Friday, 25 April 2014

 

 

സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ തടവിലാക്കിയ കഥ

ഒരിക്കൽ ബ്രഹ്മാവ്‌ സൗഹൃദ സന്ദർശനത്തിനായി കൈലാസത്തിലെത്തി.ആ സമയം ഗോപുരവാതിലിന്റെ കാവൽച്ചുമതല സുബ്രഹ്മണ്യനായിരുന്നു. 

ഗോപുര കവാടത്തിൽ സുബ്രഹ്മണ്യനെ കണ്ടെങ്കിലും കുമാരനെ മാനിക്കാതെ ബ്രഹ്മാവ്‌ അകത്തു കടക്കാൻ ശ്രമിച്ചു. പരുഷവാക്കുകൾ ചൊരിഞ്ഞ് സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ തടഞ്ഞു.

ഉള്ളിൽ ദേഷ്യം തോന്നിയെങ്കിലും അത് പുറത്തു കാട്ടാതെ താൻ ബ്രഹ്മാവാ ണെന്ന് ആഗതൻ അറിയിച്ചു. 

"അതെയോ? താങ്കൾ മഹാനായ വേദപണ്‍ഡിതനാണല്ലോ. ഋഗ്വേദത്തിലെ പ്രഥമ ശ്ലോകം ഒന്നു ചൊല്ലുക."

അൽപം ധിക്കാരത്തോടുകൂടി സുബ്രഹ്മണ്യൻ   പറഞ്ഞു.
 ബാലന്റെ  കുസൃതി ചോദ്യം കേട്ട് ബ്രഹ്മാവ് ഒന്നു പുഞ്ചിരിച്ചു. ഋഗ്വേദത്തിലെ പ്രഥമ ശ്ലോകം ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു.

"ഓം" എന്നതിന്റെ അർഥം ഒന്നു വ്യാഖ്യാനിക്കുക." ഒട്ടും കൂസാതെ തന്നെ സുബ്രഹ്മണ്യൻ പറഞ്ഞു. അതു കേട്ട് ബ്രഹ്മാവ്‌ ഒന്നു പരുങ്ങി.

"വീരബാഹൂ.... ഇദ്ദേഹത്തെ കാരാഗൃഹത്തിൽ അടയ്ക്കുക!"

കിങ്കരനെ വിളിച്ചു സുബ്രഹ്മണ്യൻ കല്പിച്ചു. വീരബാഹു സൃഷ്ടിദേവനെ തുറുങ്കിൽ അടച്ചു.

ഭൂതഗണങ്ങൾ വിവരം ശിവനെ ധരിപ്പിച്ചു.

"ആരവിടെ? നന്ദികേശനോട് ഉടൻ നമ്മെ മുഖം കാണിക്കാൻ പറയുക."

ശിവൻ ഭൂതഗണങ്ങൾക്ക് ആജ്ഞ കൊടുത്തു.

അടുത്ത നിമിഷം നന്ദികേശൻ കൈലാസനാഥന്റെ മുന്നിൽ വണങ്ങി നിന്നു.

"ബ്രഹ്മാവിനെ തടങ്കലിൽ നിന്ന് മോചിപ്പിച്ചു ക്ഷമാപണം നടത്താൻ കുമാര നോട് നാം കല്പിച്ചതായി പറയുക."

ശിവൻ ആജ്ഞാപിച്ചു.

നന്ദികേശൻ സുബ്രഹ്മണ്യകുമാരന്റെ മുന്നിൽ ചെന്നു വണങ്ങിയ ശേഷം പിത്രുകല്പന അറിയിച്ചു. പക്ഷേ കൈലാസനാഥന്റെ ഉത്തരവനുസരിക്കാൻ സുബ്രഹ്മണ്യൻ കൂട്ടാക്കിയില്ല.

വിവരമറിഞ്ഞ് ശിവൻ ഗോപുരവാതുക്കൾ നേരിട്ടെഴുന്നെള്ളി  ബ്രഹ്മാവിനെ മോചിപ്പിക്കാൻ പുത്രനോട് ആജ്ഞാപിച്ചു. യാതൊരു എതിരും പറയാതെ സുബ്രഹ്മണ്യൻ അനുസരിച്ചു.

