Thursday, 5 June 2014

PADAVI ADIMATHAMAANU (POEM)

പദവി അടിമത്തമാണ്‌

പണ്ടൊക്കെ പദവിക്കമ്പം
എനിക്കുമുണ്ടായിരുന്നു 
ഇന്ന് 
പദവിയെ ഞാൻ ഭയക്കുന്നു
പദവി അടിമത്തമാണ്‌ 
പദവി കയ്യാളുന്നവന്
സ്വാതത്ര്യം നഷ്ടപ്പെടുന്നു 
അവൻ അധികാരികളുടെ 
ചട്ടുകമായി ചുരുങ്ങിപ്പോകുന്നു.

THARKKAVUM VITHARKAVUM (POEM)

 

 

 

 

തർക്കവും വിതർക്കവും





അറിയാനറിയിച്ചു വീണ്ടുമറിയാൻ 
തർക്കത്തിനോളമൊക്കില്ല മറ്റൊന്നും.
തർക്കത്തിനായിട്ടു പാടില്ല തർക്കം 
തർക്കം വിവേകിക്കു ജ്ഞാനായുധം

നന്നായറിയാതറിയിപ്പു വേലയ്ക്കു 
കൊപ്പുകൂട്ടുന്നവൻ ബുദ്ധിഹീനൻ 
വിതർക്കം ജളന്മാർക്കു ഭൂഷണമോർക്കുക
ജ്ഞാനി വെടിയും വിതർക്ക ബുദ്ധി 

പാടില്ല താർക്കിക ബുദ്ധിയിൽ ശത്രുത 
സ്നേഹം പുലരേണ്ട ഭൂമികയാണത്
ജ്ഞാനം വിളമ്പാൻ, രുചിച്ചു ഗ്രഹിക്കാനും 
സൗഹൃദം തന്നെയാണുത്തമമെപ്പൊഴും.

Sunday, 1 June 2014

Maya2 (POEM)

 

 

 

 

മായ 2 

എനിക്ക് ദാഹിക്കുന്നു 
വെള്ളം കുടിക്കണം 
ഉഷ്ണം സഹിക്കാനാവുന്നില്ല 
ഈ കള്ളിച്ചെടിയുടെ തണൽ
എന്നെ തണുപ്പിക്കുന്നില്ല 
വെള്ളം....
വെള്ളം........
എനിക്ക് വെള്ളം കുടിക്കണം
ഈശ്വരാ!
തെളിനീർ പൊയ്കയുടെ
തീരത്തിരുന്നാണോ
വെള്ളത്തിനായി കേഴുന്നത്?
ദാഹം തീരുന്നതു വരെ
കോരി കുടിക്കണം
പിന്നെ മുങ്ങാംകുഴിയിട്ടൊന്നു
മുങ്ങിക്കുളിക്കണം
ഞാൻ കുതിച്ചു.....
പൊയ്ക തൊട്ടു മുന്നിൽത്തന്നെ
 പക്ഷേ എനിക്കവിടെ
എത്താനാവുന്നില്ല
അതാ ഒരു ഈന്തപ്പനയുടെ തണൽ
.................????????????????????????
തല കറങ്ങുന്നു
കണ്ണിൽ ഇരുട്ടു വ്യാപിക്കുന്നു
ശ്വാസം ഉടക്കുന്നു....
.............?????????????????

ദാ ഒരു പോത്ത്!
അതിന്റെ പുറത്തൊരു സത്വം!
സത്വത്തിന്റെ കയ്യിൽ  ഒരു കയർ !
................?????????????
അയ്യോ!
എന്റെ കഴുത്തു ഇറുകുന്നു
ശ്വാസം ഉടക്കുന്നു....
പോത്ത് നടന്നകലുന്നു
എന്നെ വലിച്ചിഴച്ച്
സത്വം അട്ടഹസിക്കുന്നു.......
.................?????????????
സുധാ ...
മോനെ......
എന്ത് പറ്റിയെടാ....?
അമ്മ പുറം തലോടിക്കൊണ്ട് ചോദിക്കുന്നു
......????????
അമ്മ !...
14 വർഷങ്ങൾക്ക് മുൻപ്
മരിച്ചു പോയ അമ്മ!
............/????????
ഞെട്ടിയുണർന്നു
പുതപ്പിനുള്ളിൽ ഞാൻ ചുരുണ്ടു.
"ഭയക്കരുത്
ഇതു മായയുടെ മറ്റൊരു മുഖം"
ഉൾക്കാതിൽ ആരാണത്‌ മന്ത്രിച്ചത്?



Saturday, 31 May 2014

MAYA 1 (POEM)

മായ

1


സ്വപ്നത്തിലെത്തിയ സുന്ദരീ നിൻമുഖം 
കണ്ടൂ സുഷുപ്തിയിലാഴ്ന്നിറങ്ങീടവേ 
നീ തന്ന ചുംബന ചൂടേറ്റുണർന്നു ഞാൻ 
പൗരുഷം കുതികൊണ്ടു നിന്നെ പുണരാൻ 

വാടാമലർ ഗന്ധമെന്തെന്നറിഞ്ഞു 
ചന്ദനലേപ സുഗന്ധം നുകർന്നു
സ്പർശമറിഞ്ഞു, വിരിമാറിൽ മുത്തി നീ
മേനിയിലൊട്ടിയമർന്ന നേരം

കളവാണി കേട്ടു, നീയിക്കിളിക്കൊണ്ടെന്റെ
കാതിലൊരു കിന്നാരം ചൊന്ന നേരം 
രതിസ്വാദുമെന്തെന്നറിഞ്ഞു , രേതസ്സു-
പസ്ഥത്തിൽ നിന്നു സ്രവിച്ച നേരം.

