അവതാര കഥകളിലെ രാഷ്ട്രീയ പരിപ്രേക്ഷ്യം
മത്സ്യ: കൂർമ്മ: വരാഹശ്ച
നരസിംഹശ്ച്ച വാമന:
രാമോ രാമശ്ച രാമശ്ച
കൃഷ്ണ: കൽക്കിർ ജനാർദ്ദന:
ദശാവതാരങ്ങളുടെ ആരോഹണക്രമത്തിലുള്ള പട്ടികയാണ് മുകളിലുദ്ധരിച്ചി രിക്കുന്നത്.
പുരാണ ഋഷിമാർ കെട്ടിച്ചമച്ച അബദ്ധജടിലങ്ങളായ കഥകളാണ് ദശാവതാര കഥകൾ എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ജൈവപരിണാമത്തിന്റെ നേർ ചി ത്രങ്ങളാണവയെന്നു വേറൊരു കൂട്ടർ വാദിക്കുന്നു. ദൈവീക പരിവേഷം ചാർ ത്തി ഈ കഥകളെ വേറൊരു കൂട്ടർ ആത്മീയ വിപണനോപാധികളാക്കി കച്ചവടം ചെയ്യുന്നു. ഡാർവിന്റെ പരിണാമ സിദ്ധാന്തവുമായി ചേർത്തുവച്ച് ദശാവതാര കഥകളിലെ ശാസ്ത്രവശങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങളും നടന്നു കാണുന്നു. അവതാരപ്പൊരുൾ കണ്ടെത്താനാകാതെ സാധാരണക്കാർ പകച്ചു നില്ക്കുന്നു. അതുകൊണ്ടു തന്നെ ദശാവതാര കഥകളുടെ പൊരുൾ കണ്ടെത്താനുള്ള ചുമതല നമുക്കുണ്ട്.
ദശാവതാര കഥകളിലൂടെ എന്തു സന്ദേശം പകർന്നു നൽകാനാണ് പൗരാണികർ
ശ്രമിച്ചത്? നമുക്കൊന്നു പരിശോധിക്കാം.
ജലജീവിയായ മത്സ്യം, ഉഭയ ജീവിയായ ആമ, കര ജീവിയായ പന്നി, നരന്റെ ഉടലും സിംഹ ശിരസ്സുമുള്ള നരസിംഹം, കുള്ളനായ വാമനൻ, മഴുവേന്തിയ പരശുരാമൻ, അമ്പും വില്ലുമേന്തിയ ശ്രീരാമൻ, ഗീതോപദേശം നടത്തുന്ന ശ്രീകൃഷ്ണൻ......
ജൈവ പരിണാമത്തോട് ചേർത്തുവയ്ക്കാവുന്നൊരു ക്രമമല്ല ഇവിടെ കാണാൻ കഴിയുന്നത്.സംസ്കാരത്തിന്റെയും ബൗധീകതയുടെയും ഒരു പരിണാമ വളർച്ച ദർശിക്കാനുണ്ടുതാനും.
സംസ്കാരവും ബൗദ്ധികവളച്ചയും ഒരളവുവരെ വ്യവസ്ഥിതികളുമായി ബന്ധ പ്പെട്ടു കിടക്കുന്നു. വ്യവസ്ഥിതികൾ രാഷ്ട്രീയ സൃഷ്ടികളാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
മഹാഭാരതം, ഭാഗവതം, അഗ്നി പുരാണം, തുടങ്ങിയ പൗരാണിക സാഹിത്യ സ്രോതസ്സുകളിലൂടെ ഒരു തീർഥാടനം നടത്തിയാൽ അവതാര കഥകളിലെ രാഷ്ട്രീയ പരിപ്രേക്ഷ്യം കണ്ടെത്താനാകും.
ഭൃഗുശാപം അവതാര കഥകളുടെ മൂലം.
ദേവാസുര യുദ്ധം കൊടുമ്പിരിക്കൊണ്ട കാലം. അസുര ഗുരുവായ ശുക്രാചാ ര്യർ യുദ്ധക്കളത്തിൽ മരിച്ചുവീണ അസുരന്മാരെ മൃതസഞ്ജീവനി മന്ത്രം പ്രയോഗിച്ചു ജീവിപ്പിച്ചുകൊണ്ടിരുന്നു.ദേവന്മാർ പരാജയപ്പെട്ടു പിന്തിരി ഞ്ഞോടി.
