ഹരിത നീരോട്ടം
"താണ നിലത്തേ നീരോടൂ
അവിടേ ദൈവം തുണ ചെയ്യൂ"
പൂർവ്വജനാമൊരു കവി ചൊല്ലി
കവിതയിലൂടൊരു ശാസ്ത്ര മതം.
അതുകേട്ടന്നു മനുഷ്യനുണർന്നു
മണ്‍ഡന മനസ്സിൽ ചിന്ത വളർന്നു
ചാലുകളുണ്ടായ്, തോടുകൾ തീർന്നു;
മഴനീർപ്പാച്ചിലിലരുവി പിറന്നു ;
പുഴകൾ ജനിച്ചു, അവ താഴേക്കൊഴുകി;
ഭൂമി ചിരിച്ചൂ, അവൾ ഋതുമതിയായ് ....
"ഉയരത്തേക്കും നീരോടും
തുണയായെത്തും ശാസ്ത്രജ്ഞർ"
അധുനാധനനൊരു കവി ചൊല്ലി
ഭൗതികതയുടെ ശാസ്ത്ര മതം.
പുതുതലമുറയതു കാതോർത്തു
ഖണ്ഡന മനസ്സിൽ ചിന്ത വളർന്നു
കാലമുരുണ്ടൂ, വൈദ്യുതി വന്നു;
പലവിധ യന്ത്രക്കോപ്പുകളുണ്ടായ്;
ഭൂമി കുഴിച്ചു, നീരവരൂറ്റി;
ഉയരത്തേക്കും നീരോടി ....
ഭൂമി കരഞ്ഞു, അവളൂഷരയായ്
സംരക്ഷിക്കൂ കുന്നുകൾ നിങ്ങൾ
കാക്കുക കാടും പുഴയും മേടും
തീർക്കുക നീർത്തടമാവോളം
പരിസ്ഥിതി വാദികളുദ്ഘോഷിച്ചു ....
ഇടിച്ചു നിരത്തിയ കുന്നുകളും
നികത്തിയുയർത്തിയ വയലുകളും
ചൂണ്ടിക്കാട്ടി കവി ചോദിച്ചു:
"പുനര് സൃഷ്ടിക്കിവിടാരു തയ്യാർ?
തുണയായതിനിവിടാരു വരും?"
No comments:
Post a Comment