ആലസ്യമാണ്ടുനിൻ പൂമേനി ചേർത്തു 
പിടിക്കുവാനായവേ ഞെട്ടിയുണർന്നു 
സ്വപ്നത്തിൽ കണ്ടതാം സുന്ദരീ, നിൻമുഖം 
കാണാൻ കൊതിച്ചെന്റെ കണ്‍കൾ പരതി 

"മായ,ക്ക് ദൃഷ്ടാന്തം നീ കണ്ട സ്വപ്നം "
ആരാരോ മന്ത്രിച്ചു, ഉൾക്കാതിലങ്ങനെ.

    

Friday, 30 May 2014

Haritha Neerottam (POEM)

 

 

 

 

ഹരിത നീരോട്ടം


"താണ നിലത്തേ നീരോടൂ 
അവിടേ ദൈവം തുണ ചെയ്യൂ"
പൂർവ്വജനാമൊരു കവി ചൊല്ലി
കവിതയിലൂടൊരു ശാസ്ത്ര മതം.

അതുകേട്ടന്നു മനുഷ്യനുണർന്നു 
മണ്‍ഡന മനസ്സിൽ ചിന്ത വളർന്നു 
ചാലുകളുണ്ടായ്‌, തോടുകൾ തീർന്നു;
മഴനീർപ്പാച്ചിലിലരുവി പിറന്നു ;
പുഴകൾ ജനിച്ചു, അവ താഴേക്കൊഴുകി;
ഭൂമി ചിരിച്ചൂ,  അവൾ ഋതുമതിയായ് ....

"ഉയരത്തേക്കും നീരോടും 
തുണയായെത്തും ശാസ്ത്രജ്ഞർ"
അധുനാധനനൊരു കവി ചൊല്ലി 
ഭൗതികതയുടെ ശാസ്ത്ര മതം.

പുതുതലമുറയതു കാതോർത്തു 
ഖണ്ഡന മനസ്സിൽ ചിന്ത വളർന്നു 
കാലമുരുണ്ടൂ, വൈദ്യുതി വന്നു;
പലവിധ യന്ത്രക്കോപ്പുകളുണ്ടായ്;
ഭൂമി കുഴിച്ചു, നീരവരൂറ്റി;
ഉയരത്തേക്കും  നീരോടി ....
ഭൂമി കരഞ്ഞു, അവളൂഷരയായ് 

സംരക്ഷിക്കൂ കുന്നുകൾ നിങ്ങൾ 
കാക്കുക കാടും പുഴയും മേടും 
തീർക്കുക നീർത്തടമാവോളം 
പരിസ്ഥിതി വാദികളുദ്ഘോഷിച്ചു ....

ഇടിച്ചു നിരത്തിയ കുന്നുകളും 
നികത്തിയുയർത്തിയ വയലുകളും 
ചൂണ്ടിക്കാട്ടി കവി ചോദിച്ചു:
"പുനര് സൃഷ്ടിക്കിവിടാരു തയ്യാർ?
തുണയായതിനിവിടാരു വരും?"



Thursday, 29 May 2014

Jeevitham (POEM)

ജീവിതം

നിഗൂഢ! അർത്ഥസംഭരണി സമ്പന്ന-
യലയാഴി ഭീകരി! അത്യഗാധ!
മുത്തൊളിപ്പിക്കുന്നോ,ളുപ്പുകാക്കുന്നോ-
ളൂഴിക്കു കാവലാൾ, നിഷ്കാമിയാണവൾ.

ആഴിയെ നേരിലറിയാതെയാഴി-
പ്പരപ്പിനെ താണ്ടുന്നതെങ്ങനെ നാം?
ചിന്തിച്ചു കണ്ടുള്ളമുള്ളത്തിൽ നിർത്തി 
നിർഭയം മുന്നോട്ടൊരുമിച്ചു നീങ്ങാം.

ആഴപ്പരപ്പും, തിരമാല, കാറ്റും 
ത്രിത്വത്തിലേകത്വമാഴിക്കു സ്വത്വം.
ജീവിതം സാഗര തരണ യജ്ഞം 
മനനം നരൻ കണ്ട ദിവ്യായുധം.

                     

Wednesday, 28 May 2014

Kavitha pirakkunnathu (POEM)

 

 

 

കവിത പിറക്കുന്നതിങ്ങനെയുമാവം.

മനസ്സിനുള്ളിലെ 
വികാര തീവ്രത 
തണുത്തുറഞ്ഞ് 
അറിവിന്റെ 
തലങ്ങൾ തേടുമ്പോൾ
 പുതുവികാരത്തിന്റെ
 തള്ളിച്ചയിൽ
 മനപ്പൂന്തോപ്പിലെ 
വരിയ്ക്ക മാവുകൾ 
തളിരിട്ടു നില്ക്കും. 
തളിരുണ്ട് മതി മറന്ന 
കുയിൽപ്പിടകൾ
കളനാദം   പൊഴിക്കാൻ തുടങ്ങും. 
കവിയുടെ വിരൽത്തുമ്പിൽ 
ഉറക്കം തൂങ്ങിയിരുന്ന പേന
അപ്പോൾ  കർമ്മനിരതനാകും . 
മനോഹരമായ 
ഒരു കവിത 
അവിടെ പിറന്നു വീഴും.