പിന്തിരിഞ്ഞോടിയ ദേവന്മാർ കൂടുതൽ ശക്തി സമാഹരിച്ചു തിരിച്ചെത്തുമെന്ന് അറിയാമായിരുന്ന ശുക്രാചാര്യർ ശിവനുമായി ഒരു രഹസ്യ കൂടിക്കാഴ്ച നടത്തി.
"പ്രഭോ, ദേവന്മാരെ തോൽപ്പിക്കാൻ പോന്നതും, ബ്രുഹസ്പതിക്ക് വശമില്ലത്ത തുമായ ഒരു വിദ്യ അവിടുന്ന് ഉപദേശിച്ചു തരണം."
കുശലപ്രശ്നങ്ങൾക്കുശേഷം അസുര ഗുരു അപേക്ഷിച്ചു.
അസുര ഗുരുവിന്റെ അപേക്ഷ കേട്ട് ശിവൻ ചിന്താക്കുഴപ്പത്തിലായി.ഒരു നിമിഷം ധ്യാനനിമഗ്നനായശേഷം അദ്ദേഹം പറഞ്ഞു:
"മഹർഷേ, താങ്കൾ ആയിരം സംവത്സരക്കാലം തലകീഴായി തൂങ്ങിക്കിടന്നു ധൂമപാനം ചെയ്യുക.ഇഷ്ടസിദ്ധിക്കുള്ള മന്ത്ര ലാഭം അങ്ങേക്ക് ലഭിക്കും."
ശിവകല്പ്പന ശിരസ്സാ വഹിച്ച ശുക്രാചാര്യർ തലകീഴായി തൂങ്ങിക്കിടന്നു ധൂമപാനം തുടങ്ങി.വിവരമറിഞ്ഞ ദേവന്മാർ സന്തോഷിച്ചു. ഇന്ദ്രന്റെ നേത്രു ത്വത്തിൽ അവർ അസുരന്മാരുമായി ഏറ്റുമുട്ടി. ഗുരുവിന്റെ അഭാവത്തിൽ ശക്തി ക്ഷയിച്ചുപോയ അസുരന്മാർ കാവ്യമാതാവിനെ ശരണം പ്രാപിച്ചു. ഇന്ദ്രാദികൾ അവരെ പിൻതുടർന്നു. കാവ്യമാതാവ് യോഗശക്തിയാൽ ഇന്ദ്ര നേയും മറ്റു ദേവന്മാരെയും സ്തംഭിപ്പിച്ചു നിർത്തി. ആ സമയത്ത് മഹാവി ഷ്ണു കാവ്യമാതാവിനു നേരെ ചക്രായുധം പ്രയോഗിച്ചു.കവ്യമാതാവ് ശിരസറ്റ് നിലംപതിച്ചു.രംഗസാക്ഷിയായി നിന്ന ഭ്രുഗു മഹാവിഷ്ണുവിനെ ശപിച്ചു:
"സ്ത്രീ ഘാതകനായ വിഷ്ണൂ, നീ ചെയ്ത പ്രവൃത്തി ധർമ്മത്തിനു നിരക്കുന്ന തല്ല. പാപമോചനത്തിനായി നീ ഭൂമിയിൽ അവതാരങ്ങൾ കൈക്കൊണ്ട് ധര്മ്മസംസ്ഥാപന പ്രക്രിയയിൽ പങ്കു ചേരുക."
അനന്തരം ഭൃഗു കമണ്‍ഡലുവിൽനിന്നുമെടുത്ത ജലം കാവ്യമാതാവിന്റെ മുഖത്തു തളിച്ചു. ഉറക്കത്തിൽ നിന്നുമെന്നപോലെ കാവ്യമാതാവ് ഉണർന്നെ ഴുനേറ്റു.
ദേവീ ഭാഗവതത്തിലെ ഈ കഥ മനം ചെയ്യാതെ ദാശാവതരകഥകളിലെ പൊരുൾ കണ്ടെത്താനാവില്ല.
ദേവാസുരയുദ്ധങ്ങൾ കുരുക്ഷ്ത്ര യുദ്ധത്തിന്റെ നേർപ്പകർപ്പുകളാണ്. സമ്പ ത്തിനും അധികാരത്തിനും വേണ്ടി സഹോദരന്മാർ തമ്മിൽ നടന്ന കുടിപ്പോരുക ളാണ് യുദ്ധങ്ങളായി പരിണമി ച്ചത്.