"ധിക്കാരീ, ഓംകാരത്തിന്റെ അർഥം നീ തന്നെ വ്യാഖ്യാ നിക്കുക. നിന്റെ വ്യാഖ്യാനപാടവം എനിക്കൊന്നു ബോധ്യപ്പെടട്ടെ."

കോപത്തോടു കൂടി ശിവൻ കല്പിച്ചു. 

"പിതാവേ, ഓംകാര മന്ത്രം അത്യന്തം പവിത്രമാണെന്നും അത് പരസ്യമായി വെളിപ്പെടുത്താനുള്ളതല്ലെന്നും അവിടുന്ന് മാതാവിനെ ഉപദേശിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ സ്ഥിതിക്ക് ബ്രഹ്മദേവന്റെ   മുന്നിൽ വച്ച് അങ്ങയെ ഞാനതെ ങ്ങനെ വ്യാഖ്യാനിച്ചു കേൾപ്പിക്കും? "

വിനയപുരസരം സുബ്രഹ്മണ്യൻ ചോദിച്ചു.

"നീ ഇപ്പോൾ ചോദിച്ചത് ന്യായമായ ചോദ്യം തന്നെ. ഓംകാരത്തിന്റെ അർഥം നീ എന്റെ കാതിൽ പറഞ്ഞു കേൾപ്പിക്കുക."

ശിവൻ പറഞ്ഞു.

"ഓം" എന്നത് പ്രണവമന്ത്രത്തെ കുറിക്കുന്നു. "പ്ര" എന്നതിന് "വിശേഷപ്പെട്ടത്" എന്നാണ് അർഥം. "ണവം" എന്നതിന് "നിത്നൂതനം " എന്ന് അർഥം പറയാം. ചിന്തിക്കുംതോറും പുതിയ പുതിയ ആശയങ്ങൽ രൂപം കൊള്ളുന്നത്‌ എന്നാണ് ഓംകാര മന്ത്രത്തിന്   അർഥം."

സുബ്രഹ്മണ്യൻ ശിവന്റെ കാതിൽ മന്ത്രപ്പൊരുൾ വ്യാഖ്യാനിച്ചു കേൾപ്പിച്ചു. പുത്രന്റെ വ്യാഖ്യാന പാടവത്തിൽ കൈലാസനാഥൻ അഭിമാനം കൊണ്ടു. ബ്രഹ്മദേവൻ ജാല്യതയോടുകൂടി തല ചൊറിഞ്ഞു നിന്നു.

പുനർവായന                                             

പുരാനവയനയുടെ  സാങ്കേതീക ജ്ഞാനമില്ലത്തവരെ സംബന്ധിച്ചിടത്തോളം തികച്ചും അസംബന്ധവും യുക്തിഹീനവും ദുർഗ്രാഹ്യവുമായൊരു കഥയാ ണിത്. പാരായണജ്ഞാനികളെ  സംബന്ധിച്ചാണെങ്കിൽ ആലോചനാമൃതവും   കൗതുകകരവുമായൊരു സൽക്കഥയും.

സൌഹൃദ സന്ദർശനാർഥം സംഹാരമൂർത്തിയുടെ  ഭവനത്തിൽ മുൻ‌കൂർ അനുമതിയില്ലാതെ കടന്നു ചെല്ലുന്ന സൃഷ്ടിദേവനെ   ഗോപുരകവാടത്തിൽ കാവൽക്കാരൻ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും കാരഗൃഹത്തിലടയ്ക്കുകയും ചെയ്യുന്ന നാടകീയ മുഹൂർത്തത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

കാവൽക്കാരനായി    പ്രത്യക്ഷപ്പെടുന്നത്‌   ശിവപുത്രനായ സുബ്രഹ്മണ്യനും സന്ദർശകനായി എത്തുന്നത്‌ സാക്ഷാൽ ബ്രഹ്മദേവനുമാണ്.

