗുദം നമ്മെ വിസർജ്ജനം ചെയ്യിക്കുന്നില്ല. നാം ഉപസ്ഥത്തെ ആനന്ദിപ്പിക്കുന്നു.നമ്മെ ഉപസ്ഥം ആനന്ദിപ്പിക്കുന്നില്ല. ദൈവം ആനന്ദിപ്പിക്കുന്നു.നാം ദൈവത്തെ ആനന്ദിപ്പിക്കുന്നില്ല.

ഓ! ഇതാ ദൈവത്തിൽ പുരുഷലക്ഷണം കാണുന്നു. ദൈവം കണ്ണില്ലാതെ കാണുകയും, ചെവിയില്ലാതെ കേൾക്കുകയും, ത്വക്കില്ലാതെ സ്പർശിക്കുകയും, മൂക്കില്ലാതെ മണക്കുകയും, നാവില്ലാതെ രുചിക്കുകയും ചെയ്യുന്ന ചിത്പുരുഷനാകുന്നു. നമ്മുടെ ശരീരം  ജഡമാകുന്നു. ചുട്ടുപഴുത്ത ഇരുമ്പുഗോളം തേജോമയമായിരിക്കുന്നതുപോലെ നാം കണ്ണു തുറന്നു നോക്കുമ്പോൾ നമ്മുടെ ശരീരം തേജോമയമായിരിക്കുന്നു.
 ഓ! നമ്മുടെ ദൈവം ജ്യോതിർമയമായിരിക്കുന്ന ഒരു ദിവ്യ സമുദ്രമാകുന്നു. ഇതൊക്കെയും ആ നിസ്തരംഗ സമുദ്രത്തിന്റെ തരംഗമാകുന്നു.ഓ! ഇതൊക്കെയും കാനലിൽ നിന്നു കവിയുന്ന വെള്ളമാകുന്നു.ദൈവം കാനലാകുന്നു.

ഓ! നാം ഇതുവരെയും ബഹിർമുഖനായിരുന്നു. ഇനി അന്തർമുഖത്തോടു കൂടിയവനായിത്തീരുന്നു. നാം ഇതുവരെയും നിന്നിരുന്നത് ദിവ്യമായ ഒരു കണ്ണാടിയിൽ ആയിരുന്നു. ഇത് തന്നെയാണ് നമ്മുടെ ദൈവം. ഇതിനെ നാം ഇതിനുമുമ്പ് കണ്ടിരുന്നില്ല. ഇപ്പോൾ നമുക്കിവിടെ യാതൊരു മറവും കാണാനില്ല. നാമും ദൈവവും ഒന്നായിത്തീരുന്നു.


ഒൻപത്

ജയിക്കുക മഹാദേവ, 
ദീനാവന പരായണ
ജയിക്കുക ചിദാനന്ദ 
ദയാസിന്ധോ ജയിക്കുക.
അല്ലയോ മഹാനായ ദേവ, ദീനന്മാരെ അവനം ചെയ്യുന്നവനെ, (  രക്ഷിക്കുന്നവനെ ) ചിത്തിനെ ആനന്ദിപ്പിക്കുന്നവനെ, കരുണക്കടലെ ജയിച്ചാലും.

''ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശൻ'' എന്ന് കുമാരനാശാനും ''ചിന്താസന്താനമേ'' എന്ന് ഗുരുദേവനും ഈശ്വരനെ സംബോധന ചെയ്തിട്ടുള്ളത് ഇവിടെ ഓർക്കേണ്ടതുണ്ട്.

ദൈവദശകത്തിലെ  ആദ്യത്തെ എട്ടു പദ്യങ്ങളിലൂടെ ദൈവം ചിന്താസന്താനമാണെന്ന് ഗുരു വിശദമാക്കിത്തന്നു.ആ ചിന്താസന്താനത്തിന് പുരുഷരൂപവും കൽപ്പിച്ചുനല്കി. പുരുഷരൂപം പൂണ്ട ഈശ്വരൻ ദീനന്മാരെ അവനം ചെയ്യുന്നവനാണ്. ചിത്തിനെ ആനന്ദിപ്പിക്കുന്നവനാണ്. കരുണാസമുദ്രമാണ്. (ദയാസിന്ധു ).  മഹത്വങ്ങളുള്ള ശ്രേഷ്ടന്മാരിൽ ശ്രേഷ്ടനാണ് ദൈവം. അതുകൊണ്ടാണ് ഗുരു ദൈവത്തെ മഹാദേവൻ എന്ന് സംബോധന ചെയ്തത്. ( ഇവിടെ 'മഹാദേവൻ' ശിവന്റെ പര്യായമല്ല.