കശ്യപ പ്രജാപതിക്ക് ദിതിയിലും അദി തിയിലും പിറന്ന മക്കളാണ് ദേവാസുര ന്മാരായി ചേരി തിരിഞ്ഞു യുദ്ധം ചെയ്തത്. ബൃഹസ്പതി ദേവന്മാരുടെ ഗുരു സ്ഥാനം അലങ്കരിച്ചപ്പോൾ ശുക്രാചാര്യർ അസുര ഗുരുവായി വർത്തിച്ചു. ബ്രഹ്മാവിന്റെ പുത്രന്മാരായിരുന്നു അംഗിരസ്സും ഭൃഗുവും. ബൃഹസ്പതി അംഗിരസ്സിന്റെ പുത്രനും ശുക്രൻ ഭ്രുഗുപുത്രനുമായിരുന്നു. മത്സ്യാവതാരം മുതൽ കൃഷ്ണാവതാരം വരെ ദേവാസുര യുദ്ധങ്ങൾ നീണ്ടു നിന്നു. കുരുക്ഷേ ത്രമായിരുന്നു ആ പരമ്പരയിലെ അവസാനയുദ്ധം.
മൃതസന്ജീവനിയും ധൂമപാനവും
മഹാമേരുവിന്റെ ഉത്തരപാർശ്വത്തിൽ വളരുന്നൊരു ദിവ്യ ഔഷധമാണ് മൃതസഞ്ജീവനി എന്ന് കമ്പരാമായണം പറയുന്നു.
ശിവനും വിഷ്ണുവും കൂടി ഒരിക്കൽ ദേവന്മാർക്ക് ശല്യകരണി, വിശല്യക രണി, സന്ധാനകരണി, മൃതസഞ്ജീവനി എന്നീ നാല് ദിവ്യ ഔഷധങ്ങളുടെ വിത്തുകൾ കൊടുത്തുവത്രെ! ദേവന്മാർ അത് മഹാമേരുവിൽ പാകി കിളിർ പ്പിച്ചു പാലാഴിയിൽ നിന്ന് വെള്ളം കോരി നനച്ചു വളർത്തി. ശിവപാർഷദ ന്മാരും വിഷ്ണുവിന്റെ സുദർശനചക്രവും ആ തോട്ടത്തിനു കാവൽ നിന്നു. മൃതസഞ്ജീവനിക്ക് മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുണ്ടത്രെ!
ദേവന്മാർ അമരന്മാരാണെന്ന് പുരാണങ്ങൾ പറയുന്നു. ജരാനരകളെ അകറ്റാൻ കെൽപ്പുള്ള അമൃതിന്റെ ശേഖരം അവർക്കുണ്ടുതാനും. അങ്ങനെ വരുമ്പോൾ മൃതസഞ്ജീവനികൃഷിക്ക് മെനക്കെടേണ്ട കാര്യം ദേവന്മാർക്കുണ്ടോ?
മൃതസഞ്ജീവനി ഒരു വിദ്യയാണെന്നാണ് മഹാഭാരതം പറയുന്നത്. അസുര ന്മാർ കൊന്നുകളഞ്ഞ ബൃഹസ്പതീപുത്രനായ കചനെ ശുക്രാചാര്യർ മൃതസ ഞ്ജീവനി മന്ത്രം ചൊല്ലി ജീവിപ്പിച്ച കഥ പ്രസിദ്ധമാണല്ലോ.
ഹസ്പതിക്കു വശമില്ലാത്തതും ദേവന്മാരെ തോൽപ്പിക്കാൻ ശക്തിയുള്ള തുമായ വിദ്യ തേടി ശിവനെ സമീപിക്കുന്ന ശുക്രാചാര്യരുടെ പ്രവൃത്തിയിൽ നിന്നും മൃതസഞ്ജീവനി ഒരു വിദ്യയായിരുന്നു എന്ന് അനുമാനിക്കാം.
ജീവനറ്റ ഉടലിൽ ജീവൻ വയ്പ്പിക്കുക എന്നത് തീർത്തും അസാധ്യമായൊരു കാര്യമാണ്. യുദ്ധതന്ത്രങ്ങളിൽപ്പെട്ട അപൂർവ്വം അടവുനയങ്ങളിലോന്നായി മാത്രം അതിനെ കണ്ടാൽ മതി.