ലജിസ്ലേച്ചറിന്റെ   പ്രതീകമൂർത്തിയായി  ബ്രഹ്മാവിനെയും ജുഡീഷ്യറിയുടെ പ്രയോഗമൂർത്തിയായി     സുബ്രഹ്മണ്യനെയും മനസ്സിൽ പ്രതിഷ്ടിച്ചുകൊണ്ട് നമുക്കീ കഥ പുനർവായനയ്ക്കെടുക്കാം.

മുൻ‌കൂർ അനുമതിയില്ലാതെ തികച്ചും അനൗദ്യോഗികമായൊരു   കൂടിക്കാഴ്ച്ച ക്കുവേണ്ടിയാണ്  ബ്രഹ്മദേവൻ ശിവസന്നിധിയിൽ എത്തിയത്. ഉന്നതസ്ഥാനങ്ങ ളിൽ ഇരിക്കുന്നവർക്കു   ചേർന്ന പെരുമാറ്റരീതിയല്ല ഇത്. സുബ്രഹ്മണ്യന്റെ  കർത്തവ്യബോധം അതിനെ നിരുൽസാഹപ്പെടുത്തി.
                           
താനേർപ്പെട്ടിരിക്കുന്ന കൃത്യനിർവഹണത്തിന്റെ   ഗൗരവം മനസ്സിലാക്കാതെ, തന്നെ അവഗണിച്ചു ശിവസന്നിധിയിൽ കടക്കാൻ ബ്രഹ്മദേവൻ നടത്തിയ ശ്രമത്തെ സുബ്രഹ്മണ്യൻ തടഞ്ഞു. അജ്ഞതയിൽ നിന്നും ഉടലെടുത്ത ധിക്കാരമായി ബ്രഹ്മാവിന്റെ പ്രവൃത്തിയെ സുബ്രഹ്മണ്യൻ വിലയിരുത്തി. 

ഋഗ്വേദത്തിലെ പ്രഥമ മന്ത്രം ഉരുവിടാൻ ബ്രഹ്മാവിനോട് ആവശ്യപ്പെട്ട സുബ്ര ഹ്മണ്യൻ മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന പ്രയോഗ തന്ത്രമാണ് നടപ്പിലാക്കി യത്.

സകലവിധ സൃഷ്ടികളുടെയും കർത്താവായ ശിവൻ വേദജ്ഞൻ കൂടിയാകാതെ  തരമില്ലല്ലോ. നിലമറന്ന് കാര്യഗൌരവമില്ലതെയാണ് അദ്ദേഹം പ്രവർത്തിച്ചത്. കളങ്കമില്ലാത്ത ജുഡീഷ്റിയുടെ പ്രതീകമെന്ന നിലയിൽ സുബ്രഹ്മണ്യൻ ഇവിടെ പ്രതികരിച്ചു.

അറിവിന്റെ സോപാനമെന്ന നിലക്കാണ് ഋഗ്വേദത്തിലെ പ്രഥമ മന്ത്രം ഇവിടെ വ്യാഖ്യാനിക്കപ്പെടെണ്ടത്.  കേവലമൊരു കാവല്ക്കരനിൽ നിന്നും അപ്രതീക്ഷി തമായി നേരിടേണ്ടി വന്ന ജ്ഞാനപരീക്ഷ്ക്കുമുന്നിൽ ബ്രഹ്മാവൊന്നു പരുങ്ങി.

തന്റെ മുന്നിൽ നില്ക്കുന്നതാരാണെന്നറിഞ്ഞുകൊണ്ടുതന്നെ   വിട്ടുവീഴ്ചയില്ലാതെ പെരുമാറുന്ന സുബ്രഹ്മണ്യൻ കറ  കളഞ്ഞ ജുഡീഷ്യറി യുടെ  പ്രയോക്താവായി ശോഭിക്കുന്നു.

                                       
കാരാഗൃഹത്തിൽ നിന്ന് ബ്രഹ്മാവിനെ മോചിപ്പിക്കാനുള്ള നിർദ്ദേശവുമായെ ത്തുന്ന   നന്ദികേശൻ ആധുനിക കോടതി സംവിധാനങ്ങളിലെ ശക്തനായൊരു അ ഭിഭാഷകന്റെ   പ്രതീകമാണ്.