പത്ത്

ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ 
ആഴണം വാഴണം നിത്യം 
വാഴണം വാഴണം സുഖം.
അല്ലയോ ദൈവമേ, നിന്റെ ജ്യോതിസ്സാകുന്ന ആഴക്കടലിൽ മുഴുവനായി ആഴ്ന്നിറങ്ങി അലിഞ്ഞുചേരാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. എന്നിട്ടവിടെ സുഖമായി കഴിഞ്ഞുകൂടാനും ഇട വരുത്തേണമേ.

സമുദ്രം ഉപ്പുജലം കൊണ്ടു നിരഞ്ഞതാനല്ലോ. അങ്ങനെയുള്ള സമുദ്രത്തിൽ ഒരു ഉപ്പുപാവ നിക്ഷേപിച്ചാൽ എന്തു സംഭവിക്കും? സമുദ്രജലത്തിൽ അലിഞ്ഞു ചേർന്ന് പാവ ഇല്ലാതായിത്തീരും. അവിടെ പിന്നെ ഉപ്പുപാവയും സമുദ്രവും തമ്മിൽ ഭേദമില്ല.

ദൈവം ജ്യോതിർമയനാണ്. ദൈവത്തിന്റെ ജ്യോതിസ്സാകുന്ന ആഴിയിൽ ആകവേ ആണ്ടു ചേരാൻ കഴിഞ്ഞാൽ പിന്നെ ദൈവവും ഭക്തനും തമ്മിൽ ഭേദമില്ല.ഈശ്വരജ്യോതിസ്സു മാത്രം അവശേഷിക്കും. ഈയൊരവസ്ഥ കൈവന്നു ചേർന്നാൽ അതിനപ്പുറമായി മറ്റെന്താണ് വേണ്ടത്?

അഹം ബ്രഹ്മാസ്മി, തത്ത്വമസി, ബ്രഹ്മവിത്‌ ബ്രഹ്മൈവ ഭവതി എന്നൊക്കെ ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്നതും വേറൊന്നല്ല.

ഉപസംഹാരം.

കപ്പൽ പാദനും നാവികനുമായ സാകാരമൂർത്തിയായൊരു ദൈവത്തെ അടുത്തറിയാൻ നാം ശ്രമിച്ചു.കൂടുതൽ കൂടുതൽ അടുത്തറിഞ്ഞപ്പോൾ നാം കണ്ട സാകാരമൂർത്തിക്ക് നിരാകാരമൂർത്തിയുടെ ഭാവം വന്നു ചേർന്നു. ആ നിരാകാരമൂർത്തിയെ അടുത്തറിയാനുള്ള മനനം തുടർന്നപ്പോൾ ദൈവവും നമ്മളും ഒന്നാണെന്ന തരത്തിലേക്ക് മനനമനസ്സു ചെന്നെത്തി. അവാച്യമായ ഒരു സുഖാനുഭൂതി അനുഭവിച്ചറിയാൻ നമുക്കിപ്പോൾ സാധിക്കുന്നു.

തികച്ചും അനിതര സാധാരണമായൊരു സ്തോത്രകൃതിയായി ദൈവദശകം പ്രകാശം പരത്തി നിലക്കൊള്ളുന്നു. ഭൗതീകമായ യാതൊരാവശ്യവും ഈശ്വരനോട് ഗുരു ആവശ്യപ്പെടുന്നില്ല. ഗുരുദേവന്റെ എല്ലാ സ്തോത്ര കൃതികൾക്കുമുള്ള ഒരു പൊതു സ്വഭാവമാണിത്. ജാതി-മത-വർഗ്ഗ വ്യത്യാസങ്ങളില്ലാതെ ആർക്കു വേണമെങ്കിലും ഇത് പാരായണം ചെയ്യാം.

സ്തോത്രകൃതി എന്നതിനുപരി ഒരു ഭാഷാകാവ്യത്തിന്റെ തലത്തിലേക്കും ദൈവദശകം ഉയരുന്നുണ്ട്. പത്തു പദ്യങ്ങൾക്കുള്ളിൽ അതിബ്രുഹത്തായ ആശയങ്ങൾ സന്നിവേശിപ്പിച്ച ഗുരുവിന്റെ കവനശേഷി പ്രശംസനീയം തന്നെ.


**********