ശിവനും വിഷ്ണുവും ദേവന്മാരോടു കൂറും അസുരന്മാരോട് അകൽച്ചയും ഉള്ളവരായിരുന്നു. ശുക്രാചാര്യന് ഉൽകൃഷ്ടവിദ്യ ഉപദേശിച്ചു കൊടുക്കാൻ ശിവൻ വൈമുഖ്യം കാണിച്ചത് അതുകൊണ്ടായിരുന്നു.
മന്ത്രവും തന്ത്രവും സമാന്തര വിദ്യകളാണ്. മന്ത്രലാഭം തേടി തന്നെ സമീപിച്ച ശുക്രനോട് തലകീഴായി തൂങ്ങിക്കിടന്നു ധൂമപാനം ചെയ്യാനാണ് ശിവൻ ഉപ ദേശിച്ചത്. ശ്രീരാമന്റെ കാലത്ത് ദണ്‍ഡകാരണ്യത്തിൽ തലകീഴായി തൂങ്ങിക്കിടന്നു ധൂമപാനം നടത്തിയ ശംബുകന്റെ കഥ ഇവിടെ കൂട്ടിവായി ക്കേണ്ടതുണ്ട്.
പരിണാമ സിദ്ധാന്തവും അവതാര കഥകളും
അമീബയിൽ തുടങ്ങി മനുഷ്യനിൽ എത്തിനിൽക്കുന്ന ജീവപരിണാമമാണ് ഡാർവിന്റെ പരിണാമസിദ്ധാത്തിൽ വിശദീകരിക്കുന്നത്. ഈ പരിണാമഗതി മനുഷ്യനിലെത്തിയപ്പോഴേക്കും നിലച്ച്ചുപോയതെന്തേ? അതിമാനുഷരിലേക്ക് ആ പരിണാമം എന്തുകൊണ്ട് തുടർന്നില്ല? ഉത്തരം തരാൻ ഡാർവിന്റെ സിദ്ധാ ന്തത്തിനാവുന്നില്ല.
അവതാരകഥകൾ സൂക്ഷ്മമായി പരിശോധിച്ചാൽ അവിടെയും ഒരു പരിണാമ വളർച്ച കണ്ടെത്താനാകും. ഈ പരിണാമം പ്രാകൃത മനുഷ്യനിലേക്കുള്ള ഒരു പരിണാമമാണെന്നു മാത്രം.
മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ....
ഇതാണല്ലോ അവതാരക്രമം.
ഇതിൽ മീനിലും, ആമയിലും, പന്നിയിലും പ്രത്യക്ഷ നര സാന്നിദ്ധ്യമില്ല . പക്ഷേ, സൂക്ഷ്മമായി പരിശോധിച്ചാൽ നരന്റെ പ്രതീക മൂർത്തികളാണവ എന്നു മന സ്സിലാക്കാം.
കൃതമാലാനദിയിൽ കുളിക്കാനിറങ്ങിയ സത്യവൃതമനുവിനെ അഭയം പ്രാപി ച്ച ചെറു മൽസ്യമാണല്ലോ മത്സ്യാവതാര കഥയിലെ നായകൻ. പെരുമൽസ്യ ങ്ങളിൽ നിന്നും തന്നെ രക്ഷിക്കണമെന്ന് ആ ചെറുമൽസ്യം മനുവിനോടപേക്ഷി ച്ചു.മനു രക്ഷിച്ചു. ചെറുതിനെ തിന്നു വിശപ്പടക്കുന്ന മത്സ്യ നീതി ഇവിടെ തിരു ത്തൽ പ്രക്രീയക്ക് വിധേയപ്പെട്ടു. നരഭോജികളുടെ കിരാത നീതിയിൽ നിന്നും മാനവീകതയിലൂന്നിയ പുതിയൊരു സംസ്കൃതിയുടെ മുന്നേറ്റ മുഹൂർത്ത മായി ഈ കഥാസന്ദർഭത്തെ വ്യാഖ്യാനിക്കാം.
കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിവുള്ള ഉഭയജീവിയാണ് ആമ. കര യിലും ജലാശയങ്ങളിലും ആധിപത്യമുറപ്പിച്ച് അതിജീവനകലയിൽ മുന്നേറി യ പ്രാകൃത മനുഷ്യന്റെ പ്രതീകമാണ് അവതാര മൂർത്തിയായ കൂർമ്മം.