സാക്ഷാൽ പരമേശ്വരൻ നേരിട്ടെഴുന്നെള്ളി ബ്രഹ്മാവിനെ മോചിപ്പിക്കുവാൻ ആജ്ഞാപിക്കുമ്പോൾ എതിർപ്പുകൂടാതെ സുബ്രഹ്മണ്യൻ അനുസരിക്കുന്നുണ്ട്.കീഴ്ക്കോടതി വിധിക്കെതിരെയുള്ള മേൽക്കൊടതിയുടെ ഇടപെടൽ ഇവിടെ പ്രതീകവൽക്കരിക്കപ്പെട്ടിരിക്കുന്നു.

ഓം കാരത്തിന്റെ അർഥവ്യാഖ്യാനം   നടത്താൻ ശിവൻ സുബ്രഹ്മണ്യനോടാവ ശ്യപ്പെടുന്നതും , സുബ്രഹ്മണ്യൻ അതിവിദഗ്ധമായി അർഥവ്യാഖ്യാനം നടത്തു ന്നതും സൂക്ഷ്മ തലങ്ങളിൽ മനസ്സിരുത്തി മനനം ചെയ്യേണ്ടതുണ്ട്.

വിശിഷ്ടമായതെന്തും നിത്യനൂതനങ്ങളാണെന്ന  വ്യാഖ്യാനത്തിന് കാലാതീത പ്രസക്തിയുണ്ട്.

കുറ്റമറ്റ വ്യവസ്ഥിതികളുടെ പരിപാലനത്തിനായി നിയമനിർമ്മാണച്ചുമതല വഹിക്കുന്നവരും നീതിനിർവ്വഹണച്ചുമതല വഹിക്കുന്നവരും നിക്ഷ്പക്ഷത യോടും സത്യസന്ധതയോടും കൂടി പൂരകശക്തികളായി വർത്തിക്കണമെന്നുള്ള മഹത്തായ സന്ദേശം ഈ സാങ്കൽപീക കഥയിലൂടെ വിളംബരം ചെയ്യപ്പെട്ടിരി ക്കുന്നു.

ത്രിമൂർത്തികളിൽ വിഷ്ണുവിന്റെ പ്രത്യക്ഷ സാന്നിദ്ധ്യം ഈ കഥയിൽ കടന്നു വരുന്നില്ല. എങ്കിൽപ്പോലും കാര്യനിർവഹണമേഖലയുടെ പരോക്ഷസാന്നിധ്യം നിറഞ്ഞു നില്ക്കുന്നതായി കാണാം.

ബ്രഹ്മാവ്‌ കാരാഗൃഹത്തിലടക്കപ്പെട്ടു എന്ന വിവരം ശിവന്റെ മുന്നിൽ റി പ്പോർട്ട് ചെയ്യുന്ന വീരബാഹുവും ദേവന്മാരും നന്ദികേശനുമൊക്കെ കാര്യ നിർവഹണച്ചുമതലയിൽ സജീവ സാന്നിധ്യം വിളിച്ചോതുന്നുണ്ട്.

വേദങ്ങൾ അറിവിന്റെ പരിണാമവളർച്ചയുടെ അടയാളങ്ങളാണ്. വ്യാഖ്യാന  ങ്ങൾ ബൗദ്ധീക വികാസത്തിന്റെ പ്രയാണവീഥികളും.

പുരാണങ്ങൾ നിത്യനൂതനങ്ങളായ ആശയങ്ങളുടെ ഖനികളാണ്. ഖനനവും മന നവുംഅനസ്യൂതം തുടരേണ്ട ബൗദ്ധീക പ്രക്രീയകളും. ഇപ്പറഞ്ഞ സന്ദേശങ്ങളാ ണ് ബ്രഹ്മാവിനെ തടങ്കലിലാക്കിയ സുബ്രഹ്മണ്യന്റെ കഥ വിളംബരം ചെയ്യു ന്നത്.

                        **********
                                      




No comments:

Post a Comment