അശ്വത്ഥാമാ ഹത:
അശ്വത്ഥാമാ ...
അശ്വത്ഥാമാ....
അശ്വത്ഥാമാ......
ധർമ്മാത്മജന്റെ വിലാപധ്വനി!
നേർത്തു നേർത്തുയിരറ്റ ദീനധ്വനി !!
അസ്ത്രം തൊടുത്തു പിടിച്ച പെരുവിരൽ
ത്തുമ്പൊന്നയഞ്ഞു - ദ്രോണചിത്തം കലങ്ങി :
ആയുധം തേർത്തട്ടിൽ വച്ചു മഹാഗുരു.
കബന്ധങ്ങൾ തുള്ളിയുറയുന്നു മുന്നിൽ!
കൂളികളാർത്തു മദിക്കുന്നു ചുറ്റും!!
പുത്രന്റെ ശിരസ്സറ്റ ദേഹത്തു ചുണ്ടുക-
ളാഴ്ത്തുന്നു, കൊത്തി വലിക്കുന്നു കഴുകുകൾ!
കാണുന്നതൊക്കെയും ഭീകര ദൃശ്യങ്ങൾ
കാണുന്നതൊക്കെയും ഭീകര ദൃശ്യങ്ങൾ
കണ്ണുകൾ പൂട്ടിയടച്ചു ഭാരദ്വജൻ ...
"സാരഥിയറിയേണ്ടതശ്വരക്ഷാവിധി
കുതിരാലയത്തിലാണതിനുള്ള ശിക്ഷണം.
ഗർദ്ദഭയൊനിയിലശ്വം പിറക്കാൻ
ഉദയം പടിഞ്ഞാറു ദിക്കിൽ നടക്കണം .
ക്ഷത്രിയർക്കെന്നിയെ ധനുർവിദ്യ മറ്റാർക്കു
മേകുവാൻ വിധിയില്ല - നാമെന്തു ചെയ്യും ?''
ഗൂഡോക്തികൾ ചൊല്ലി നെഞ്ചു വിരിച്ചതാ
കൂസാതെ നിൽക്കുന്നു മുന്നിൽ സൂര്യാത്മജൻ .
''ഉന്മാദമസ്തകത്തോടുപൊടിഞ്ഞൊരു
കുഞ്ചരൻ കൊമ്പു കുത്തിച്ചെരിഞ്ഞു!
ഗൂഡമായാവാർത്ത ചൊല്ലീ യുധിഷ്ഠിരൻ
പുത്രൻ മരിച്ചെന്നു തെറ്റിദ്ധരിച്ചതാ
കർമ്മവീര്യം ചോർന്നു നിൽക്കുന്നു ദ്രോണർ!
ഒരു ദീന പശ്ചാത്തലത്തിൽ മുഴങ്ങിയ
വ്യക്തിനാമധ്വനിക്കിത്ര സ്വാധീനമോ?
വില്ലാളിവീരൻ നിഷാദക്കിടാത്തന്റെ
കർമ്മമർമ്മം മുറിച്ചൂറിച്ചിരിച്ചപ്പോൾ
ഉള്ളു കുളിർപ്പിച്ച ഗരളത്തിളപ്പിന്റെ
യാവേഗമെങ്ങു പോയ്? ഉന്മാദമെങ്ങു പോയ്?''
വഗായുധങ്ങളയക്കുന്നു ക്രുദ്ധനായ്
പെരുവിരൽ ഛെദിച്ചു മാനസ്സാചാര്യനു
ദക്ഷിണ നൽകിയോനതുല പ്രഭാവൻ.
മിഴി പൂട്ടി യോഗനിദ്രയിലാഴുവാൻ
ഏറെപ്പണിപ്പെട്ടു ദ്രോണമഹാഗുരു
കാർ മൂടി വാനമിരുണ്ടു കറുത്തു;
പ്രചണ്‍ഡ ധൂളീക്കൊടുംകാറ്റ് വീശി;
പാഞ്ഞടുക്കുന്നതാ ധൃഷ്ടദ്യുമ്നൻ
തീയിൽ പിറന്നവൻ, പാഞ്ചാലനന്ദനൻ !
നിമിഷാർദ്ധ നേരം - കൊടുവാളുയർന്നു;
കേട്ടൂ വിലാപം! ഘ്രുതാചീ വിലാപം!
കൊണ്ടൽമറ നീക്കിയില്ല ദിനച്ചക്ഷു
കുരുക്ഷേത്ര ഭൂമി ശ്മശാന മൂകം.
No comments:
Post a Comment