നരന്റെ ഉടലിൽ സിംഹശിരസ്സുള്ള വിചിത്ര ജീവിയാണ് നരസിംഹം.മൃഗീയത വിട്ടുമാറാത്ത മനുഷ്യന്റെ പ്രതീക മൂർത്തിയാണത്.
വാമനാവതാര കാലമായപ്പോഴേക്കും ബൗദ്ധീകമനുഷ്യന്റെ പിറവിക്കു തുടക്ക മായി. ക്രമേണ മുതലാളിത്തവും സാമ്രാജ്യത്തവും ഉച്ചകോടിയിലെത്തി.നൂറ് അശ്വമേധയാഗങ്ങൾ നടത്തി മഹാബലി ഇന്ദ്രപദവി തട്ടിയെടുത്തു.
ഭാഗവത മതപ്രകാരം ബലിയുടെ കാലത്താണ് പാലാഴി മഥനം നടന്നത്. അമൃതി നുവേണ്ടിയുള്ള ദേവാസുര യുദ്ധത്തിൽ ബലി കൊല്ലപ്പെട്ടു. ശുക്രാചാര്യർ മൃതസഞ്ജീവനി പ്രയോഗിച്ച് ബാലിക്ക് പുനർജന്മം നൽകി. പ്രതികാര ബുദ്ധി യോടുകൂടി ബലി ഭരണം തുടർന്നു. ദേവന്മാര്ക്കും ബ്രാഹ്മണർക്കും നൽകി പ്പോന്നിരുന്ന ആനുകൂല്യങ്ങളെല്ലാം പിൻവലിച്ചു. ശുക്രാചാര്യരുടെ ഉപദേശ പ്രകാരം ബലി വിശ്വവിത് യാഗം നടത്തി. ത്രിലോകാധിപത്യമാ യിരുന്നു ലക്‌ഷ്യം. ഈ സന്ദർഭത്തിലാണ് വാമനാവതാരം നടക്കുന്നത്.
പ്രതിയോഗിയെ വകവരുത്തി നഷ്ടപ്രതാപം തിരിച്ചു പിടിക്കുക എന്നുള്ളതാ യിരുന്നു വാമനന്റെ അവതാര ലക്‌ഷ്യം. ബ്രഹ്മൻ ഭിക്ഷുവിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന വാമനൻ ഭോഗസംസ്കൃതിക്കെതിരെ ശബ്ദമുയർത്തിയ ബൗദ്ധീക മനുഷ്യന്റെ പ്രതീകമാണ്.
മഴുവേന്തിയ പരശുരാമൻ പൂർണ്ണവളർച്ചയെത്തിയ മനുഷ്യനായാണ് അവത രിച്ചത്. മഴു മരം മുറിക്കാനുള്ള ആയുധമാണ്. കാട്ടുസംസ്കാരത്തിൽ നിന്നും നാട്ടുസംസ്കാരത്തിലേക്കുള്ള പ്രയാണത്തിന്റെ ദശാസന്ധിയാണ് പരശുരാ മാവതാരം പ്രതീകവൽക്കരിക്കുന്നത്.
പരശുരാമന്റെ പിൻഗാമി ശ്രീരാമനാണ്. കാലാതിവർത്തിയായ രാമായണമാണ് രാമാവതാരത്തെ പ്രകീർത്തിക്കുന്ന ആദികാവ്യം. സാഹിത്യാദി കലാരൂപങ്ങൾക്ക് ബീജാവാപം നടന്ന യുഗസന്ധ്യയിലാണ് രാമാവതാരം നടക്കുന്നത്.
അമ്പും വില്ലുമേന്തിയ ശ്രീരാമനെയാണ് പുരാണങ്ങളിൽ നാം പരിചയപ്പെടുന്ന ത്. കാടുകൾ വെട്ടി ഗ്രാമങ്ങളും നഗരങ്ങളുമുണ്ടാക്കി സ്ഥിരവാസം തുടങ്ങിയ മനുഷ്യൻ ജീവിതം മെച്ചപ്പെടുത്താനുള്ള തന്ത്രങ്ങൾ ഓരോന്നായി ആവിഷ്ക്ക രിച്ചു. കടന്നാക്രമണങ്ങളും പ്രത്യാക്രമണങ്ങളും സർവ്വസധാരണമായിത്തീർന്നു .പുതിയ പുതിയ ആയുധങ്ങളും പുതിയ പുതിയ യുദ്ധമുറകളും കാലത്തിന്റെ അനിവാര്യതകളായിതീർന്നു. മഴുവിൽ നിന്നും അമ്പും വില്ലിലേക്കുമുള്ള മാറ്റം ഇതാണ് സൂചിപ്പിക്കുന്നത്.
