ലോക പിതൃ ദിനം ( 2014 )
മുന്നുര
(മദ്യപിച്ചെത്തിയ മകൻ അമ്മയുടെ മുടിക്കെട്ടിൽ കുത്തിപ്പിടിച്ചു. അച്ഛൻ മകനെ തലക്കടിച്ചു കൊന്നു.) പത്രവാർത്ത
ആറു പതിറ്റാണ്ടിനു മുൻപ്
അവൻ ബാലനായിരുന്നു.
അച്ഛന്റെ തലവട്ടം കണ്ടാൽ
പഞ്ചപുച്ഛമടക്കി
അവൻ ഒതുങ്ങി കൂടുമായിരുന്നു.
കണക്കുമാഷിന്റെ
കയ്യില നിന്നും
ചൂരൽ കഷായം
കണ്ണുമടച്ച്
അവൻ വാങ്ങിക്കുടിച്ചിരുന്നു.
അമ്മയുടെ മുഖത്തു നോക്കി
എതിർവാക്കുകൾ
അവൻ പറഞ്ഞിട്ടില്ല.
നാല് പതിറ്റാണ്ടുമുമ്പ്
അവൻ അച്ഛനായി.
മകനെ അവൻ
അതിരറ്റു ലാളിച്ചു.
കണക്കുമാഷിന്റെ
ചൂരൽപ്രയോഗമേറ്റ്
കരിനീലിച്ച പാടുകൾ
മകന്റെ തുടയിൽ കണ്ട്
അവനിലെ അച്ഛൻ
പൊട്ടിത്തെറിച്ചു.
അവൻ കോടതി കയറി.
''വിദ്യാർഥികളെ അധ്യാപകർ
ദേഹോപദ്രവമേൽപ്പിച്ചു കൂടാ''
കോടതി ഉത്തരവിട്ടു.
അവൻ തുള്ളിച്ചാടി.
മകൻ വളർന്നു.....
ഒരിക്കലവൻ
മകനെ ശാസിച്ചു.
മകൻ ഇടഞ്ഞു;
അവൻ മകന്റെ കരണത്തടിച്ചു.
മകൻ കോടതി കയറി.
''മക്കളെ രക്ഷിതാക്കൾ
ശിക്ഷിച്ചു കൂടാ.''
കോടതി ഉത്തരവിട്ടു.
മകൻ തുള്ളിച്ചാടി.
രണ്ടു പതിറ്റാണ്ടുമുമ്പ്
മകൻ അച്ഛനായി.
ഇന്ന് മകനു പ്രായം ഇരുപത്.
ലോകമെമ്പാടും
പിതൃദിനാഘോഷത്തിന്റെ
ഹർഷാരവങ്ങൾ.....
അവനും അവളും
പൂജാമുറിയിൽ ....
മകന്റെ മകൻ
പൂജാമുറിയിൽ ചാടിക്കയറി
അവളുടെ മുടിക്കുത്തിൽ
കടന്നു പിടിച്ചു.
വിളക്ക് തല്ലിക്കെടുത്തി
അവളെപുറകിലേക്ക് തള്ളി
അവൻ മദ്യപിച്ചിട്ടുണ്ടായിരുന്നു.
അവനു സമനില തെറ്റി
നിലവിളക്കെടുത്തു
കൊച്ചുമകന്റെ തല
അവൻ തല്ലിത്തകർത്തു.
അവൻ തല ചുറ്റി വീണു
തല ചുറ്റി അവളും
മീതേ പതിച്ചു.
No comments:
Post a Comment