ഞാൻ എന്നെ തിരിച്ചറിയുന്നു ........?
"ആരാണ് നീ?"
ആരോ ചോദിച്ചു.
നിലക്കണ്ണാടിയുടെ മുന്നിൽ
ഞാൻ ചെന്നു നിന്നു.
"അത് നീയല്ല."
ആരോ പറഞ്ഞു.
ഞാൻ കണ്ണുകൾ പൂട്ടി.
അന്ധകാരം എന്നെ വലയം ചെയ്തു.
ഞാൻ കണ്ണുകൾ തുറന്നു
ലോകം എനിക്കു മുന്നിൽ പ്രകാശിതമായി.
"നീ പ്രകാശമാകുന്നു.
നീ സ്നേഹമാകുന്നു.
നീ അറിവാകുന്നു.
ഇരുളും വെളിച്ചവും
നന്മയും തിന്മയും
സമന്വയിച്ചാൽ
അത് നീയാകുന്നു.
ലോകത്തിന്റെ സ്വത്വം
നിന്നിൽ എനിക്കു കാണാം."
ആരോ പറഞ്ഞു.
എന്റെ ചലനങ്ങളിൽ സ്നേഹഭാവങ്ങൾ ദൃശ്യമാണോ?
എന്റെ പ്രവൃത്തികളിൽ അറിവിന്റെ പ്രകാശമുണ്ടോ?
നന്മയുടെ വെളിച്ചവും, തിന്മയുടെ ഇരുട്ടും
എന്നിൽ ആകാരം പൂണ്ടു നില്ക്കുന്നുവോ?
ചോദ്യങ്ങൾ പുറത്തേക്കു വരുന്നില്ല;
അവ തൊള്ളക്കുഴിയിൽ ഉടക്കി നിൽക്കുന്നു.
നിലക്കണ്ണാടിയും എവിടെയോ അപ്രത്യക്ഷമായി.
No comments:
Post a Comment