നാനാവിധങ്ങളായ രാഷ്ട്രീയ വ്യാപാരങ്ങളിൽ ഏർപ്പെട്ട ശ്രീരാമൻ രാമരാജ്യം സ്ഥാപിച്ച് പതിനോരായിരം സംവത്സരക്കാലം ഭരണം നടത്തിയത്രെ!
ശ്രീരാമനുശേഷം വന്ന അവതാരപുരുഷൻ ബലഭദ്രനായിരുന്നു. കലപ്പയായി രുന്നു അദ്ദേഹത്തിന്റെ ആയുധം. കാർഷീകാധിഷ്ടിത സാമ്പത്തീക വ്യവസ്ഥിതി യുടെ വ്യാപന കാലഘട്ടത്തെയാണ് ഹലായുധൻ പ്രതിനിധാനം ചെയ്യുന്നത്.
ഒൻപതാമത്തെ അവതാരപുരുഷനായി ബലഭദ്രന്റെ അനുജൻ കൃഷ്ണൻ പ്രത്യക്ഷപ്പെട്ടു. പശുപാലനായ കൃഷ്ണൻ കൃഷിയുടെയും പശുപാലനത്തി ന്റെയും അനുപൂരകത്വത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കാർഷീകവൃത്തിയുടെ വക്താക്കളും പ്രയോക്താക്കളുമായിരുന്ന രാമകൃഷ്ണ ന്മാർ പൂരകശക്തികളായി വർത്തിച്ചു. പക്ഷേ, അവരുടെ രാഷ്ട്രീയ നിലപാടു കൾ വിരുദ്ധധ്രുവങ്ങളിലായിരുന്നു.
കുരുക്ഷേത്ര യുദ്ധം ഒഴിവാക്കാൻ ബലരാമൻ പരമാവധി ശ്രമങ്ങൾ നടത്തിനോ ക്കി. ഒന്നും ഫലിക്കാതെ വന്നപ്പോൾ നിരാശനായി നൈമിശീകാരന്യത്തിലേക്ക് അദ്ദേഹം പുറപ്പെട്ടു പോയി. ദുര്യോധനനും ഭീമനും തമ്മിൽ ഗദായുദ്ധം മൂർച്ഛി ച്ച പ്പോൾ യുദ്ധക്കളത്തിൽ പാഞ്ഞെത്തിയ രാമൻ അവരെ പിൻതിരിപ്പിക്കാൻ പരമാവധി ശ്രമം നടത്തിനോക്കി. ദുര്യോധനനെ തുടയ്ക്കടിച്ചു വീഴ്ത്തിയ ഭീമനെ വധിയ്ക്കാൻപോലും ഒരുമ്പെട്ടു ആ ധീരൻ.
കൃഷ്ണന്റെ നിലപാട് .മറ്റൊന്നായിരുന്നു . പാർത്ഥസാരഥിയായി അദ്ദേഹം യു ദ്ധത്തിൽ പങ്കു ചേർന്നു. ഗീതോപദേശം നടത്തി അർജുനനെ പ്രോത്സാഹിപ്പിച്ചു. ദുര്യോധനവധത്തിൽ ഭീമന് ഗൂഢ ഉപദേശം നൽകി തുണച്ചു.
ചുരുക്കിപ്പറഞ്ഞാൽ, മൽസ്യാവതാരത്തിൽ തുടങ്ങി കൃഷ്ണാവതാരത്തിൽ എത്തി നിൽക്കുന്ന അവതാരകഥകളിൽ ബൗദ്ധീക മനുഷ്യന്റെ അനുക്രമാമാ യൊരു വളർച്ച ദർശിക്കാനാകുന്നു. പക്ഷേ, ഈ വളർച്ച അധികാരരാഷ്ട്രീയ ത്തിന്റെ അക്ഷവലയത്തെ ഭേദിച്ചു മുന്നേറുന്നില്ല എന്നു മാത്രം.